കീവ്: യുക്രൈനിലെ റഷ്യന്‍ അധിനിവേശം 87ാം ദിവസത്തില്‍ എത്തിനില്‍ക്കുമ്പോള്‍ കിഴക്കന്‍ യുക്രൈനിലെ ലുഹാന്‍സ്‌ക് പ്രവശ്യയിലെ സിവിറോഡ്‌വിന്‍സ്‌ക് നഗരം കേന്ദീകരിച്ചാണ് ഇപ്പോള്‍ സംഘര്‍ഷം കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്നത്. റഷ്യന്‍ വംശജര്‍ ഭൂരിപക്ഷമുള്ള ലുഹാന്‍സ് പൂര്‍ണമായി നിയന്ത്രണത്തിലാക്കുകയാണ് റഷ്യന്‍ സൈന്യത്തിന്‍റെ ലക്ഷ്യം. അതേസമയം സൈന്യത്തില്‍ ചേരുന്നതിനുള്ള പ്രായപരിധി റഷ്യ എടുത്തുകളഞ്ഞു.
ലുഹാന്‍സ്‌ക് പിടിച്ചെടുക്കാൻ റഷ്യ; സൈന്യത്തില്‍ ചേരുന്നതിനുള്ള പ്രായപരിധി നീക്കി - ലുഹാന്‍സ്‌കിലെ സംഘര്‍ഷം
മരിയുപോളിലെ ഉരുക്ക് ഫാക്‌ടറിയുടെ പൂര്‍ണ നിയന്ത്രണം സ്വന്തമാക്കിയതായി റഷ്യന്‍ സേന.
40 വയസ് എന്ന പ്രായപരിധിയാണ് റഷ്യ എടുത്ത് കളഞ്ഞത്. ഫിന്‍ലന്‍റും സ്വീഡനും നാറ്റോയില്‍ ചേരുന്നതിനുള്ള സൈനിക പ്രതികരണം ഉണ്ടാകുമെന്ന മുന്നറിയിപ്പും റഷ്യ നല്‍കി. മരിയുപോളിലെ അസോവ്‌സ്റ്റാള്‍ ഉരുക്ക് ഫാക്ടറിയിലെ യുക്രൈന്‍ സൈനികരുടെ പ്രതിരോധം പൂര്‍ണമായും അവസാനിച്ചു.
അസോവ് സ്റ്റാള്‍ ഉരുക്ക് ഫാക്ടറിയുടെ പൂര്‍ണനിയന്ത്രണം തങ്ങള്‍ ഏറ്റെടുത്തതായി റഷ്യ സേന അറിയിച്ചു. യൂറോപ്യന്‍ യൂണിയന്‍ റഷ്യന്‍ അസംസ്‌കൃത എണ്ണയ്‌ക്കും പ്രകൃതി വാതകത്തിനും നിരോധനം ഏര്‍പ്പെടുത്താനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിനിടയിലും റഷ്യയില്‍ നിന്ന് ഇന്ധനങ്ങള്‍ വാങ്ങാനുള്ള വഴികള്‍ ആലോചിക്കുകയാണ് ഇന്ധനങ്ങള്‍ക്കായി അതിയായി റഷ്യയെ ആശ്രയിക്കുന്ന യൂറോപ്പിലെ ജര്‍മനി ഇറ്റലി തുടങ്ങിയ രാജ്യങ്ങള്‍. ജര്‍മനിയും ഇറ്റലിയും റഷ്യന്‍ ഇന്ധനങ്ങള്‍ ഇറക്കുമതി ചെയ്യുന്ന കമ്പനികള്‍ക്ക് റഷ്യന്‍ കറന്‍സിയായ റൂബിളില്‍ ബാങ്ക് അക്കൗണ്ടുകള്‍ ആരംഭിക്കാന്‍ അനുമതി നല്‍കി. ഇന്ധനങ്ങള്‍ക്കുള്ള വില റൂബിളില്‍ നല്‍കണമെന്ന് റഷ്യ ആവശ്യപ്പെട്ടിരുന്നു.