ലണ്ടൻ: സൽമാൻ റുഷ്‌ദിക്കെതിരായ ആക്രമണത്തെ അപലപിച്ചതിന് സാഹിത്യകാരി ജെ കെ റൗളിങ്ങിന് വധഭീഷണി. "ഭയപ്പെടുത്തുന്ന വാർത്ത. റുഷ്‌ദിക്ക് നേരെയുണ്ടായ ആക്രമണത്തെ കുറിച്ച് കേട്ടപ്പോൾ അസ്വസ്ഥത തോന്നി. അദ്ദേഹം വേഗം സുഖം പ്രാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു" എന്ന ജെ.കെ റൗളിങ്ങിന്‍റെ ട്വിറ്റർ സന്ദേശത്തിന് മറുപടിയായാണ് വധഭീഷണി ലഭിച്ചത്. "വിഷമിക്കേണ്ട, അടുത്തത് നിങ്ങളാണ്" എന്നതായിരുന്നു ഭീഷണി സന്ദേശം.
റുഷ്‌ദിയെ ആക്രമിച്ച ഹാദി മാതർ എന്നയാളെ ഇയാൾ പ്രശംസിക്കുകയും ചെയ്‌തു. "വിപ്ലവകാരിയായ ഷിയാ പോരാളി" എന്നായിരുന്നു ഇയാൾ മാതറിനെ വിശേഷിപ്പിച്ചത്. കമന്‍റിന്‍റെ സ്‌ക്രീൻഷോട്ട് പങ്കിട്ട റൗളിങ് ട്വിറ്ററിനോട് പിന്തുണ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ കമന്‍റിൽ ട്വിറ്റർ നിയമങ്ങളുടെ ലംഘനമില്ല എന്നായിരുന്നു പ്രതികരണം. സംഭവത്തിൽ നൽകിയ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പിന്നീട് റൗളിങ് ട്വിറ്ററിൽ കുറിച്ചു.
ഹാരി പോട്ടർ ഫിലിം ഫ്രാഞ്ചൈസിക്ക് പിന്നിലെ സ്റ്റുഡിയോയായ വാർണർ ബ്രോസിന്‍റെ ഉടമസ്ഥതയിലുള്ള വാർണർ ബ്രോസ് ഡിസ്‌കവറി റൗളിങ്ങിനെതിരായ ഭീഷണികളെ അപലപിച്ച് രംഗത്തെത്തി. തങ്ങൾ റൗളിങ്ങിനൊപ്പവും സർഗ്ഗാത്മകതയും അഭിപ്രായങ്ങളും ധീരമായി പ്രകടിപ്പിക്കുന്ന എല്ലാ രചയിതാക്കൾക്കും കഥാകൃത്തുക്കൾക്കും സ്രഷ്‌ടാക്കൾക്കും ഒപ്പവും നിൽക്കുന്നു. അഭിപ്രായ സ്വാതന്ത്ര്യത്തിലും സമാധാനപരമായ സംവാദത്തിലും പൊതുരംഗത്ത് തങ്ങളുടെ കാഴ്‌ചപ്പാടുകൾ പ്രകടിപ്പിക്കുന്നവരെ പിന്തുണയ്‌ക്കുന്നതിലുമാണ് തങ്ങൾ വിശ്വസിക്കുന്നതെന്നും വാർണർ ബ്രോസ് ഡിസ്‌കവറി പറഞ്ഞു.