തിരുവനന്തപുരം:കേരളത്തില്‍ നിന്ന് ജോലി തേടി വിദേശങ്ങളിലെത്തിയ ആയിരങ്ങളെപ്പോലെ രണ്ടു പേര്‍. സബിതയും മീര മോഹനനും. ഗാസ മുനമ്പിനടുത്തുള്ള നിര്‍ ഓസില്‍ ജോലി നോക്കുന്ന രണ്ട് മലയാളി യുവതികളാണ്. അസാധാരണ സാഹചര്യത്തില്‍ പ്രകടിപ്പിച്ച അസാധാരണ ധൈര്യവും മനസ്സാന്നിധ്യവും ഇവരെ ഇന്ന് ലോകത്തിന്‍റെയാകെ ശ്രദ്ധയിലെത്തിച്ചിരിക്കുകയാണ്.
ഇന്ത്യന്‍ അമാനുഷിക വനിതകള്‍ എന്ന് വിശേഷിപ്പിച്ച് ഇന്ത്യയിലെ ഇസ്രയേലി എംബസ്സി തന്നെയാണ് ഇവരുടെ സാഹസികതയെക്കുറിച്ചുള്ള വിവരം ലോകത്തോട് പങ്കുവെച്ചത്. ഹമാസിന്‍റെ ആക്രമണത്തിനിടെ ഇസ്രയേലി വൃദ്ധദമ്പതികളുടെ ജീവന്‍ രക്ഷിച്ച മലയാളി യുവതികളുടെ സാഹസിക പ്രവൃത്തിയെയാണ് ഇസ്രയേല്‍ അഭിനന്ദിച്ചത്. അക്രമികളെക്കണ്ട് പകച്ചു പോകാതെ തടഞ്ഞു നിര്‍ത്തി വയോധിക ദമ്പതികളെ രക്ഷിച്ച ഈ മലയാളി യുവതികളാണ് ഇപ്പോള്‍ രാജ്യാന്തര തലത്തില്‍ത്തന്നെ താരങ്ങള്‍.
പശ്ചിമേഷ്യയിലെ തീവ്രസംഘര്‍ഷ മേഖലയായ ഗാസയിലായിരുന്നു ജോലി തേടി സബിതയും മീരയും എത്തിച്ചേര്‍ന്നത്. കെയര്‍ ടേക്കര്‍മാരെന്ന നിലയില്‍ രോഗി പരിചരണമായിരുന്നു ഇരുവരുടേയും തൊഴില്‍ രംഗം. ഇസ്രയേല്‍ സ്വദേശികളായ വൃദ്ധ ദമ്പതികളെയായിരുന്നു ഇവര്‍ക്ക് നോക്കാനുണ്ടായിരുന്നത്. എഎല്‍എസ് അഥവ മസ്തിഷ്കത്തിലേയും സുഷുമ്‌നയിലേയും നാഡി വ്യൂഹങ്ങള്‍ തകരാറിലായതു കാരണം കൈകാലുകളുടെ നിയന്ത്രണവും ചലന ശേഷിയും നഷ്ടമാകുന്ന രോഗം ബാധിച്ച വൃദ്ധയേയും അവരുടെ ഭര്‍ത്താവിനേയുമായിരുന്നു ഇവര്‍ പരിചരിച്ചിരുന്നത്. കുഴപ്പങ്ങളൊന്നുമില്ലാതെ നാളുകള്‍ കഴിയുന്നതിനിടയിലാണ് നിനച്ചിരിക്കാതെ രണ്ടാഴ്ച മുമ്പ് ഇവരുടെ വീട്ടു പടിക്കല്‍ അക്രമികളെത്തിയത്.
സംഭവം സബിത വിവരിക്കുന്നത് ഇങ്ങനെയാണ്... "ഒക്ടോബര്‍ ഏഴിന് രാവിലെ ആറരയോടെ അപായ സൈറന്‍ മുഴങ്ങുന്നതാണ് ആദ്യം കേട്ടത്. ഉടനെ ഞങ്ങള്‍ സുരക്ഷ മുറിയിലേക്ക് ഓടി. അതിനിടെ വൃദ്ധ ദമ്പതികളുടെ മകളുടെ ഫോണ്‍ കോള്‍ വന്നു. ഞങ്ങള്‍ താമസിക്കുന്നിടത്ത് കാര്യങ്ങള്‍ കൈവിട്ടു പോയിരിക്കുകയാണെന്നും വാതിലുകളെല്ലാം ഭദ്രമായി അടക്കണമെന്നും അവര്‍ നിര്‍ദ്ദേശിച്ചു. ഏതാനും മിനിട്ടുകള്‍ക്കുള്ളില്‍ത്തന്നെ ഞങ്ങളുടെ വാസ സ്ഥലത്തേക്ക് അക്രമികള്‍ ഇരച്ചെത്തി. അതുവരെ സംഘര്‍ഷത്തിന്‍റെ യാതൊരു ലക്ഷണവുമില്ലാതിരുന്നതിനാല്‍ അത്തരമൊരു മിന്നലാക്രമണം ആരും പ്രതീക്ഷിച്ചതായിരുന്നില്ല.
അക്രമികള്‍ നിര്‍ത്താതെ വെടിയുതിര്‍ത്ത് വീടിന്‍റെ വാതിലുകള്‍ തകര്‍ക്കാന്‍ ശ്രമിച്ചു. ആക്രമണത്തില്‍ കെട്ടിടത്തിന്‍റെ ചില്ലുകള്‍ തകര്‍ന്നു. എന്തു ചെയ്യണമെന്നറിയാന്‍ ഞങ്ങള്‍ വീണ്ടും അവരുടെ മകളെ വിളിച്ചു. സുരക്ഷ മുറിയുടെ വാതില്‍പ്പിടി തുറക്കാനനുവദിക്കാതെ കാത്തുസൂക്ഷിക്കാന്‍ അവര്‍ നിര്‍ദ്ദേശിച്ചു.