ഇസ്‌ലാമാബാദ്: സർക്കാരിന്‍റെ നടപടികളിൽ ആശങ്ക പ്രകടിപ്പിച്ച് പാകിസ്ഥാൻ തെഹ്‌രീകെ ഇൻസാഫ് (പിടിഐ) ചെയർമാനും മുൻ പ്രധാനമന്ത്രിയുമായ ഇമ്രാൻ ഖാൻ. സർക്കാർ പാകിസ്ഥാനെ വിദേശത്ത് പരിഹസിക്കുകയാണെന്ന് ഇമ്രാൻ ഖാൻ പ്രസ്‌താവിച്ചു. 'ഡേർട്ടി ഹാരി', 'സൈക്കോപാത്ത്' എന്നീ പദങ്ങൾ ഉപയോഗിച്ചതിന് മുൻ പ്രധാനമന്ത്രിക്കെതിരെ വ്യാജ എഫ്‌ഐആറുകളും അസംബന്ധ രാജ്യദ്രോഹ കുറ്റങ്ങളും ചുമത്തി വിദേശത്ത് പാക് പ്രതിച്ഛായയ്ക്ക് വരുത്തുന്ന നാശം ഭരണാധികാരികൾ മനസിലാക്കുന്നില്ലെന്ന് ഇമ്രാൻ ഖാൻ ട്വീറ്റ് ചെയ്‌തു.
പാകിസ്ഥാനിലെ പഞ്ചാബ് തെരഞ്ഞെടുപ്പ് വൈകിപ്പിച്ച കേസിൽ സുപ്രീം കോടതിയുടെ തീരുമാനം അംഗീകരിക്കില്ലെന്ന പാക്കിസ്ഥാൻ സർക്കാരിന്‍റെ തീരുമാനത്തിന് ശേഷം വിദേശ നിക്ഷേപകർക്ക് വിഷമകരമായ സന്ദേശമാണ് ലഭിക്കുന്നതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. 'സുപ്രീം കോടതിയുടെ തീരുമാനങ്ങൾ സർക്കാർ അംഗീകരിക്കുന്നില്ല. ഇതിലൂടെ നിങ്ങൾ എന്ത് സന്ദേശമാണ് വിദേശ നിക്ഷേപകർക്ക് നൽകുന്നത്? നിക്ഷേപകർക്ക് കരാറുകളുടെ സുരക്ഷ ആവശ്യമാണ്. അതായത് നീതിനായ വ്യവസ്ഥയിലുള്ള വിശ്വാസം. സുപ്രീം കോടതി ഉത്തരവുകൾ സർക്കാർ തന്നെ തള്ളിക്കളയുമ്പോൾ അവർക്ക് എന്ത് വിശ്വാസമാണ് നമ്മിൽ ഉള്ളത്?' എന്നും അദ്ദേഹം ട്വീറ്റ് ചെയ്‌തു.
പാക് പ്രവിശ്യ തെരഞ്ഞെടുപ്പ് മാറ്റിവച്ച നടപടി റദ്ദാക്കി സുപ്രീം കോടതി: പാകിസ്ഥാനിലെ പഞ്ചാബ്, ഖൈബർ-പഖ്ത്തൂൺക്വ പ്രവിശ്യകളിലെ തെരഞ്ഞെടുപ്പ് അഞ്ച് മാസത്തേക്ക് മാറ്റിവച്ച തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കിയിരുന്നു. പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പ് ഒക്ടോബർ എട്ട് വരെ നീട്ടിയ പാകിസ്ഥാൻ തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ (ഇസിപി) നടപടിയെ ചോദ്യം ചെയ്‌ത് പിടിഐ നൽകിയ ഹർജിയിലാണ് ഉത്തരവ്.
ഈ മാസം 30ന് പഞ്ചാബിലും മേയ് 28ന് ഖൈബർ-പഖ്ത്തൂൺക്വയിലും നടക്കാനിരുന്ന വോട്ടെടുപ്പാണ് മാറ്റിവച്ചത്. ക്രമസമാധാന പ്രശ്‌നം ചൂണ്ടിക്കാട്ടി ഒക്‌ടോബർ എട്ട് വരെ തെരഞ്ഞെടുപ്പ് നടത്തരുത് എന്നായിരുന്നു ഉത്തരവ്. ഇത് ഭരണഘടന ലംഘനവും നിയമവിരുദ്ധവും ആണെന്നായിരുന്നു സുപ്രീം കോടതി വിലയിരുത്തൽ.