കൊളംബോ : ശ്രീലങ്കയില്‍ സർക്കാർ വിരുദ്ധ പ്രക്ഷോഭം ശക്തമായതോടെ പ്രധാനമന്ത്രി പദം ഒഴിയുമെന്ന് പ്രഖ്യാപിച്ച് റെനിൽ വിക്രമസിംഗെ. രാജ്യത്തെ പൗരരുടെ സുരക്ഷ ഉറപ്പാക്കാനും സര്‍ക്കാരിന്‍റെ തുടർച്ചയ്‌ക്കും വേണ്ടിയാണ് തന്‍റെ രാജിയെന്ന് അദ്ദേഹം അറിയിച്ചു. ട്വീറ്റിലൂടെയാണ് വിക്രമസിംഗെ ഇക്കാര്യം പ്രഖ്യാപിച്ചത്.
സർവകക്ഷിയുടെ നേതൃത്വത്തിലുള്ള സർക്കാരിന് വഴിയൊരുക്കാനുള്ള പാർട്ടി നേതാക്കളുടെ ശുപാര്‍ശ മികച്ചതാണ്. അത് താൻ അംഗീകരിക്കുന്നുവെന്നും അദ്ദേഹം ട്വീറ്റില്‍ കുറിച്ചു. അതേസമയം, വേൾഡ് ഫുഡ് പ്രോഗ്രാം ഡയറക്‌ടർ ഈ ആഴ്‌ച രാജ്യം സന്ദർശിക്കുമെന്ന് അദ്ദേഹം നേരത്തേ അറിയിച്ചിരുന്നു. രാജ്യത്ത് ഇന്ധനവിതരണം ഈ ആഴ്‌ച പുനരാരംഭിക്കാനിരിക്കെ ആയിരുന്നു ഇക്കാര്യം അറിയിച്ചത്.
ALSO READ|ശ്രീലങ്കയിൽ പ്രതിസന്ധി രൂക്ഷം; പ്രസിഡന്‍റിന്‍റെ വസതി കയ്യേറി പ്രതിഷേധക്കാർ, വസതി വിട്ട് തടിതപ്പി ഗോതബായ രാജപക്‌സെ
കടത്തെ തുടര്‍ന്നുള്ള പ്രതിസന്ധി കണക്കിലെടുത്താണ് താൻ ഇതിനായി പ്രവര്‍ത്തിച്ചതെന്നും ശ്രീലങ്കൻ പ്രധാനമന്ത്രി നേരത്തെ പ്രസ്‌താവനയിൽ പറഞ്ഞിരുന്നു. അതേസമയം, ശ്രീലങ്കയിൽ പ്രതിഷേധക്കാർ പ്രസിഡന്‍റ് ഗോതബായ രാജപക്‌സെയുടെ വസതി ശനിയാഴ്‌ച കൈയ്യേറി. പ്രതിഷേധക്കാർ വീട് കൈയ്യേറുന്നതിന് മുൻപ് രാജപക്‌സെ വീട് വിട്ടിരുന്നു.
അദ്ദേഹം രാജ്യം വിട്ടതായാണ് സംശയം. സുരക്ഷാസേനയെ മറികടന്നാണ് പ്രതിഷേധക്കാർ വസതി കൈയ്യേറിയത്. കിടപ്പുമുറിയും അടുക്കളയും പ്രതിഷേധക്കാർ വളഞ്ഞതായാണ് വിവരം. ഭരണപക്ഷത്തിന് എതിരെ ശനിയാഴ്‌ച വിദ്യാർഥി, യുവജന, വനിത സംഘടനകളടക്കം സംയുക്ത പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്‌തിരുന്നു. ഇത് കണക്കിലെടുത്താണ് പ്രക്ഷോഭം ആരംഭിക്കുന്നതിന് മുൻപ് രാജപക്‌സെ നാടുവിട്ടത്.
അതിക്രമിച്ച് കടക്കാൻ ശ്രമിച്ച് പ്രക്ഷോഭകര്‍ :രാജ്യത്ത് നടക്കുന്ന പ്രതിഷേധങ്ങൾക്കിടെ, ശ്രീലങ്ക-ഓസ്ട്രേലിയ മത്സരം നടക്കുന്ന ഗോൾ ഇന്‍റർനാഷണൽ സ്റ്റേഡിയത്തിൽ അതിക്രമിച്ച് കടക്കാൻ ശ്രമിച്ച് പ്രക്ഷോഭകര്‍. എന്നാൽ, സുരക്ഷ ഉദ്യോഗസ്ഥർ പ്രതിഷേധക്കാരെ തടഞ്ഞു. ഇത് സംഘര്‍ഷത്തിനും കാരണമായി. രാജപക്‌സെയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ആയിരക്കണക്കിന് വരുന്ന പ്രതിഷേധക്കാർ സ്റ്റേഡിയത്തിലേക്ക് നടന്നടുക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
പ്രതിഷേധക്കാരിൽ ചിലർ സ്റ്റേഡിയത്തിന് പുറത്ത് നിലയുറപ്പിച്ചപ്പോൾ, മറ്റ് ചിലർ ഗോൾ ഫോർട്ടിലേക്ക് പോയി. ശ്രീലങ്കൻ പതാക പിടിച്ചും ഹെൽമറ്റ് ധരിച്ചുമാണ് പ്രതിഷേധക്കാൻ സ്റ്റേഡിയത്തിലേക്ക് എത്തിയത്. പ്രതിഷേധക്കാരുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് പൊലീസുകാർ ഉൾപ്പടെ 30 പേർക്ക് പരിക്കേറ്റു.