ഇസ്‌ലാമാബാദ്: മുന്‍ പ്രധാനമന്ത്രി ഇമ്രാൻ ഖാന്‍റെ നേതൃത്വത്തിലുള്ള 'ആസാദി മാർച്ച്' ഇസ്‌ലാമാബാദിലേക്ക് പ്രവേശിച്ചതോടെ റെഡ് സോണില്‍ സൈന്യത്തെ ഇറക്കി ഷെഹ്ബാസ് ഷെരീഫ് സര്‍ക്കാര്‍. രാഷ്ട്രപതിയുടെയും പ്രധാനമന്ത്രിയുടെയും വസതികൾ ഉൾപ്പെടെ സർക്കാർ, ജുഡീഷ്യറി, നിയമസഭ കെട്ടിടങ്ങൾ സ്ഥിതി ചെയ്യുന്ന പ്രദേശം സംരക്ഷിക്കാനായാണ് സൈന്യത്തെ വിന്യസിച്ചത്. ഇമ്രാന്‍ ഖാന്‍റെ നേതൃത്വത്തിലുള്ള പിടിഐ പ്രവര്‍ത്തകര്‍ പങ്കെടുക്കുന്ന റാലി അക്രമാസക്തമാകുന്നതിന് പിന്നാലെയാണ് ഭരണകൂടത്തിന്‍റെ നടപടി.
രാജ്യത്ത് വർധിച്ചുവരുന്ന സംഘർഷങ്ങൾക്കിടയിൽ ഇമ്രാൻ ഖാൻ രാജ്യതലസ്ഥാനത്ത് പ്രവേശിച്ചതിന് ശേഷം "പ്രധാന സർക്കാർ കെട്ടിടങ്ങൾ സംരക്ഷിക്കാൻ" പാകിസ്ഥാൻ സർക്കാർ റെഡ് സോണിൽ സൈന്യത്തെ വിന്യസിച്ചു. പാകിസ്ഥാൻ സുപ്രീം കോടതി, പാർലമെന്റ് ഹൗസ്, പ്രസിഡൻസി, പ്രധാനമന്ത്രിയുടെ ഓഫീസ് തുടങ്ങിയ സുപ്രധാന സർക്കാർ കെട്ടിടങ്ങളുടെ സംരക്ഷണത്തിനായാണ് തീരുമാനമെന്നാണ് സർക്കാർ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നത്. ഭരണഘടനയുടെ 245-ാം ആര്‍ട്ടിക്കള്‍ പ്രകാരമാണ് റെഡ്സോണില്‍ സൈന്യത്തെ വിന്യസിച്ചതെന്ന് പാകിസ്ഥാന്‍ ആഭ്യന്തരമന്ത്രി റാണ സനാഉല്ല വ്യക്തമാക്കി.