ടെക്‌സാസ്: നാല് ഇന്ത്യന്‍ അമേരിക്കന്‍ വനിതകള്‍ക്ക് നേരെ യുഎസില്‍ വംശീയ അധിക്ഷേപം. മെക്‌സിക്കന്‍ അമേരിക്കന്‍ എന്ന് പരിചയപ്പെടുത്തിയ സ്‌ത്രീയാണ് വംശീയ അധിക്ഷേപവും അസഭ്യവര്‍ഷവും നടത്തിയത്. ഇന്ത്യക്കാര്‍ അമേരിക്കയെ നശിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും ഇന്ത്യയിലേക്ക് തിരിച്ചുപോകാനും ഈ വനിതകളോട് ഈ സ്‌ത്രീ ആക്രോശിച്ചു.
ടെക്‌സാസിലെ ഡല്ലാസിലുളള ഒരു കാര്‍ പാര്‍ക്കിങ് കേന്ദ്രത്തില്‍ വച്ച് ബുധനാഴ്‌ച(24.08.2022) രാത്രിയാണ് സംഭവം. വംശീയ അധിക്ഷേപവും ആക്രമണവും നടത്തിയ എസ്‌മെരാള്‍ഡ ഉട്‌പോണ്‍ അറസ്റ്റിലാണ്. തങ്ങള്‍ക്ക് നേരെ വംശീയ അധിക്ഷേപം നടത്തുന്നതിന്‍റെ വിഡിയോ ഇന്ത്യന്‍ വനിതകള്‍ മൊബൈലില്‍ പകര്‍ത്തി.
"ഞാന്‍ ഇന്ത്യക്കാരെ വെറുക്കുന്നു. ഈ ഇന്ത്യക്കാരൊക്കെ അമേരിക്കയിലേക്ക് വരുന്നത് നല്ല ജീവിതം കെട്ടിപ്പടുക്കുന്നതിനാണ്", എസ്‌മെരാള്‍ഡ ഇന്ത്യക്കാര്‍ക്ക് നേരെ അട്ടഹസിച്ചു. വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചു. അമേരിക്കയില്‍ ജീവിക്കുന്ന ഇന്ത്യന്‍ സമൂഹത്തില്‍ വലിയ ആശങ്കയാണ് സംഭവം ഉണ്ടാക്കിയിരിക്കുന്നത്. ഇന്ത്യന്‍ വനിതകളിലെ രണ്ട് പേരെയെങ്കിലും ഇവര്‍ മര്‍ദിക്കുകയും ചെയ്‌തിട്ടുണ്ട്.
"ഈ സംഭവം നടന്നത് ടെക്‌സാസിലെ ഡല്ലാസിലാണ്. എന്‍റെ അമ്മയും മൂന്ന് സുഹൃത്തുക്കളും കൂടി അത്താഴം കഴിക്കാനായി പുറത്ത് പോയപ്പോഴാണ് സംഭവം ഉണ്ടായത്", ഈ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പോസ്‌റ്റ് ചെയ്‌ത വ്യക്തി കുറിച്ചു. മെക്‌സിക്കന്‍ അമേരിക്കന്‍ വനിത ഉയര്‍ത്തിയ വാദങ്ങള്‍ക്ക് ഈ അമ്മ മറുപടി പറയുന്നത് വീഡിയോയില്‍ കാണാം. ഇവര്‍ എസ്‌മെരാള്‍ഡയോട് വംശീയ അധിക്ഷേപം നിര്‍ത്താനും ആവശ്യപ്പെടുന്നു. താന്‍ അമേരിക്കയില്‍ ജനിച്ചയാളാണെന്നും നിങ്ങള്‍ അമേരിക്കയില്‍ ജനിച്ചതാണോ എന്നും എസ്‌മെരാള്‍ഡ് ഇന്ത്യന്‍ വനിതകളോട് ചോദിക്കുന്നു. സംസാരത്തിന്‍റെ ഒരു ഘട്ടത്തിലാണ് ഇന്ത്യന്‍ വനിതകള്‍ക്ക് നേരെ കായികമായി എസ്‌മെരാള്‍ഡ തിരിഞ്ഞത്.
"എവിടെപ്പോയാലും നിങ്ങള്‍ ഇന്ത്യക്കാര്‍ അവിടെയുണ്ട്", എസ്‌മെരാള്‍ഡ അട്ടഹസിച്ചു. "ഇന്ത്യയില്‍ ജീവിതം വളരെ മെച്ചപ്പെട്ടതാണെങ്കില്‍ നിങ്ങള്‍ എന്തിനാണ് ഇവിടെ വരുന്നത്", വാക്യങ്ങളില്‍ എഫ്-വേര്‍ഡ് അസഭ്യം തിരികി കൊണ്ട് ഇവര്‍ ഒച്ചവച്ചു. എസ്‌മെരാള്‍ഡയ്‌ക്കെതിരെ ആക്രമിക്കല്‍, ശരീരത്തില്‍ മുറിവേല്‍പ്പിക്കല്‍, തീവ്രവാദ ഭീഷണി മുഴക്കുക എന്നീ കുറ്റങ്ങള്‍ ചുമത്തി. ഇവര്‍ക്ക് ജാമ്യം ലഭിക്കണമെങ്കില്‍ 10,000 യുഎസ് ഡോളര്‍ കെട്ടിവെക്കണം.
"സംഭവം വളരെ ഭയപ്പെടുത്തുന്നതാണ്. അവരുടെ കൈയില്‍ തോക്കുണ്ടായിരുന്നു. ഇന്ത്യന്‍ അമേരിക്കന്‍ വനിതകള്‍ ഇംഗ്ലീഷ് സംസാരിക്കുമ്പോള്‍ ഇന്ത്യന്‍ ആക്‌സന്‍റ് ഉള്ളത് കാരണം അവരെ വെടിവെക്കാന്‍ മുതിര്‍ന്ന ഈ സ്‌ത്രീയുടെ നടപടി അങ്ങേയറ്റം വൃത്തികെട്ടതാണ്. ഈ വൃത്തികെട്ട സ്‌ത്രീയെ വിദ്വേഷ കുറ്റത്തിന് വിചാരണ ചെയ്യണം", റീമ റസൂല്‍ എന്ന വ്യക്തി ട്വിറ്ററില്‍ കുറിച്ചു.
വിദ്വേഷ കുറ്റം എന്ന നിലയിലാണ് സംഭവം പൊലീസ് അന്വേഷിക്കുന്നത്. ടെക്‌സാസിലെ ദക്ഷിണേഷ്യന്‍ വംശജരുടെ സംഘടന സംഭവത്തെ അപലപിച്ചു. പ്രതിയെ അറസ്റ്റ് ചെയ്‌തതില്‍ സംഘടന ആശ്വാസം രേഖപ്പെടുത്തി. സംഭവത്തില്‍ ശരിയായ അന്വേഷണം വേണമെന്നും സംഘടന ആവശ്യപ്പെട്ടു. സെപ്‌റ്റംബര്‍ 11 ഭീകരാക്രമണത്തിന് ശേഷം ഏഷ്യന്‍ വംശജരോട് അമേരിക്കയില്‍ മോശം പെരുമാറ്റം ഉണ്ടായ സംഭവങ്ങളുടെ തന്‍റെ മാതാപിതാക്കള്‍ നല്‍കിയ വിവരണങ്ങളാണ് ഡെല്ലാസില്‍ നടന്ന ഈ സംഭവം തന്നെ ഓര്‍മപ്പെടുത്തിയതെന്ന് ടെക്‌സാസിലെ ഇന്ത്യന്‍ സംഘനയുടെ വക്താവ് സാത്‌വിക് അഹുലുവാലിയ പറഞ്ഞു.