നിങ്ങൾക്ക് ആത്മാവിനെ കാണണമെങ്കിൽ കമിതാക്കളുടെ ചുണ്ടുകളിൽ നോക്കിയാൽ മതിയെന്ന് വിഖ്യാത കവി ഷെല്ലി ഒരിക്കല്‍ പറഞ്ഞിരുന്നു. പർവതങ്ങൾ ആകാശത്തെ ചുംബിക്കുന്നു, തിരമാലകൾ അന്യോന്യം കെട്ടിപ്പിടിക്കുന്നു, സൂര്യപ്രകാശം ഭൂമിയെ തലോടുന്നു, ചന്ദ്രകിരണങ്ങൾ കടലിനെ ചുംബിക്കുന്നു... എന്നിട്ടും നീ എന്നെ ചുംബിക്കുന്നില്ലെങ്കിൽ ഈ ചുംബനങ്ങൾക്കെല്ലാം എന്ത് വിലയാണുള്ളതെന്ന് ഷെല്ലിയിലൂടെ ഒരു കാമുകൻ ചോദിച്ചിരുന്നു. രണ്ടുപേർ ചുംബിക്കുമ്പോൾ ലോകം മാറുന്നു എന്നു പറഞ്ഞത് കവി ഒക്‌ടേവിയോ പാസ് ആണ്. എന്ത് മഹത്തരമായ വാക്കുകൾ, അല്ലെ?
ഇന്ന് ജൂലൈ 6, ലോകചുംബന ദിനം. കാമാതുരമായ വികാരങ്ങളുടെ പങ്കുവയ്‌ക്കൽ മാത്രമല്ലല്ലോ ചുംബനം? സൗഹൃദങ്ങൾ മുതൽ സംരക്ഷണം വരെ അതിനകത്ത് കുടിയിരിക്കുന്നുണ്ട്. പാശ്ചാത്യർക്ക് പരസ്യമായ ചുംബനങ്ങൾ ഊഷ്‌മളമായ സ്വാഗതമോതലാണ്. പല ദേശങ്ങളില്‍, പല സംസ്‌കാരങ്ങളില്‍ ചുംബനത്തിന്‍റെ അർഥ തലങ്ങൾ പുതിയ മേച്ചിൽപ്പുറങ്ങളിലേക്ക് കൂടുമാറിയിട്ടുണ്ട്.
ഒരു ചുംബനത്തിൽ എല്ലാം തുടങ്ങാൻ സാധിക്കും. ചിലപ്പോൾ നല്ലൊരു സൗഹൃദം, നല്ലൊരു ദാമ്പത്യം. ഒരു ചുംബനത്തിന് സാമൂഹിക ഔപചാരികതയും സ്‌നേഹവും മുതൽ ആളുകൾ തമ്മിലുള്ള പരസ്‌പര ആഗ്രഹം വരെയുള്ള നിരവധി വികാരങ്ങളെ പ്രതിനിധീകരിക്കാൻ കഴിയും. സ്‌നേഹത്തിന്‍റെയും വാത്സല്യത്തിന്‍റെയും ആഴം കാലങ്ങളായി ചുംബനത്തിലൂടെ വെളിപ്പെടുന്നു.
കുട്ടികൾക്കിടയിലുള്ള ആലിംഗനങ്ങളും മുതിർന്നവരുടെ ചുംബനങ്ങളും സ്‌നേഹത്തിന്‍റെ അടയാളങ്ങളായി പറയപ്പെടുന്നു. തിരുനെറ്റിയിൽ പതിയുന്ന അമ്മയുടെ ചുണ്ടുകളിലൂടെയാവാം ജന്മത്തിന് തുടക്കമാവുന്നത്. ആദ്യ ചുംബനത്തിന്‍റെ അനുഭൂതി അമ്മയുടെ ചുണ്ടുകളിൽ നിന്നും നാം അറിയാതെ അറിയുന്നു. ചുംബനങ്ങളിൽ തന്നെയാവാം ഒരുപക്ഷെ ജന്മങ്ങളുടെ ഒടുക്കവും. അവസാന യാത്രയിൽ തണുത്തുറഞ്ഞുകിടക്കുന്ന നെറ്റിയിൽ പൊള്ളുന്ന ചൂടായി ഒരു ചുംബനം വിട നൽകുന്നു.
ചുണ്ടുകളുടെ മാത്രം പ്രവർത്തനമല്ല ചുംബനം. ശരീരം ഒന്നടങ്കം പ്രവർത്തിക്കുമ്പോഴാണ് ഒരു ചുംബനം പൂർണതയിൽ എത്തുന്നത്. ത്വക്കിനുള്ളിലൂടെ തുടങ്ങുന്ന സ്‌പർശത്തിന്‍റെ അനുഭൂതി ഒടുവിൽ നാവിൻ തുമ്പിൽ അവസാനിക്കുന്നു. എന്നാൽ സ്‌നേഹം പ്രകടിപ്പിക്കുന്നതിന് പുറമേ, ചുംബനത്തിന് നിരവധി ആരോഗ്യ ഗുണങ്ങളും ഉണ്ട്. സ്‌നേഹം പ്രകടിപ്പിക്കാനും ബന്ധം ഊഷ്‌മളമാക്കാനുമുള്ള പ്രതീകമായി മാത്രം ചുംബനത്തെ കാണരുത്.
നിങ്ങൾ ഒരു വ്യക്തിയെ ചുംബിക്കുമ്പോൾ, നിങ്ങളുടെ മസ്‌തിഷ്‌കം ഓക്‌സിടോസിൻ, ഡോപാമിൻ, സെറോടോണിൻ എന്നീ രാസവസ്‌തുക്കൾ പുറത്തുവിടുന്നു. ഇത് നിങ്ങളില്‍ സന്തോഷം വിരിയിക്കുകയും ഉത്സാഹഭരിതരാക്കുകയും ചെയ്യുന്നു. കൂടാതെ നിങ്ങളുടെ കോർട്ടിസോളിന്‍റെ അളവ് സന്തുലിതമാക്കാനും ശരീരത്തിലെ സമ്മർദവും ഉത്കണ്‌ഠയും കുറയ്‌ക്കാനും ചുംബനം സഹായിക്കുന്നു.
ചുംബിക്കുമ്പോൾ നിങ്ങളുടെ ഹൃദയമിടിപ്പ് വർദ്ധിക്കും. രക്തക്കുഴലുകൾ വികസിക്കുകയും രക്തയോട്ടം വർദ്ധിപ്പിച്ച് രക്തസമ്മർദ്ദം കുറയ്‌ക്കുകയും ചെയ്യും. ചുംബനം ശരീരത്തിന് സുഖകരമായ ആലസ്യം പ്രദാനം ചെയ്യുന്നു. അമിതമായ രക്തസമ്മർദം, കൊളസ്‌ട്രോൾ, പേശികളുടെ ബലക്ഷയം എന്നിവ കുറയ്‌ക്കാൻ സഹായിക്കുന്ന ഹോർമോണുകളെ ചുംബനം ത്വരിതപ്പെടുത്തുന്നുവെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ആർത്തവം ക്രമമാകാനും ചുംബനം സഹായിക്കുന്നു.
ചുംബനത്തിന്‍റെ ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയെന്ന് നോക്കാം.
കുറയ്ക്കാം ശരീരഭാരം:നിങ്ങളുടെ ശരീരത്തിലെ അനാവശ്യ കലോറികള്‍ ചുംബനം കത്തിച്ചുകളയുമെന്നും അതുവഴി അമിതഭാരം ഇല്ലാതാക്കുമെന്നും വിവിധ പഠനങ്ങള്‍ പറയുന്നുണ്ട്. ലൂസിവില്ലെ യൂണിവേഴ്‌സിറ്റി ഹെല്‍ത്ത് പ്രമോഷന്‍ സെന്‍റര്‍ ഡയറക്‌ടര്‍ ബ്രിയന്‍റ് സ്റ്റാംഫോര്‍ട് പി.എച്ച്.ഡി പറയുന്നത് തീവ്ര വികാരത്തോടെയുള്ള ചുംബനത്തിലൂടെ ഒരു മിനിറ്റില്‍ രണ്ട് കലോറി ഊര്‍ജം കത്തിച്ചുകളയാമെന്നാണ്.