ടെൽ അവീവ് (ഇസ്രയേൽ): ഹമാസിന്‍റെ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇസ്രയേലികളുടെ എണ്ണം 1,200 ആയി ഉയർന്നതായി റിപ്പോർട്ട് (Israel Hamas Conflict Death Toll). അതേസമയം, ഇസ്രയേൽ പലസ്‌തീനിൽ പ്രത്യാക്രമണങ്ങൾ നടത്തുന്നത് തുടരുകയാണ് (Israel Attack In Gaza). 849 പലസ്‌തീനികൾ ഇതുവരെ കൊല്ലപ്പെട്ടതായും 5,350 പേർക്ക് പരിക്കേറ്റതായും ഗാസയിലെ അധികൃതർ അറിയിച്ചു.
ഗാസ മുനമ്പിലെ പലസ്‌തീൻ കേന്ദ്രങ്ങൾ തകർക്കുന്നത് തുടരുകയാണെന്ന് ഇസ്രയേൽ ഡിഫൻസ് ഫോഴ്‌സ് (ഐഡിഎഫ്) പറഞ്ഞു. ഗാസയിലെ അൽ ഫുർഖാൻ പരിസരത്തുള്ള ഹമാസ് അംഗങ്ങളുടെ 200ലധികം കോട്ടകൾ ഇതിനോടകം തകർത്തതായാണ് റിപ്പോർട്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഈ പ്രദേശത്ത് ഇസ്രയേൽ മൂന്ന് ആക്രമണങ്ങൾ നടത്തിയെന്നും സൈന്യം അറിയിച്ചു.
സാധാരണക്കാരെ ലക്ഷ്യം വയ്‌ക്കരുതെന്ന് പലസ്‌തീൻ: അതേസമയം, സാധാരണക്കാരുടെ ജീവൻ രക്ഷിക്കണമെന്നും അവരെ ലക്ഷ്യം വയ്ക്കുന്നത് ഉടൻ നിർത്തണമെന്നുമാണ് പലസ്‌തീൻ പ്രതിനിധികൾ ഇസ്രയേലിനോട് ആവർത്തിച്ച് ആവശ്യപ്പെടുന്നത്. ഗാസയിൽ 2,50,000-ത്തിലധികം ആളുകൾ അവരുടെ വീടുകളിൽ നിന്ന് പലായനം ചെയ്‌തതായാണ് യുഎൻ റിപ്പോർട്ട്. ഇവരിൽ ഭൂരിഭാഗവും പലസ്‌തീൻ അഭയാർഥികൾക്കായി യുഎൻ ഏജൻസി നടത്തുന്ന സ്‌കൂളുകളിൽ തിങ്ങിനിറഞ്ഞിരിക്കുകയാണ്.
അന്താരാഷ്ട്ര മാനുഷിക നിയമത്തിന്‍റെ എല്ലാ നിയമങ്ങളും ഇസ്രയേൽ ലംഘിക്കുകയാണെന്നാണ് പലസ്തീൻ ആരോപിക്കുന്നത്. അപ്പാർട്ട്‌മെന്‍റ് കെട്ടിടങ്ങൾ, അഭയാർഥി ക്യാമ്പുകൾ, ആശുപത്രികൾ, മറ്റ് മെഡിക്കൽ സൗകര്യങ്ങൾ, യുഎൻആർഡബ്ല്യുഎ സ്‌കൂളുകൾ, പള്ളികൾ, മറ്റ് സിവിലിയൻ സ്വത്തുക്കൾ, വീടുകൾ, റോഡുകൾ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഇസ്രയേൽ ബോധപൂർവം ലക്ഷ്യമിട്ട് ആക്രമണം നടത്തുകയാണ്. ഓരോ നിമിഷവും മരണസംഖ്യ ഉയർന്നുകൊണ്ടിരിക്കുന്നു. കുട്ടികൾക്കും സ്ത്രീകൾക്കുമെതിരെയുള്ള ദ്രോഹം പറഞ്ഞറിയിക്കാനാവാത്തതാണ് എന്നും പലസ്‌തീൻ പ്രതിനിധി പറഞ്ഞു.