വാഷിങ്‌ടൺ: യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ കൃത്രിമം കാട്ടിയെന്ന ഡൊണാള്‍ഡ് ട്രംപിന്‍റെ ആരോപണത്തിൽ അന്വേഷണ കമ്മിറ്റിയുടെ രണ്ടാം പബ്ലിക് ഹിയറിങ് തുടരുന്നു. ട്രംപിനോട് ഏറ്റവും അടുത്ത ആളുകളുടെ മൊഴിയാണ് അന്വേഷണ സമിതി ഇന്ന് രേഖപ്പെടുത്തുക.
2020ലെ യുഎസ് തെരഞ്ഞെടുപ്പിൽ കൃത്രിമം നടന്നതുകൊണ്ടാണ് താൻ പരാജയപ്പെട്ടത് എന്നായിരുന്നു ട്രംപിന്‍റെ ആരോപണം. ഇത് അടിസ്ഥാനമില്ലാത്തതാണ് എന്ന് അറ്റോർണി ജനറൽ വില്യം ബർ കണ്ടെത്തിയിരുന്നു. തെരഞ്ഞെടുപ്പിൽ കൃത്രിമം നടന്നുവെന്ന ട്രംപിന്‍റെ വാദം ആദ്യ ഹിയറിങ്ങിൽ മകള്‍ ഇവാൻക തള്ളിയിരുന്നു.
അറ്റോർണി ജനറൽ വില്യം ബർ കണ്ടെത്തിയതിനോട് പൂർണമായി യോജിക്കുന്നതായും 2021 ജനുവരി ആറിന് കാപിറ്റോളിൽ നടന്ന കലാപത്തെ കുറിച്ച് അന്വേഷിക്കുന്ന സമിതി മുൻപാകെ ഇവാൻക വ്യക്തമാക്കി. ഇവാൻകയുടെ ഭർത്താവും ട്രംപ് ഭരണകാലത്ത് ഉപദേശകനുമായിരുന്ന ജറാഡ് കുഷ്‌നർ, അറ്റോർണി ജനറൽ വില്യം ബർ, പ്രചാരണ വക്താവ് ജയ്‌സൻ മില്ലർ എന്നിവരും ട്രംപിന്‍റെ ആരോപണം നിഷേധിച്ചിരുന്നു. റൂഡി ഗ്യുലിയാനി ഒഴികെയുള്ള അദ്ദേഹത്തിന്‍റെ എല്ലാ ഉപദേശകരും തെരഞ്ഞെടുപ്പിലെ പരാജയത്തെ കുറിച്ച് ട്രംപിനോട് പറഞ്ഞു.
തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ഡൊണാൾഡ് ട്രംപിന്‍റെ ഗൂഢാലോചനയെ കുറിച്ച് വിശദീകരിക്കാൻ ഉദ്ദേശിക്കുന്ന കമ്മിറ്റി മൊത്തം ആറ് ഹിയറിങുകൾ നടത്തും. തെരഞ്ഞെടുപ്പ് സുരക്ഷ ശക്തമാക്കുന്നതിന് പ്രോസിക്യൂഷനിലേക്കും പുതിയ നിയമങ്ങളിലേക്കും ഹിയറിങുകൾ നയിച്ചേക്കാം. കലാപകാരികൾ യുഎസ് കാപിറ്റോൾ പൊലീസിനെ മർദിക്കുകയും കെട്ടിടത്തിലേക്ക് ഇടിച്ചുകയറുകയും ചെയ്യുന്ന അക്രമപരവും മുമ്പ് കാണാത്തതുമായ ദൃശ്യങ്ങളും ജനുവരി ആറിന് കമ്മിറ്റി സംപ്രേക്ഷണം ചെയ്‌തിരുന്നു.
കാപിറ്റോൾ കലാപം ട്രംപ് ആസൂത്രണം ചെയ്‌തതായിരുന്നുവെന്നാണ് ഡെമോക്രാറ്റുകളുടെ വാദം. ട്രംപിന്‍റെ വിചാരണ ടെലിവിഷൻ നെറ്റ്‌വർക്കുകളിൽ 20 ദശലക്ഷം ആളുകളാണ് കണ്ടത്.