കൊളംബോ:40 മില്യൺ രൂപ വിലമതിക്കുന്ന വിദേശ കറൻസികൾ കടത്താൻ ശ്രമിച്ച ഇന്ത്യൻ വ്യവസായി ശ്രീലങ്കയിൽ പിടിയിൽ. ബണ്ഡാരനായകെ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ (ബിഐഎ) നിന്നും ഞായറാഴ്‌ചയാണ് 45കാരനായ വ്യവസായിയെ സുരക്ഷ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്‌തത്. ഒരു ശ്രീലങ്കന്‍ മാധ്യമമാണ് ഇതുസംബന്ധിച്ച് തിങ്കളാഴ്‌ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
40 മില്യൺ രൂപ വിലമതിക്കുന്ന വിദേശ കറൻസിയുമായി ഇന്ത്യൻ വ്യവസായി ശ്രീലങ്കയിൽ പിടിയിൽ
1,17,000 കനേഡിയൻ ഡോളറും 19,000 യൂറോയുമാണ് വ്യവസായിയുടെ പക്കൽനിന്നും സുരക്ഷ ഉദ്യോഗസ്ഥർ കണ്ടെടുത്തത്.
ബിസിനസ് ആവശ്യങ്ങൾക്കായാണ് ഇയാൾ ശ്രീലങ്കയില്‍ എത്തിയത്. വ്യവസായിയെ സംശയാസ്‌പദമായ സാഹചര്യത്തിൽ കണ്ടെത്തിയതിനെ തുടർന്ന് ഇയാളുടെ സ്യൂട്ട്‌കേസ് പരിശോധിച്ചപ്പോഴാണ് 40 മില്യൺ രൂപ വിലമതിക്കുന്ന 1,17,000 കനേഡിയൻ ഡോളറും 19,000 യൂറോയും സുരക്ഷ ഉദ്യോഗസ്ഥർ കണ്ടെടുത്തത്. എയർപോർട്ട് ഡിപ്പാർച്ചർ പാസഞ്ചർ ടെർമിനലിലെ ടോയ്‌ലറ്റിലേക്ക് ഇയാൾ ചുരുങ്ങിയ സമയത്തിനുള്ളിൽ പലതവണ പോകുന്നത് ഉദ്യോഗസ്ഥർ നിരീക്ഷിച്ചിരുന്നു.
ഇതിനെ തുടർന്നാണ് പരിശോധന നടത്തിയത്. ചെന്നൈയിലേക്കുള്ള ഇൻഡിഗോ വിമാനത്തിലാണ് ഇയാൾ കയറേണ്ടിയിരുന്നത്. കൂടുതൽ ചോദ്യം ചെയ്യലിനായി ഇയാളെയും പിടിച്ചെടുത്ത വിദേശ കറൻസിയും കടുനായകെ വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് കൈമാറി.