കേരളം

kerala

ETV Bharat / international

Iran Morality Police | ഇറാനിൽ വീണ്ടും തെരുവിലിറങ്ങി മതകാര്യ പൊലീസ്; ഹിജാബ് ധരിച്ചില്ലെങ്കിൽ തടങ്കലിലാക്കുമെന്ന് താക്കീത് - ഇസ്ലാമിക ശിരോവസ്‌ത്രം

മഹ്‌സ അമിനിയുടെ മരണത്തെത്തുടർന്നുണ്ടായ പ്രക്ഷോഭങ്ങൾക്ക് പിന്നാലെ ഇറാനിലെ മതകാര്യ പൊലീസിന്‍റെ പ്രവർത്തനം താത്‌കാലികമായി അവസാനിപ്പിച്ചിരുന്നു

Irans morality police return to street  ഇറാൻ മതകാര്യ പൊലീസ്  ഇറാൻ  ഇറാൻ സദാചാര പൊലീസ്  ഇസ്ലാമിക ശിരോവസ്‌ത്രം  ഇറാനിൽ വീണ്ടും തെരുവിലിറങ്ങി മതകാര്യ പൊലീസ്
ഇറാൻ മതകാര്യ പൊലീസ്

By

Published : Jul 16, 2023, 6:19 PM IST

Updated : Jul 16, 2023, 8:23 PM IST

ടെഹ്‌റാന്‍:ഇറാനിൽ 10 മാസങ്ങൾക്ക് ശേഷം വീണ്ടും തെരുവിലിറങ്ങി മതകാര്യ പൊലീസ്. സ്‌ത്രീകളെ ഇസ്‌ലാമിക ശിരോവസ്‌ത്രം ധരിക്കാൻ നിർബന്ധിതരാക്കുന്ന പുതിയ കാമ്പയിൻ ഞായറാഴ്‌ച ഇറാൻ അധികാരികൾ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മതകാര്യ പൊലീസ് വീണ്ടും വാനുകളിൽ തെരുവുകളിൽ പട്രോളിങ് നടത്തിയത്.

പൊതുസ്ഥലത്ത് ഹിജാബ് ധരിക്കാത്ത സ്‌ത്രീകളെ കണ്ടെത്തി അവരെ തടങ്കലിൽ വയ്ക്കുന്ന രീതി മതകാര്യ പൊലീസ് പുനരാരംഭിക്കുമെന്ന് പൊലീസ് വക്താവ് ജനറൽ സയീദ് മൊണ്ടസെറോൾമഹ്ദി വ്യക്‌തമാക്കിയിട്ടുണ്ട്.

ഇക്കഴിഞ്ഞ സെപ്‌റ്റംബറിൽ 22കാരിയായ മഹ്‌സ അമിനിയുടെ മരണത്തെത്തുടർന്ന് ഇറാനിലെ മതകാര്യ പൊലീസിനെതിരെ ആഗോള തലത്തിൽ വലിയ പ്രക്ഷോഭങ്ങളായിരുന്നു അരങ്ങേറിയത്. തുടർന്ന് 2023ന്‍റെ തുടക്കത്തിലാണ് രാജ്യത്തെ പ്രതിഷേധങ്ങൾ ഏറെക്കുറെ അവസാനിച്ചിരുന്നത്.

നാല് പതിറ്റാണ്ടിലേറെയായി ഇറാനെ ഭരിക്കുന്ന സർക്കാരിനെ അട്ടിമറിക്കണണെന്ന് ആഹ്വാനം ചെയ്‌തുകൊണ്ട് നടത്തിയ ബഹുജന പ്രതിക്ഷേധങ്ങൾ നിയന്ത്രിക്കാൻ അധികാരികൾ വളരെയേറെ പണിപ്പെട്ടിരുന്നു. പ്രക്ഷോഭത്തിൽ 500ൽ അധികം പ്രതിഷേധക്കാർ കൊല്ലപ്പെടുകയും 20,000ത്തോളം പേർ തടവിലാക്കപ്പെടുകയും ചെയ്‌തിരുന്നു.

തുടർന്ന് 2022 ഡിസംബറിൽ മതകാര്യ പൊലീസ് പിരിച്ചുവിട്ടതായുള്ള റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. എന്നാൽ ഇത് തെറ്റാണെന്നും നിയമങ്ങളിൽ മാറ്റം വരുത്തിയിട്ടില്ലെന്നും അധികാരികൾ വ്യക്‌തമാക്കുകയായിരുന്നു. എന്നാൽ പ്രതിഷേധത്തെത്തുടർന്ന് മതകാര്യ പൊലീസിന്‍റെ പ്രവർത്തനം താത്‌കാലികമായി അവസാനിപ്പിച്ചിരുന്നു.

ഇതിന് ശേഷം സദാചാര പൊലീസ് തെരുവുകളിൽ വളരെ അപൂർവമായി മാത്രമായിരുന്നു പട്രോളിങ് നടത്തി വന്നിരുന്നത്. മഹ്‌സ അമിനിയുടെ കസ്റ്റഡി മരണത്തിന് പിന്നാലെ ഇറാൻ സർക്കാരിനെ തന്നെ വിറപ്പിച്ച പ്രതിഷേധമായിരുന്നു രാജ്യത്തുടനീളം അരങ്ങേറിയത്. കൂടുതലും സ്‌ത്രീകളായിരുന്നു പ്രതിഷേധത്തിൽ പങ്കെടുത്തിരുന്നത്.

ഇറാനെ വിറപ്പിച്ച പ്രക്ഷോഭം: 'സ്വേച്ഛാധിപത്യം തുലയട്ടെ' എന്ന മുദ്രാവാക്യങ്ങളുമായാണ് പ്രതിഷേധക്കാർ തെരുവിലേക്കിറങ്ങിയത്. 'സ്വാതന്ത്ര്യം, സ്വാതന്ത്ര്യം, സ്വാതന്ത്ര്യം' എന്ന് ഉറക്കെ മുദ്രാവാക്യങ്ങൾ മുഴക്കിക്കൊണ്ട് സ്‌ത്രീകൾ അവരുടെ ശിരോവസ്‌ത്രവും ഹിജാബുകളും അഴിച്ചുമാറ്റി ഉയര്‍ത്തി വീശുകയും കത്തിക്കുകയും ചെയ്‌തിരുന്നു. സിനിമ, കായിക മേഖലകളിലെ പ്രമുഖർ ഉൾപ്പെടെ സമരത്തിൽ പങ്കെടുത്തിരുന്നു.

ഖത്തർ ലോകകപ്പിലുൾപ്പെടെ പ്രതിഷേധം അലയടിച്ചിരുന്നു. ഖത്തര്‍ ലോകകപ്പില്‍ ഇറാന്‍ ഫുട്‌ബോള്‍ ടീം തങ്ങളുടെ ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ ഇറങ്ങിയപ്പോള്‍ ദേശീയഗാനം ആലപിക്കുന്നതിനിടെ നിശബ്‌ദത പാലിച്ചാണ് സര്‍ക്കാരിനെതിരെ തങ്ങളുടെ പ്രതിഷേധം വ്യക്‌തമാക്കിയത്.

എന്നാൽ ജനുവരിയുടെ അവസാനത്തോടെ രാജ്യത്തെ പ്രതിഷേധങ്ങൾ പതിയെ കെട്ടടങ്ങിയിരുന്നു. ഇതിനിടെ ഹിജാബില്ലാതെ പൊതുയിടങ്ങളിൽ പ്രത്യക്ഷപ്പെടുന്ന സ്‌ത്രീകളുടെ എണ്ണം ഉയർന്നതോടെ ഭരണകൂടം വീണ്ടും നടപടികൾ കർശനമാക്കിയിരുന്നു. ശിരോവസ്‌ത്രം ധരിക്കാത്തവരെ കണ്ടെത്തുന്നതിനായി സിസിടിവി ക്യാമറകൾ ഉൾപ്പെടെ അധികൃതർ തെരുവുകളിൽ സ്ഥാപിച്ചിരുന്നു.

ALSO READ :സ്‌ത്രീകളുടെ അവകാശത്തിനായി പോരാട്ടം; ഇറാനിയൻ ഫുട്‌ബോൾ താരത്തെ വധശിക്ഷക്ക് വിധിച്ചതായി റിപ്പോർട്ട്

ഇക്കഴിഞ്ഞ ഏപ്രിലിൽ സ്‌ത്രീകൾ ശിരോവസ്‌ത്രം ധരിച്ചിരിക്കണമെന്ന നിബന്ധന പാലിക്കുന്നതിൽ പരാജയപ്പെട്ടെന്ന പേരിൽ രാജ്യത്തുടനീളം 200ൽ അധികം സ്ഥാപനങ്ങൾ സർക്കാർ പൂട്ടിച്ചിരുന്നു. മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും ഈ സ്ഥാപനങ്ങൾ അവ അവഗണിക്കുകയായിരുന്നു എന്നും അതിനാലാണ് പൂട്ടിച്ചതെന്നുമായിരുന്നു അധികൃതർ നൽകിയ വിശദീകരണം.

Last Updated : Jul 16, 2023, 8:23 PM IST

ABOUT THE AUTHOR

...view details