ന്യൂഡല്‍ഹി: വിവിധ ഉഭയകക്ഷി വിഷയങ്ങളില്‍ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയിഖ് ഹസീനയും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മില്‍ ഡല്‍ഹിയില്‍ സമഗ്രമായ ചര്‍ച്ച നടന്നു. സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറില്‍(സിഇപിഎ) ഇരു രാജ്യങ്ങളും തമ്മില്‍ ചര്‍ച്ച ആരംഭിക്കാനും നേതാക്കള്‍ തീരുമാനിച്ചു. ഇരു പ്രധാനമന്ത്രിമാരുടേയും സാന്നിധ്യത്തില്‍ ഇരു രാജ്യങ്ങളും തമ്മില്‍ ഏഴ് കരാറുകളിലും ഒപ്പുവച്ചു.
ഡല്‍ഹിയിലെ ഹൈദരബാദ് ഹൗസില്‍വച്ച് നടന്ന പ്രതിനിധി തല ചര്‍ച്ചയ്‌ക്ക് ശേഷമാണ് ഈ കരാറുകളില്‍ ഇരു രാജ്യങ്ങളും തമ്മില്‍ ഒപ്പുവച്ചത്. ഇരു രാജ്യങ്ങളും തമ്മില്‍ ഈട് നില്‍ക്കുന്ന വിതരണ ശൃംഖല സ്ഥാപിക്കാന്‍ ഇരു പ്രധാനമന്ത്രിമാരും ചര്‍ച്ചയില്‍ തീരുമാനിച്ചതായി ചര്‍ച്ചയുടെ പ്രധാന തീരുമാനങ്ങള്‍ അറിയിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി വിനയി മോഹന്‍ ക്വത്ര പറഞ്ഞു.
"ബംഗ്ലാദേശ് ഉല്‍പ്പന്നങ്ങളുടെ ഏഷ്യയിലെ ഏറ്റവും വലിയ വിപണിയാണ് ഇന്ത്യ. മഹാമാരിയുണ്ടായിട്ട് പോലും ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം കഴിഞ്ഞ സാമ്പത്തിക വര്‍ഷം സര്‍വകാല റെക്കോഡായ 18 ബില്യണ്‍ ഡോളറിലെത്തി. ഉഭയകക്ഷി വ്യാപരത്തിലെ ഈ ഒരു വേഗം നിലനിര്‍ത്തുന്നതിനായി സമഗ്ര സാമ്പത്തിക പങ്കാളിത്ത കാരാറുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഈ വര്‍ഷം തന്നെ ആരംഭിക്കാന്‍ ബന്ധപ്പെട്ട മന്ത്രാലയങ്ങളോട് ഇരു നേതാക്കളും നിര്‍ദേശിച്ചു. ഏറ്റവും കുറഞ്ഞ പുരോഗതി കൈവരിച്ച രാജ്യ പദവിയില്‍ നിന്ന്(LDC status) ബംഗ്ലാദേശ് മുന്നേറുന്നതിന് മുന്നോടിയായി ചര്‍ച്ചകള്‍ പൂര്‍ത്തികരിക്കണമെന്നും ഇരു നേതാക്കളും നിര്‍ദേശിച്ചു," ക്വത്ര കൂട്ടി ചേര്‍ത്തു.