വാഷിങ്‌ടൺ : അനധികൃതമായി തോക്ക് കൈവശം വച്ച കേസില്‍ യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍റെ (Joe Biden) മകൻ ഹണ്ടർ ബൈഡനെതിരെ കുറ്റപത്രം സമർപ്പിച്ചു (Hunter Biden indicted on federal firearms charges). അഞ്ച് വർഷം മുൻപ് റിവോൾവർ വാങ്ങിയതുമായി ബന്ധപ്പെട്ട ആരോപണങ്ങളിലാണ് കേസ് ചുമത്തിയിരിക്കുന്നത്. 2024ലെ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ മകനെതിരെയുള്ള കേസ് ബൈഡന് തലവേദനയാകുമെന്നാണ് സൂചന.
ഡെലവെയറിലെ യുഎസ് ഡിസ്‌ട്രിക്‌ട് കോടതിയിൽ സമര്‍പ്പിച്ച കുറ്റപത്രത്തിൽ ഹണ്ടർ ബൈഡനെതിരെ മൂന്ന് കേസുകളാണ് ചുമത്തിയിരിക്കുന്നത്. വിൽമിംഗ്‌ടണിലെ ഡെലവെയറിലെ ഒരു തോക്ക് കടയിൽ നിന്ന് .38 കോൾട്ട് കോബ്ര സ്പെഷ്യൽ വാങ്ങിയപ്പോൾ തോക്ക് വാങ്ങുന്നതിന് ആവശ്യമായ ഫോമിൽ ഹണ്ടർ ബൈഡൻ തെറ്റായ വിവരങ്ങള്‍ രേഖപ്പെടുത്തി എന്നാണ് കുറ്റപത്രത്തിൽ വ്യക്‌തമാക്കിയിരിക്കുന്നത്.
തോക്ക് വാങ്ങിയപ്പോൾ ലഹരി ഉപയോഗിക്കില്ല എന്ന് എഴുതി നൽകി, തോക്ക് കൈവശം വയ്‌ക്കുന്ന സമയത്ത് ലഹരി ഉപയോഗിച്ചിരുന്ന വിവരം മറച്ചുവച്ചു, മയക്കുമരുന്ന് ഉപയോഗിക്കുന്ന ആളാണെന്ന് തെളിഞ്ഞിട്ടും 11 ദിവസത്തോളം തോക്ക് കൈവശം വച്ചു എന്നിവയാണ് ഹണ്ടർ ബൈഡനെതിരെ ചുമത്തിയിട്ടുള്ള കുറ്റങ്ങൾ.
ഈ കാലയളവിൽ കൊക്കെയ്‌ൻ ഉൾപ്പടെയുള്ള ലഹരി വസ്‌തുക്കൾ ഹണ്ടർ ബൈഡൻ ഉപയോഗിച്ചിരുന്നതായും കുറ്റപത്രത്തിൽ വ്യക്‌തമാക്കുന്നു. യുഎസിൽ ലഹരി ഉപയോഗിക്കുന്നവർ തോക്ക് കൈവശം വയ്‌ക്കുന്നത് കുറ്റകരമാണ്.ഇത് തെളിഞ്ഞാൽ 25 വർഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പുകളാണ് ഹണ്ടർ ബൈഡനെതിരെ ചുമത്തിയിട്ടുള്ളത്.
ഹണ്ടർ ബൈഡന്‍റെ സാമ്പത്തിക, ബിസിനസ് ഇടപാടുകളെ കുറിച്ച് അന്വേഷിക്കാൻ നിയോഗിച്ച ഡെലവെയറിലെ യുഎസ് അറ്റോർണി ഡേവിഡ് വീസാണ് കുറ്റപത്രം സമർപ്പിച്ചത്. അതേസമയം ഹണ്ടർ ബൈഡൻ നിയമം ലംഘിച്ചിട്ടില്ലെന്ന് അദ്ദേഹത്തിന്‍റെ അഭിഭാഷകൻ വാദിച്ചു. ഹണ്ടർ ബൈഡൻ തന്‍റെ ബിസിനസ് ഇടപാടുകളിലും അന്വേഷണം നേരിട്ടുകൊണ്ടിരിക്കുകയാണ്.
സ്വത്ത് സമ്പാദനക്കേസിലും അന്വേഷണം : നേരത്തെ നികുതി വെട്ടിപ്പ് കേസിലും ഹണ്ടർ ബൈഡൻ ആരോപണം നേരിട്ടിരുന്നു. പത്ത് ലക്ഷം ഡോളറിന്‍റെ വരുമാനത്തിന് രണ്ട് വര്‍ഷം നികുതി നല്‍കിയില്ലെന്നായിരുന്നു കേസ്. 2017, 18 വര്‍ഷത്തിലായിരുന്നു നികുതി വെട്ടിപ്പ് നടത്തിയത്. ഇതിലും അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്.
ഈ കേസിൽ ഭാവിയിൽ അദ്ദേഹം താമസിക്കുന്ന വാഷിങ്‌ടണിലോ കാലിഫോർണിയയിലോ നികുതി ചാർജുകൾ ഫയൽ ചെയ്‌തേക്കാമെന്നും പ്രത്യേക അഭിഭാഷകൻ സൂചിപ്പിച്ചു. ബൈഡൻ വൈസ് പ്രസിഡന്‍റായിരുന്ന കാലത്ത് ഹണ്ടർ ബൈഡൻ വിദേശ ബിസിനസ് മാർഗങ്ങളിലൂടെ ലക്ഷക്കണക്കിന് ഡോളർ സമ്പാദിച്ചെന്നതാണ് പ്രധാന ആരോപണം. വർഷങ്ങളോളം അന്വേഷണം നടത്തിയെങ്കിലും ഇതിൽ ജോ ബൈഡന് ബന്ധമുള്ളതായി കണ്ടെത്താനായിട്ടില്ല.
ALSO READ :Joe Biden's Selfie With Bangladesh Prime Minister : 'നയതന്ത്ര സെല്‍ഫി' ; ജി20 വേദിയില്‍ യുഎസ് ബംഗ്ലാദേശ് നിര്‍ണായക നേതൃ കൂടിക്കാഴ്‌ച
വൈസ് പ്രസിഡന്‍റ് എന്ന നിലയിൽ മകനോട് പലപ്പോഴും സംസാരിക്കുകയും, മകന്‍റെ ബിസിനസ് കൂട്ടാളികളുമായി ഡിന്നർ കഴിക്കുകയും ചെയ്‌തു എന്നതിൽ കവിഞ്ഞ് മറ്റൊരു തെളിവുകളും ജോ ബൈഡനെതിരെ കണ്ടെത്താൻ സാധിച്ചിട്ടില്ല. മകന്‍റെ ബിസിനസ് കാര്യങ്ങളിൽ ജോ ബൈഡൻ ഇടപെട്ടിരുന്നില്ലെന്നാണ് വൈറ്റ് ഹൗസും വ്യക്‌തമാക്കുന്നത്.