കൈവ്:ബെലാറസിൽ ആണവായുധങ്ങൾ സ്ഥാപിക്കാനുള്ള പദ്ധതിയെക്കുറിച്ച് റഷ്യൻ പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിൻ വെളിപ്പെടുത്തിയതിന് പിന്നാലെ ക്രെംലിൻ ആണവ ഭീഷണി നേരിടാൻ യുഎൻ സുരക്ഷ കൗൺസിലിന്‍റെ അടിയന്തര യോഗം വിളിച്ച് യുക്രെയ്ൻ സർക്കാർ. യുക്രെയ്‌നിന് പാശ്ചാത്യ രാജ്യങ്ങളുടെ വർദ്ധിച്ചുവരുന്ന സൈനിക പിന്തുണയുടെ പ്രതികരണമായാണ് ബെലാറസിൽ തന്ത്രപരമായ ആണവായുധങ്ങൾ സ്ഥാപിക്കാനുള്ള പദ്ധതിയെന്നാണ് റഷ്യയുടെ ഔദ്യോഗിക വിശദീകരണം. ശനിയാഴ്‌ച സംപ്രേഷണം ചെയ്‌ത ടെലിവിഷൻ അഭിമുഖത്തിലാണ് പുടിൻ പദ്ധതി പ്രഖ്യാപിച്ചത്.
കഴിഞ്ഞയാഴ്‌ച യുക്രെയ്‌ന് യുറേനിയം അടങ്ങിയ ആയുധങ്ങൾ നൽകാൻ യുകെ സർക്കാർ തീരുമാനിച്ചിരുന്നു. യുകെയുടെ ഈ നടപടിയാണ് പുടിനെ പ്രകോപിപ്പിച്ചത്. ബെലാറസിൽ തങ്ങളുടെ ആണവായുധങ്ങൾ വിന്യസിക്കുന്നതിലൂടെ റഷ്യ അമേരിക്കയുടെ പാത പിന്തുടരുകയാണെന്ന് പുടിൻ വാദിച്ചു.
'ബെൽജിയം, ജർമ്മനി, ഇറ്റലി, നെതർലൻഡ്‌സ്, തുർക്കി എന്നിവിടങ്ങളിൽ അമേരിക്ക ആണവായുധങ്ങൾ സൂക്ഷിക്കുന്നുണ്ട്. ദശാബ്‌ദങ്ങളായി അവർ ചെയ്‌തുകൊണ്ടിരുന്നതാണ് ഞങ്ങൾ ചെയ്യുന്നത്. സഖ്യരാജ്യങ്ങളിൽ യുഎസ് അവരുടെ സൈന്യത്തെ നിലയുറപ്പിക്കുകയും വിക്ഷേപണ പ്ലാറ്റ്‌ഫോമുകൾ തയ്യാറാക്കുകയും അവരുടെ സൈനികർക്ക് പരിശീലനം നൽകുകയും ചെയ്യുന്നുണ്ട്,' അഭിമുഖത്തിൽ പുടിൻ പറഞ്ഞു.
യുക്രെയ്ൻ വിദേശകാര്യ മന്ത്രാലയം ഞായറാഴ്‌ച റഷ്യയുടെ ഈ നീക്കത്തെ അപലപിക്കുകയും യുഎൻ സുരക്ഷാ കൗൺസിലിന്‍റെ അടിയന്തര യോഗം ആവശ്യപ്പെടുകയും ചെയ്‌തിട്ടുണ്ട്. ക്രെംലിൻ ആണവ ഭീഷണിയെ നേരിടാൻ യുകെ, ചൈന, യുഎസ്, ഫ്രാൻസ് എന്നീ രാജ്യങ്ങളുടെ ഫലപ്രദമായ നടപടി യുക്രെയ്ൻ പ്രതീക്ഷിക്കുന്നതായി ഔദ്യോഗിക പ്രസ്‌താവനയിൽ പറയുന്നു. മനുഷ്യ നാഗരികതയുടെ ഭാവി അപകടത്തിലാക്കുന്ന വ്യക്തിക്കെതിരെ ലോകം ഒന്നിക്കണമെന്നും പ്രസ്‌താവനയിൽ യുക്രൈൻ ആവശ്യപ്പെട്ടു.
ബെലാറസ് പ്രസിഡന്‍റ് അലക്‌സാണ്ടർ ലുകാഷെങ്കോ നാറ്റോയെ നേരിടാൻ തന്‍റെ രാജ്യത്ത് ആണവായുധങ്ങൾ വേണമെന്ന് പണ്ടേ ആവശ്യപ്പെട്ടിരുന്നുവെന്ന് പുടിൻ വാദിക്കുന്നു. നാറ്റോ അംഗങ്ങളായ ലാത്വിയ, ലിത്വാനിയ, പോളണ്ട് എന്നീ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന രാജ്യമാണ് ബെലാറസ്. 2022 ഫെബ്രുവരി 24-ന് അയൽരാജ്യമായ യുക്രെയ്‌നിലേക്ക് സൈന്യത്തെ അയയ്‌ക്കാൻ ബെലാറസ് ഒരു സ്റ്റേജിംഗ് ഗ്രൗണ്ടായി റഷ്യ ഉപയോഗിച്ചിരുന്നു.
ഇതേ സമയം പ്രസിഡന്‍റ് ലുകാഷെങ്കോ യുദ്ധത്തെ പിന്തുണക്കുന്നതും ബെലാറസിൽ ആണവായുധങ്ങൾ സ്ഥാപിക്കാനുള്ള പുടിന്‍റെ പദ്ധതികൾക്ക് പച്ചക്കൊടി കാണിച്ചതും ബെലാറസിലെ പ്രതിപക്ഷം അപലപിച്ചിട്ടുണ്ട്. ബെലാറസിൽ ആണവായുധങ്ങൾ സ്ഥാപിക്കുന്നതിനെക്കുറിച്ചുള്ള പുടിന്‍റെ പ്രസ്‌താവന, ബെലാറസിന്‍റെ ആന്തരിക അസ്ഥിരീകരണത്തിലേക്കുള്ള ഒരു ചുവടുവയ്പ്പാണ്. ബെലാറസ് സമൂഹത്തിൽ റഷ്യയെയും പുടിനെയും കുറിച്ചുള്ള നിഷേധാത്മക ധാരണയുടെയും പൊതു നിരാകരണത്തിന്‍റെയും തോത് വർദ്ധിപ്പിക്കുന്നു. ക്രെംലിൻ ബെലാറസിനെ ആണവ ബന്ദിയാക്കിയാക്കിയെന്നും യുക്രെയ്‌നിലെ ദേശീയ സുരക്ഷാ പ്രതിരോധ കൗൺസിൽ സെക്രട്ടറി ഒലെക്‌സി ഡാനിലോവ് ഞായറാഴ്ച ട്വീറ്റ് ചെയ്‌തു.
അതേസമയം റഷ്യയിൽ സ്ഫോടനത്തിൽ ഞായറാഴ്‌ച മൂന്ന് പേർക്ക് പരിക്കേറ്റു. സ്ഫോടനത്തിന് പിന്നിൽ യുക്രേനിയൻ ഡ്രോൺ ആണെന്ന് റഷ്യൻ അധികൃതർ ആരോപിച്ചു. മോസ്‌കോയുടെ തെക്ക് 175 കിലോമീറ്റർ അകലെയുള്ള ഒരു പട്ടണത്തിലെ കെട്ടിടങ്ങൾക്ക് ഡ്രോൺ ആക്രമണത്തിലൂടെ പരിക്കേറ്റിരുന്നു.
എന്നാൽ റഷ്യയ്ക്ക് നേരെ നടന്ന സ്ഫോടനത്തെക്കുറിച്ച് യുക്രെയ്ൻ പ്രതികരിച്ചിട്ടില്ല. റഷ്യൻ സർക്കാർ നടത്തുന്ന വാർത്താ ഏജൻസിയായ ടാസ് റിപ്പോർട്ട് ചെയ്‌തതനുസരിച്ച് ഉക്രേനിയൻ ടിയു-141 ഡ്രോൺ ആണ് സ്ഫോടനം സൃഷ്‌ടിച്ചത്. 2014-ൽ യുക്രെയ്ൻ സോവിയറ്റ് കാലഘട്ടത്തിലെ ഡ്രോൺ വീണ്ടും അവതരിപ്പിച്ചിരുന്നു. ഏകദേശം 1,000 കിലോമീറ്റർ പരിധിയിൽ ഈ ഡ്രോണുകൾ ഉപയോഗിക്കാൻ സാധിക്കും. യുദ്ധസമയത്ത് സമാനമായ ഡ്രോൺ ആക്രമണങ്ങൾ നടന്നിരുന്നു. എന്നാൽ സംഭവത്തിന്‍റെ ഉത്തരവാദിത്തം യുക്രെയ്‌ൻ ഏറ്റെടുത്തിട്ടില്ല.