ഇസ്രയേൽ - പലസ്‌തീൻ യുദ്ധം (Israel - Palestine War) രൂക്ഷമാകുമ്പോൾ ചോരക്കളത്തിൽ നിരവധി വിദേശികൾക്കും ജീവൻ നഷ്‌ടമായി. ഇസ്രായേലിൽ ഹമാസ് നടത്തിയ ആക്രമണത്തിൽ ഇതുവരെ എട്ട് ഫ്രഞ്ചുകാർ കൊല്ലപ്പെട്ടതായി ഫ്രഞ്ച് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. 20 ല്‍ അധികം പേരെ കാണാനില്ലെന്നും ഇവരിൽ പലരേയും ബന്ദികളാക്കിയതായും റിപ്പോർട്ടുണ്ട്.
ഇസ്രായേലിന് പിന്തുണ നൽകുമെന്ന് യുഎസ് : ദിവസങ്ങളായി നീണ്ടു നിൽക്കുന്ന സായുധ ആക്രമണത്തിൽ ഇരു രാജ്യങ്ങൾക്കും പിന്തുണ പ്രഖ്യാപിച്ച് മറ്റ് രാജ്യങ്ങളും രംഗത്തെത്തിയിരുന്നു. ഇസ്രായേലിന് പിന്തുണ പ്രഖ്യാപിച്ച യുഎസിന്‍റെ ഫോർഡ് കാരിയർ സ്‌ട്രൈക്ക് ഗ്രൂപ്പ് നിലവിൽ കിഴക്കൻ മെഡിറ്ററേനിയൻ സമുദ്രത്തില്‍ നിലയുറപ്പിച്ചതായും ഇസ്രയേൽ ആവശ്യപ്പെട്ടാൽ വ്യോമ പിന്തുണയോ കൂടുതൽ സൈനികരേയോ നൽകുമെന്നും അറിയിച്ചിട്ടുണ്ട്.
ഇസ്രയേലിന് പിന്തുണ നൽകുന്നതിൽ നിന്ന് പിന്നോട്ടില്ലെന്ന് യുഎസ് പ്രധാനമന്ത്രി ജോ ബൈഡൽ നേരത്തെ തന്നെ അറിയിച്ചിരുന്നു. ദീർഘ ദൂര ആക്രമണങ്ങൾക്കായി ഫോർഡ് കൂടാതെ, ക്രൂയിസർ യുഎസ്എസ് നോർമാൻഡി, യുഎസ്എസ് തോമസ് ഹഡ്‌നർ, യുഎസ്എസ് റാമേജ്, യുഎസ്എസ് കാർണി, യുഎസ്എസ് റൂസ്വെൽറ്റ്, പ്രദേശിക വ്യോമസേനയായ എഫ്-35, എഫ്-15, എഫ്-16, എ-10 എന്നിവയും ഇസ്രയേലിന് വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്.
യുഎസ് പിന്തുണ കൂട്ടക്കൊലയിലേയ്‌ക്ക് നയിക്കുമെന്ന് എർദോഗൻ :ഗാസയിൽ ഇസ്രായേൽ നടത്തിയ പൂർണ ഉപരോധം പലസ്‌തീനികളുടെ മനുഷ്യാവകാശങ്ങൾക്ക് വിരുദ്ധമാണെന്ന് തുർക്കി പ്രസിഡന്‍റ് റജബ് ത്വയ്യിബ് എർദോഗൻ (Recep Tayyip Erdoğan) വാർത്ത സമ്മേളനത്തിലൂടെ വിമർശിച്ചു. കൂടാതെ ഇസ്രയേലിന് വിമാനവാഹിനിക്കപ്പൽ നൽകാനുള്ള അമേരിക്കയുടെ തീരുമാനം കൂട്ടക്കൊലക്ക് കാരണമാകുമെന്നും എർദോഗൻ കുറ്റപ്പെടുത്തി. അതേസമയം, ഇസ്രയേലിനും പലസ്‌തീനുമിടയിൽ മധ്യസ്ഥത വഹിക്കാനും യുദ്ധം അവസാനിപ്പിക്കാനുള്ള തന്‍റെ ശ്രമങ്ങൾ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുദ്ധകാരണം യുഎസ് വിദേശനയത്തിന്‍റെ തകർച്ചയെന്ന് പുടിൻ : ഇസ്രായേൽ - പലസ്‌തീൻ യുദ്ധത്തിന് കാരണം യുഎസ് വിദേശ നയം തകർന്നതാണെന്ന് റഷ്യൻ പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിൻ (Vladimir Putin) കുറ്റപ്പെടുത്തി. ഇരു രാജ്യങ്ങളിലേയും മരണ സംഖ്യ നിലവിൽ 1800 കടന്ന സാഹചര്യത്തിലാണ് പുടിന്‍റെ പരാമർശം. മിഡിൽ ഈസ്റ്റിലെ യുഎസ് നയങ്ങളുടെ പരാജയത്തിന്‍റെ വ്യക്തമായ ഉദാഹരണമാണിതെന്ന് പല രാജ്യങ്ങളും അംഗീകരിക്കുന്നു. ഇരു രാജ്യങ്ങലും തമ്മിലുള്ള ഒത്തുതീർപ്പിന് പകരം യുഎസ് ഇടപെടൽ വിപരീത ഫലമാണ് ഉണ്ടാക്കിയത്. പലസ്‌തീൻ സ്വതന്ത്ര രാഷ്‌ട്രം എന്ന സുപ്രധാന തീരുമാനം കണക്കിലെടുക്കുന്നതിൽ യുഎസ് പരാജയപ്പെട്ടുവെന്നും പുടിൻ പറഞ്ഞു.
ഒത്തുതീർപ്പിനുള്ള ശ്രമം തുടരുമെന്ന് ക്രംലിൻ വക്താവ് : ഇസ്രയേലുമായും പലസ്‌തീനുമായും ഒത്തുതീർപ്പിന് ശ്രമിക്കുമെന്ന് ക്രെംലിൻ വക്താവ് ദിമിത്രി പെസ്‌കോവ് അറിയിച്ചിരുന്നു. പലസ്‌തീൻ നേതാവ് മോസ്‌കോ സന്ദർശിക്കുമെന്നാണ് വിവരം. എന്നാൽ ഈ കൂടിക്കാഴ്‌ച യുദ്ധത്തിന് മുൻപ് തന്നെ തീരുമാനിച്ചതാണെന്ന വാദത്തെ യുക്രെയ്ൻ പ്രസിഡന്‍റ് സെലെൻസ്‌കി (Volodymyr Zelenskyy) എതിർത്തിരുന്നു.