ലണ്ടൻ :മദ്യലഹരിയിലായിരുന്ന യുവതിയെ ഫ്ലാറ്റിലെത്തിച്ച് പീഡിപ്പിച്ച കേസിൽ ഇന്ത്യൻ വംശജനായ വിദ്യാർഥിക്ക് ആറ് വർഷവും ഒൻപത് മാസവും തടവ് ശിക്ഷ. ഇന്ത്യൻ വംശജനായ പ്രീത് വികാലനാണ് (20) കോടതി ശിക്ഷ വിധിച്ചത്. 2022 ജൂണിൽ വെയിൽസിൽ നടന്ന സംഭവത്തിൽ, പ്രതി മദ്യപിച്ച് അബോധാവസ്ഥയിലായ യുവതിയെ റോഡിലൂടെ എടുത്ത് കൊണ്ട് പോകുന്ന ദൃശ്യങ്ങളാണ് കേസിൽ നിർണായകമായത്.
എഞ്ചിനീയറിങ് വിദ്യാർഥിയായ പ്രീത് വികാൽ കാർഡിഫ് സിറ്റി സെന്‍ററിൽ സുഹൃത്തുക്കളുമൊത്ത് രാത്രി യാത്ര ചെയ്യുമ്പോഴാണ് മദ്യപിച്ച് അബോധാവസ്ഥയിലായ യുവതിയെ കണ്ട് മുട്ടിയത്. തുടർന്ന് യുവതിയുമായി പരിചയപ്പെട്ട പ്രതി, യുവതിയെ നിർബന്ധപൂർവം ടാലിബോണ്ടിലെ തന്‍റെ ഫ്ലാറ്റിലേക്ക് കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു.
പരസ്‌പരം പരിചയമില്ലാതിരുന്ന പ്രീതും യുവതിയും വെവ്വേറെ സുഹൃത്തുക്കളുടെ സംഘത്തോടൊപ്പമാണ് സഞ്ചരിച്ചത്. ഇതിനിടെ മദ്യപിച്ച് അബോധാവസ്ഥയിലായതോടെ സുഹൃത്തുക്കളുടെ അടുത്ത് നിന്നും യുവതി മാറിപ്പോയത് പ്രീത് വികാൽ മുതലെടുക്കുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.
അടുത്ത ദിവസം ബോധം വന്നപ്പോഴാണ് താൻ പീഡിപ്പിക്കപ്പെട്ട വിവരം യുവതിക്ക് മനസിലായത്. നഗ്‌നയായി ബെഡിൽ കിടക്കുന്ന രീതിയിലാണ് താൻ ഉണർന്നതെന്നും, ഈ സമയം പ്രതി തന്‍റെ അടുത്ത് കിടക്കുന്നുണ്ടായിരുന്നു എന്നും യുവതി പൊലീസിന് മൊഴി നൽകിയിരുന്നു.
തുടർന്ന് യുവതി പ്രതിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ചോദിച്ച് മനസിലാക്കുകയും തിരികെ മടങ്ങുകയുമായിരുന്നു. പിന്നാലെ വീട്ടിലെത്തിയ യുവതി കഴിഞ്ഞ ദിവസം തങ്ങൾ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിരുന്നോ എന്നും, ഉണ്ടെങ്കിൽ സംരക്ഷണ മാർഗങ്ങൾ ഉപയോഗിച്ചിരുന്നോ എന്നും ചോദിച്ച് കൊണ്ട് പ്രതിക്ക് മെസേജ് അയച്ചു.
ഇതിന് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിരുന്നു എന്നും, സംരക്ഷണ മാർഗങ്ങൾ ഉപയോഗിച്ചിരുന്നില്ല എന്നുമായിരുന്നു വികാലിന്‍റെ മറുപടി. പിന്നാലെ കാര്യങ്ങൾ ബോധ്യപ്പെട്ട യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു. പരാതി നൽകിയ ദിവസം തന്നെ പ്രതിയെ പൊലീസ് പിടികൂടിയിരുന്നു.
നിർണായകമായി സിസിടിവി ദൃശ്യങ്ങൾ : എന്നാൽ തങ്ങൾ ഉഭയ സമ്മതപ്രകാരമാണ് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതെന്നായിരുന്നു പ്രതിയുടെ വാദം. ഇതിനിടെ ഫ്ലാറ്റിലെത്തിച്ച് പീഡിപ്പിച്ച ശേഷം പ്രതി യുവതിയുടെ ചിത്രങ്ങൾ സുഹൃത്തിന് അയച്ച് കൊടുക്കുകയും താൻ ഗർഭ നിരോധന മാർഗങ്ങൾ ഉപയോഗിക്കാൻ മറന്ന് പോയി എന്ന് മെസേജ് ചെയ്യുകയും ചെയ്‌തിരുന്നു. ഇതും കേസിൽ നിർണായക തെളിവായി മാറിയിരുന്നു.
തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി അമിതമായി മദ്യപിച്ച യുവതിയുടെ അവസ്ഥയെ മുതലെടുക്കുകയിരുന്നു എന്ന് മനസിലായത്. ഇയാൾ നടക്കാൻ പോലും കഴിയാതിരുന്ന യുവതിയെ പുലർച്ചെ നാല് മണിയോടെ എടുത്ത് കൊണ്ട് പോകുന്നതും, ഇൻസ്റ്റഗ്രാമിൽ അയച്ച മെസേജുകളും പൊലീസ് തെളിവായി ശേഖരിച്ചു.
ലൈംഗിക ബന്ധത്തിന് സമ്മതിക്കാനാകാത്ത തരത്തിൽ ഇര മദ്യപിച്ചിരുന്നതായി വ്യക്തമായതായി പ്രോസിക്യൂട്ടർ അറിയിച്ചു. വിചാരണ ദിവസം പ്രീത് വികാൽ കുറ്റം നിഷേധിച്ചിരുന്നു. എന്നാൽ സിസിടിവി ദൃശ്യങ്ങളും, മെസേജുകളും ഉൾപ്പെടെ പൊലീസ് നിരത്തിയതോടെ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.