ജെറുസലേം: ഗാസ മുനമ്പില്‍ നിന്നും പൊട്ടിപുറപ്പെട്ട ഹമാസ് ആക്രമണത്തിന് പിന്നാലെ ഇസ്രയേല്‍ തിരിച്ചടി തുടങ്ങിയതോടെ ഇരുരാജ്യങ്ങളും തമ്മില്‍ കനത്ത പോരാട്ടമാണ് തുടരുന്നത്. ഇസ്രയേല്‍ പോര്‍ വിമാനങ്ങള്‍ ഹമാസിന് നേരെ തീ തുപ്പുമ്പോള്‍ നിരവധി നിരപരാധികളാണ് കൂട്ടക്കൊല ചെയ്യപ്പെടുന്നത്. ഹമാസിന്‍റെ ഭരണ കേന്ദ്രങ്ങളില്‍ അടക്കം ഇസ്രയേല്‍ ആക്രമണം നടത്തി (Israel And Hamas Attack).
കരയുദ്ധത്തിലേക്കെന്ന സൂചന നല്‍കി ഇസ്രയേല്‍ തങ്ങളുടെ കരുതല്‍ സേനയിലെ 3 ലക്ഷത്തോളം വരുന്ന അംഗങ്ങളെ ഗാസയില്‍ വിന്യസിച്ചു. അതേസമയം ഇസ്രയേലിലേക്ക് 4500ല്‍ അധികം റോക്കറ്റുകളാണ് ഹമാസ് തൊടുത്തു വിട്ടത്. ഇരു രാജ്യങ്ങളും തുടരുന്ന ദശകങ്ങളായുള്ള ആക്രമണത്തിലും കുടിപകയിലും വെല്ലുവിളി നേരിടുന്നത് സാധാരണക്കാരായ ജനങ്ങളാണ് (Israelis Narrate Israel And Hamas Attack Impact).
യുദ്ധം നാശം വിതക്കുമ്പോള്‍ ഇരുരാജ്യങ്ങളിലെയും ജനജീവിതം ദുസഹമായി കൊണ്ടിരിക്കുകയാണ്. ഇസ്രയേലിലേക്കുള്ള ഹമാസിന്‍റെ റോക്കറ്റ് ആക്രമണം രൂക്ഷമായതോടെ സ്വന്തം വീടുകള്‍ ഉപേക്ഷിച്ച് മറ്റിടങ്ങളില്‍ കഴിയേണ്ട അവസ്ഥയിലാണ് ജനങ്ങള്‍. ദിവസങ്ങളോളം നീണ്ടുനില്‍ക്കുന്ന ആക്രമണത്തില്‍ തങ്ങള്‍ ഭയപ്പാടിലാണെന്ന് ഇസ്രയേലിലെ അഷ്‌കെലോണ്‍ സ്വദേശിയായ യാക്കോവ് പറയുന്നു (Hamas Attack From Gaza).
തങ്ങളുടെ വീട് ഉപേക്ഷിക്കേണ്ടി വന്നത് വീടിന് നേരെ റോക്കറ്റ് ആക്രമണം ഉണ്ടായതിനെ തുടര്‍ന്നാണ്. തങ്ങള്‍ക്ക് അഭയമില്ല. റോക്കറ്റ് ആക്രമണത്തില്‍ നിന്നും തങ്ങള്‍ രക്ഷപ്പെട്ടതിന് പ്രാദേശിക ഭരണകൂടത്തിന് നന്ദി അറിയിക്കുകയാണെന്നും അവരാണ് വീട്ടില്‍ നിന്നും മാറി നില്‍ക്കാന്‍ നിര്‍ദേശിച്ചതെന്നും യാക്കോവ് പറഞ്ഞു. താനും ഭാര്യയും 11 വയസുള്ള മകനും രണ്ട് വയസുള്ള മകളുമാണ് വീട്ടിലുണ്ടായിരുന്നത്.