ഇസ്‍ലാമാബാദ്: നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പുറത്ത്. ദേശീയസഭയില്‍ പ്രതിപക്ഷംകൊണ്ടുവന്ന അവിശ്വാസ പ്രമേയം ശനിയാഴ്ച രാത്രി പന്ത്രണ്ടേ മുക്കാലോടെ പാസയതോടെയാണിത്. അവിശ്വാസപ്രമേയം പാസായി മിനിറ്റുകൾക്കകം ഇമ്രാൻ ഔദ്യോഗികവസതി ഒഴിഞ്ഞു.
342 അംഗ പാർലമെന്‍റില്‍ 174 പേർ അവിശ്വാസ പ്രമേയത്തിന് അനുകൂലമായി വോട്ടുചെയ്തു. ഇമ്രാൻ അനുകൂലികൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. ഇമ്രാൻ ഖാൻ വീട്ടുതടങ്കലിലാണെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. പ്രതിപക്ഷനേതാവും മുൻ പ്രധാനമന്ത്രി നവാസ് ഷരീഫിന്‍റെ സഹോദരനുമായ ഷഹബാസ് ഷരീഫ് (70) പ്രധാനമന്ത്രിയാകുമെന്നാണു സൂചന. പാക് ചരിത്രത്തിൽ ആദ്യമായാണ് ഒരു പ്രധാനമന്ത്രി അവിശ്വാസപ്രമേയത്തിലൂടെ പുറത്തേക്ക് പോവുന്നത്. മറ്റുള്ളവരെല്ലാം കൊല്ലപ്പെടുകയോ പട്ടാള അട്ടിമറിയിലൂടെ പുറത്താക്കപ്പെടുകയോ ആയിരുന്നു. ജനാധിപത്യ സംവിധാനത്തിലൂടെയാണ് പുറത്താക്കപ്പെടുന്നത് എന്നതിൽ ഇമ്രാന് ആശ്വസിക്കാം.
രാവിലെ പത്തരമുതൽ 14 മണിക്കൂർ നീണ്ട രാഷ്ട്രീയനാടകത്തിനാണ് രാത്രി 12.45ഓടെ വിരാമമായത്. രാവിലെ സഭ ചേർന്നപ്പോൾ പ്രതിപക്ഷ എതിർപ്പുകളെ അവഗണിച്ച് ഇമ്രാന്‍റെ കക്ഷിയായ പാക്കിസ്ഥാൻ തെഹ്‌രികെ ഇൻസാഫിന്‍റെ (പിടിഐ) മന്ത്രിമാർ നീണ്ട പ്രസംഗങ്ങളുമായി നടപടികൾ നീട്ടിക്കൊണ്ടുപോയി. പകൽ പലപ്പോഴായി നാലു തവണ സഭ നിർത്തിവച്ചു. സര്‍ക്കാരിനെ അട്ടിമറിക്കാന്‍ വിദേശ ഇടപെടലുണ്ടായെന്ന് തെളിയിക്കുന്ന കത്ത് ചീഫ് ജസ്റ്റിസിന് കൈമാറാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്.
നോമ്പുതുറയ്ക്കുശേഷം രാത്രി ഒമ്പതരയോടെയാണ് സഭ വീണ്ടും സമ്മേളിച്ചത്. സമാന്തരമായി അടിയന്തര മന്ത്രിസഭ യോഗം ഒൻപത് മണിക്ക് ചേര്‍ന്ന് ഇമ്രാൻ രാജി വയ്‌ക്കേണ്ടതില്ലെന്ന് തീരുമാനമെടുത്തു പിരിഞ്ഞു. അതിനിടെ, സേന മേധാവി ഖമർ ജാവേദ് ബജ്‌വ ഇമ്രാനുമായി കൂടിക്കാഴ്ച നടത്തി. തുടർന്ന് പാർലമെന്‍റിന് പുറത്ത് സൈനികവ്യൂഹം നിരന്നു. വോട്ടെടുപ്പിനു സഭ സ്പീക്കർ അനുവദിക്കാത്തതിനെത്തുടർന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഉമർ ബന്ദ്യാൽ അർധരാത്രി പ്രത്യേക സിറ്റിങ്ങിനു കോടതി തുറക്കാൻ നിർദേശം നൽകി. സൈന്യത്തിന്റെയും സുപ്രീം കോടതിയുടെയും നിർണായക ഇടപെടലോടെ, അവിശ്വാസപ്രമേയ വോട്ടെടുപ്പ് നീട്ടിവയ്ക്കാനുള്ള ഇമ്രാന്‍റെ തന്ത്രം പാളി. ഇതോടെയാണ് വോട്ടെടുപ്പിലേക്ക് നീണ്ടതും അവിശ്വാസ പ്രമേയം പാസാവുന്നതും.
More read: 'ബോധമില്ലാത്തയാളെ രാജ്യം നശിപ്പിക്കാന്‍ അനുവദിക്കരുത്'; ഇമ്രാന്‍ ഖാന്‍ സൈക്കോപാത്തെന്ന് മരിയം