ടെൽ അവീവ്: മസ്ജിദുല്‍ അഖ്സയില്‍ കടന്നുകയറി ആക്രമണം തുടരുന്നതിനിടെ ലോകശ്രദ്ധ ക്ഷണിച്ച് ഇസ്രയേല്‍ മാധ്യമങ്ങള്‍. മസ്ജിദിനുള്ളില്‍ നടക്കുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ലോകം ശ്രദ്ധിക്കണമെന്നും അതിനെതിരെ ശബ്ദം ഉയര്‍ത്തണമെന്നും അല്ലാത്തപക്ഷം അടുത്ത റമാദാനിലും ഇത് ആവര്‍ത്തിക്കുമെന്നുമാണ് ഇസ്രയേലി മാധ്യമങ്ങളുടെ പക്ഷം.
ഇന്നലെയും പള്ളിക്കുള്ളില്‍ ഇസ്രയേല്‍ സൈന്യം അക്രമം അഴിച്ചുവിട്ടിരിന്നു. അതിനിടയിലാണ് മാധ്യമങ്ങളുടെ പ്രസ്താവന. ഈ റമദാനില്‍ ഒരാഴ്ചക്കിടെ മൂന്നാംതവണയാണ് ഇസ്രയേൽ പൊലീസ് പള്ളി വളപ്പിൽ അതിക്രമിച്ചു കയറുന്നത്. റമദാനോടനുബന്ധിച്ച് ആയിരങ്ങൾ മസ്ജിദിലേക്ക് പ്രഭാത പ്രാർഥനക്ക് എത്തുന്ന സമയത്താണ് ഇസ്രയേൽ സേനയുടെ ആക്രമണം. ഇന്നലെ നടന്ന അക്രമത്തില്‍ മൂന്നു പത്രപ്രവർത്തകർ ഉൾപ്പെടെ 31 പലസ്ഥീനികൾക്ക് പരിക്കേറ്റു. കഴിഞ്ഞ വെള്ളിയാഴ്ച ഇസ്രായേൽ സേന നടത്തിയ അതിക്രമത്തിൽ 158 പലസ്ഥീനികൾക്ക് പരിക്കേറ്റിരുന്നു.
ജൂതർ 'ടെമ്പിള്‍ മൗണ്ട്' എന്നു വിളിക്കുന്ന പുണ്യസ്ഥാനവും മസ്ജിദ് സ്ഥിതിചെയ്യുന്ന സ്ഥലത്താണ്. പള്ളിക്കുസമീപം ഭിത്തിക്കപ്പുറത്ത് സ്ഥിതിചെയ്യുന്ന ഈ പ്രദേശത്തേക്ക് അതിക്രമിച്ചു കടന്നതിനാലാണ് പലസ്ഥീൻകാർക്കുനേരെ ബലപ്രയോഗം വേണ്ടിവന്നത് എന്നാണ് ഇസ്രയേലി സൈന്യം പറയുന്നത്.