വാഷിംഗ്‌ടൺ:അറസ്റ്റിലായാൽ മുൻ അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് വൻ വിജയത്തോടെ വീണ്ടും അമേരിക്കന്‍ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെടുമെന്ന് ലോക സമ്പന്നരില്‍ പ്രമുഖനും ട്വിറ്റർ മേധാവിയുമായ എലോൺ മസ്‌ക്. പോൺ താരത്തിന് പണം നൽകിയെന്ന ഹഷ് മണി കേസ് ന്യൂയോർക്ക് പ്രോസിക്യൂട്ടർമാർ പരിഗണിക്കുന്നതിനാൽ ചൊവ്വാഴ്‌ച താൻ അറസ്റ്റ് ചെയ്യപ്പെട്ടേക്കുമെന്ന് ട്രംപ് ശനിയാഴ്‌ച പ്രസ്‌താവിച്ച പശ്ചാത്തലത്തിലാണ് എലോൺ മസ്‌കിന്‍റെ പ്രതികരണം.
ഹഷ് മണി ഇടപാടിനെക്കുറിച്ച് ഒരു വർഷമായി നടക്കുന്ന അന്വേഷണത്തിന്‍റെ ഭാഗമായി അടുത്ത ചൊവ്വാഴ്‌ച അറസ്റ്റ് ചെയ്യപ്പെട്ടേക്കുമെന്നാണ് ട്രംപ് പറഞ്ഞത്. അങ്ങനെയുണ്ടായാല്‍ പ്രതിഷേധിക്കാൻ അദ്ദേഹം തന്‍റെ അനുയായികളോട് ആവശ്യപ്പെട്ടതായി സിഎൻഎൻ റിപ്പോർട്ട് ചെയ്തിരുന്നു.' റിപ്പബ്ലിക്കൻ പാര്‍ട്ടിയുടെ നിയുക്ത സ്ഥാനാർഥിയും മുൻ പ്രസിഡന്‍റുമായ ഡൊണാള്‍ഡ് ട്രംപ് അടുത്ത ചൊവ്വാഴ്ച അറസ്റ്റിലായേക്കും. പ്രതിഷേധിക്കുക, നമ്മുടെ രാഷ്‌ട്രത്തെ തിരിച്ചുപിടിക്കുക' - ഡൊണാൾഡ് ട്രംപിന്‍റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമില്‍ ഇങ്ങനെ പോസ്റ്റ് ചെയ്യപ്പെട്ടിരുന്നു.
എന്താണ് ഹഷ് മണി വിവാദം: പൊതുവില്‍ നാണക്കേട് ഉണ്ടാക്കുന്ന വിവരങ്ങൾ വെളിപ്പെടുത്തുന്നതിൽ നിന്ന് പിൻമാറാൻ നൽകുന്ന പണത്തെ സൂചിപ്പിക്കുന്ന പദമാണ് 'ഹഷ് മണി'.
ഡൊണാൾഡ് ട്രംപും ചലച്ചിത്ര നടി സ്റ്റോമി ഡാനിയൽസുമായുള്ള ബന്ധത്തിലെ ഇടപാടുകളാണ് അദ്ദേഹത്തിനെതിരെ കേസായി വന്നത്. 2016 ൽ, പ്രസിഡന്‍റ് തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ്, ട്രംപിന്‍റെ സ്വകാര്യ അഭിഭാഷകൻ മൈക്കൽ കോഹൻ, ഒന്നും വെളിപ്പെടുത്താതിരിക്കാന്‍ ഡാനിയൽസിന് 130,000 ഡോളർ നൽകി എന്നാണ് ആരോപണം. കോഹൻ സ്ഥാപിച്ച ഒരു ഷെൽ കമ്പനി വഴിയാണ് പണം നൽകിയതെന്നുമാണ് കേസ്.
ട്രംപ് ഈ ആരോപണം നിഷേധിച്ച് രംഗത്ത് വന്നിരുന്നു. എന്നിരുന്നാലും, പണമടച്ചത് പിന്നീട് വെളിപ്പെടുകയും, അത് അന്വേഷണത്തിൽ കലാശിക്കുകയും സാമ്പത്തിക നിയമ ലംഘനങ്ങൾ ഉൾപ്പടെയുള്ള ആരോപണങ്ങളിൽ കോഹനെതിരെ നിയമ നടപടികള്‍ ഉണ്ടാവുകയും ചെയ്‌തിരുന്നു.
2016ലെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലെ റഷ്യൻ ഇടപെടലിനെക്കുറിച്ച് പ്രത്യേക അഭിഭാഷകൻ റോബർട്ട് മുള്ളർ നടത്തിയ അന്വേഷണത്തിന്‍റെ ഭാഗമായാണ് പണം അടച്ച വിവരം പുറത്തായത്. ഹഷ് മണി പേയ്‌മെന്‍റുമായി ബന്ധപ്പെട്ട സാമ്പത്തിക ലംഘനങ്ങൾ ഉൾപ്പടെ എട്ട് കാര്യങ്ങളില്‍ കോഹൻ കുറ്റസമ്മതം നടത്തുകയും മൂന്ന് വർഷത്തെ തടവിന് ശിക്ഷിക്കപ്പെടുകയും ചെയ്‌തു. ഡാനിയൽസിന് പണം നൽകാൻ ട്രംപ് തന്നോട് നിർദ്ദേശിച്ചതായി 2019 ഫെബ്രുവരിയിൽ അദ്ദേഹം യുഎസ് കോൺഗ്രസിന് മുമ്പാകെ മൊഴി നൽകുകയും ചെയ്‌തിരുന്നു.
ഡാനിയൽസിന് പണം നൽകിയത് ന്യൂയോർക്കിലെ സതേൺ ഡിസ്ട്രിക്റ്റ് യുഎസ് അറ്റോർണി ഓഫിസിന്‍റെ അന്വേഷണത്തിലേക്ക് നയിച്ചു. ഇതോടെ ട്രംപിന്‍റെ നിർദേശപ്രകാരം കോഹൻ സാമ്പത്തിക - നിയമ ലംഘനങ്ങൾ നടത്തിയതായി കണ്ടെത്തുകയായിരുന്നു.
മറ്റൊരു പ്രമാദമായ ഹഷ് മണി കേസ്, മുൻ ഫോക്‌സ് ന്യൂസ് അവതാരക ഗ്രെച്ചൻ കാൾസൺ, സ്ഥാപനത്തിന്‍റെ അന്നത്തെ സിഇഒ റോജർ എയ്ൽസ് തന്നെ ലൈംഗികമായി ഉപദ്രവിച്ചുവെന്ന് ആരോപിച്ചതാണ്. ഫോക്‌സ് ന്യൂസിൽ നിന്ന് കാൾസണിന് 20 മില്യൺ ഡോളര്‍ സെറ്റിൽമെന്‍റ് തുകയായി ലഭിച്ചു. എന്നാൽ ഒത്തുതീർപ്പിന്‍റെ ഭാഗമായി ആരോപണങ്ങളെക്കുറിച്ച് പരസ്യമായി സംസാരിക്കുന്നതിൽ നിന്ന് തടയുന്ന ഒരു കരാറിൽ ഗ്രെച്ചന് ഒപ്പിടേണ്ടി വന്നു. ഇത് പിന്നീട് പുറത്തുവന്നിരുന്നു.
യുഎസില്‍, പ്രത്യേകിച്ച് വിനോദ, രാഷ്ട്രീയ മേഖലകളിൽ ഇത്തരത്തിലെ പണമിടപാടുകള്‍ സംബന്ധിച്ച് നിരവധി കേസുകൾ ഉണ്ടായിട്ടുണ്ട്. അത്തരം സംഭവങ്ങള്‍ നിയമവിരുദ്ധമായതിനാൽ തന്നെ അതിൽ ഉൾപ്പെട്ടിരിക്കുന്നവർക്ക് നിയമപരമായ ഗുരുതര പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരാറുണ്ട്.