വാഷിങ്ടൺ:ഖാലിസ്ഥാൻ അനുകൂല സംഘടനയായ വാരിസ് പഞ്ചാബ് ദി നേതാവ് അമൃത്പാൽ സിങ്ങിനെ പഞ്ചാബ് പൊലീസ് പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചിട്ട് ഒരാഴ്‌ച പിന്നിടുമ്പോള്‍ വിവിധ രാജ്യങ്ങളിൽ ഖലിസ്ഥാൻ അനുകൂല പ്രതിഷേധം ശക്തമാകുന്നു. അമേരിക്ക, യുകെ, കാനഡ എന്നീ രാജ്യങ്ങളിൽ നൂറ് കണക്കിന് ഖലിസ്ഥാൻ അനുകൂല വാദികളാണ് ആക്രമണം അഴിച്ചു വിട്ടത്.
ഇന്ത്യൻ എംബസിക്ക് നേരെ പ്രതിഷേധം:ഖാലിസ്ഥാൻ അനുകൂലി സംഘം ഇന്ത്യൻ എംബസിക്ക് നേരെ പ്രതിഷേധം നടത്തി. യുഎസ് രഹസ്യാന്വേഷണ വിഭാഗത്തിന്‍റെയും പ്രാദേശിക പൊലീസിന്‍റെയും സമയോചിതമായ ഇടപെടൽ മൂലം ലണ്ടനിലെയും സാൻ ഫ്രാൻസിസ്കോയിലെയും ആക്രമണത്തിന് സമാനമായ സംഭവങ്ങള്‍ ആവർത്തിച്ചില്ല.
ശനിയാഴ്‌ച വാഷിങ്ടൺ ഡിസിയിലെ ഇന്ത്യൻ എംബസിക്ക് പുറത്ത് തടിച്ചുകൂടിയ വിഘടനവാദി സിഖുകാർ, യുഎസിലെ ഇന്ത്യൻ അംബാസഡർ തരൺജിത് സിങ് സന്ധുവിനെതിരെ അധിക്ഷേപകരമായ ഭാഷയിൽ സംസാരിക്കുകയും പരസ്യമായി ഭീഷണിപ്പെടുത്തുകയും ചെയ്‌തു. എന്നാൽ പ്രതിഷേധസമയത്ത് അംബാസഡർ എംബസിയിൽ ഉണ്ടായിരുന്നില്ല. പ്രതിഷേധക്കാർ റോഡിന് സമീപമുള്ള കെട്ടിടത്തിന്‍റെ ജനലുകളും ഗ്ലാസുകളും തകർക്കുകയും അക്രമാസക്തരാകുകയും ചെയ്‌തു.
കാര്യങ്ങൾ നിയന്ത്രണാതീതമായേക്കാമെന്ന് മനസിലാക്കിയ രഹസ്യാന്വേഷണ വിഭാഗവും ലോക്കൽ പൊലീസും സുരക്ഷ ശക്തിപ്പെടുത്തുകയും കൂടുതൽ സേനയെ വിന്യസിക്കുകയും ചെയ്യുകയായിരുന്നു. മാർച്ച് 21നായിരുന്നു യുഎസിലെ ഇന്ത്യൻ കോൺസുലേറ്റിന് നേരെ ഖലിസ്ഥാൻ അനുകൂലികൾ ആക്രമണം നടത്തിയത്. കോൺസുലേറ്റ് ആക്രമണത്തിൽ പ്രക്ഷോഭകാരികൾ ഗ്ലാസ് ഡോറുകളും മറ്റും അടിച്ചു തകർത്തിരുന്നു. സംഭവത്തെ തുടർന്ന് ഇന്ത്യയിലെ യുഎസ് പ്രതിനിധികളെ ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിക്കുകയും ചെയ്‌തു.
ഇന്ത്യൻ വംശനായ മാധ്യമപ്രവർത്തന് നേരെ ആക്രമണം:ഇന്ത്യൻ എംബസിക്ക് നേരെ നടന്ന ഖലിസ്ഥാൻ അനുകൂല പ്രതിഷേധം റിപ്പോർട്ട് ചെയ്യാനെത്തിയ ഇന്ത്യൻ വംശനായ മാധ്യമപ്രവർത്തന് നേരെ ഖലിസ്ഥാൻ വാദികളുടെ ആക്രമണം. പ്രതിഷേധം റിപ്പോർട്ട് ചെയ്യുന്നതിനിടെ അക്രമികൾ മാധ്യമ പ്രവർത്തകനായ ലളിത് ഝായുടെ കരണത്ത് അടിക്കുകയായിരുന്നു.