ഖാന്‍യുനിസ്: ഗാസയിലെ പ്രധാന ആശുപത്രിയില്‍ നിന്ന് കുഞ്ഞുങ്ങളെ അടക്കം ഒഴിപ്പിച്ചെന്ന ഇസ്രയേല്‍ അവകാശവാദം തള്ളി ആരോഗ്യപ്രവര്‍ത്തകര്‍ രംഗത്ത്. ആശുപത്രിക്ക് പുറത്ത് കനത്ത പോരാട്ടം തുടരുകയാണ്. വൈദ്യുതി വിതരണം നിലച്ചതോടെ ഇന്‍കുബേറ്ററുകളുടെ (incubator) അടക്കം പ്രവര്‍ത്തനം നിലച്ചിരിക്കുകയാണ്. തീവ്രപരിചരണ വിഭാഗങ്ങളിലും വൈദ്യുതിയില്ല.
വെടിനിര്‍ത്തലിനുള്ള ആഹ്വാനം ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു തള്ളി. ഒക്ടോബര്‍ ഏഴിന് ഹമാസ് (Hamas) ബന്ദികളാക്കിയ 240 പേരെ വിട്ടയക്കാതെ വെടിനിര്‍ത്തലിനെക്കുറിച്ച് ചിന്തിക്കില്ലെന്നാണ് നെതന്യാഹുവിന്‍റെ നിലപാട്. ഗാസയിലെ 16 വര്‍ഷം നീണ്ട ഹമാസിനെ അവസാനിപ്പിക്കാന്‍ തങ്ങളുടെ മുഴുവന്‍ സേനയെയും ഉപയോഗിക്കുമെന്ന നെതന്യാഹുവിന്‍റെ പ്രഖ്യാപനത്തിന് പിന്നാലെ ഷിഫ (Shifa hospital) ആശുപത്രിക്ക് സമീപത്തടക്കം വന്‍ തോതിലുള്ള വ്യോമാക്രമണങ്ങളാണ് അരങ്ങേറുന്നത്.
ആശുപത്രി പരിസരത്തേക്ക് ഹമാസ് ആരെയും കടത്തി വിടുന്നില്ലെന്ന് ഇസ്രയേല്‍ ആരോപിച്ചു. എന്നാലും ഹമാസും ആശുപത്രി ജീവനക്കാരും ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്. ആശുപത്രിയിലെ അവസാന ജനറേറ്ററും ശനിയാഴ്‌ചയോടെ നിലച്ചു. ഇതോടെ മാസം തികയാതെ പ്രസവിച്ച മൂന്ന് കുഞ്ഞുങ്ങള്‍ മരിച്ചു. നാല് രോഗികള്‍ക്കും ജീവന്‍ നഷ്‌ടമായിട്ടുണ്ടെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. 36 കുഞ്ഞുങ്ങളുടെ ജീവന്‍ കൂടി അപകടത്തിലാണ്.
ഇന്‍കുബേറ്ററുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ വേണ്ടി 300 ലിറ്റര്‍ ഇന്ധനമെത്തിച്ചതായി ഇസ്രയേല്‍ സേന അവകാശപ്പെട്ടു. ഇന്ധനം സ്വീകരിക്കുന്നതില്‍ നിന്ന് ആശുപത്രി അധികൃതരെ ഹമാസ് തടഞ്ഞെന്നു അവര്‍ ആരോപിക്കുന്നു. ഇസ്രയേല്‍ നല്‍കിയെന്ന് പറയുന്ന ഇന്ധനം ഒരു ജനറേറ്ററിന് ഒരു മണിക്കൂര്‍ പോലും പ്രവര്‍ത്തിക്കാന്‍ തികയില്ലെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് അഷ്റഫ് അല്‍ഖിദ്ര അല്‍ജസീറയോട് വെളിപ്പെടുത്തി. കുഞ്ഞുങ്ങളെയും രോഗികളെയും അപമാനിക്കലാണ് ഇതെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. ഇസ്രയേല്‍ സുരക്ഷിത ഇടനാഴി വഴി 100ലേറെ പേരെ ഷിഫാ ആശുപത്രിയില്‍ നിന്ന് ഒഴിപ്പിച്ചതായി നെതന്യാഹു സിഎന്‍എന്നിനോട് പറഞ്ഞു.
അതേസമയം ഷിഫാ ആശുപത്രി ഇസ്രയേല്‍ സൈന്യം വളഞ്ഞിരിക്കുകയാണെന്നും ഏത് സമയത്തും ആക്രമണമുണ്ടാകാമെന്നും ആരോഗ്യമന്ത്രാലയ അണ്ടര്‍ സെക്രട്ടറി മുനീര്‍ അല്‍ ബൗര്‍ഷ് പറഞ്ഞു. വീടുകളില്‍ നിരവധി പേര്‍ മുറിവേറ്റ് കിടപ്പുണ്ട്. അവരെ രക്ഷിക്കാന്‍ സാധിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തല ജനാല വഴി പോലും പുറത്തിടാകാനാകാത്ത സാഹചര്യമാണ്. കുഞ്ഞുങ്ങളെ പുറത്തെത്തിക്കാന്‍ സൈന്യം സഹായിച്ചതായി അവര്‍ അവകാശപ്പെടുന്നു. അതേസമയം അതീവ ഗുരുതരാവസ്ഥയിലുള്ള കുഞ്ഞുങ്ങളെ അതിതീവ്ര ശിശുപരിചരണ വിഭാഗത്തില്‍ നിന്ന് മാറ്റുന്നത് അതീവ സങ്കീര്‍ണമാണെന്ന് ബ്രിട്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയായ മെഡിക്കല്‍ എയ്‌ഡ് ഫോര്‍ പലസ്‌തീനിയന്‍സ് (Medical aid for Palastinians) പറയുന്നു.
ആംബുലന്‍സുകള്‍ക്ക് ആശുപത്രിക്ക് അടുത്തേക്ക് എത്താനാകുന്നില്ല. ഈ കുഞ്ഞുങ്ങള്‍ക്ക് പരിചരണം നല്‍കാന്‍ വേണ്ട സൗകര്യങ്ങള്‍ ഉള്ള മറ്റ് ആശുപത്രികളും ഇല്ല. അത് കൊണ്ട് തന്നെ കുഞ്ഞുങ്ങളെ സുരക്ഷിതമായി എങ്ങനെ ഇവിടെ നിന്ന് മാറ്റാനാകുമെന്ന് യാതൊരു ധാരണയുമില്ല, സിഇഒ മെലാനി വാര്‍ഡ് പറഞ്ഞു. ഇസ്രയേല്‍ ആക്രമണം അവസാനിപ്പിക്കുകയും ആവശ്യമായ ഇന്ധനം നല്‍കുകയും മാത്രമാണ് പോംവഴിയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 1500 രോഗികള്‍ ആശുപത്രിയിലുണ്ടെന്ന് ആരോഗ്യമന്ത്രാലയം വെളിപ്പെടുത്തുന്നു. 1500 ആരോഗ്യപ്രവര്‍ത്തകരുമുണ്ട്. ഇതിന് പുറമെ ആശുപത്രിയില്‍ ഇരുപതിനായിരത്തോളം പേര്‍ അഭയം തേടിയിട്ടുമുണ്ട്.
രോഗികളെ ഒഴിപ്പിക്കണമെങ്കില്‍ ആഴ്‌ചകള്‍ വേണ്ടി വരുമെന്നാണ് ഡോക്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സ് ഇന്‍റര്‍നാഷണല്‍ (doctors without boarders international) പ്രസിഡന്‍റ് ക്രിസ്റ്റോസ് ക്രിസ്റ്റൗ സിബിസിയുടെ ഫെയ്‌സ് ദ നേഷനില്‍ വെളിപ്പെടുത്തിയത്.
ഷിഫ ആശുപത്രിയില്‍ മൂന്ന് ദിവസമായി വെള്ളമില്ലെന്നും ആശുപത്രിക്ക് ഇനി മുന്നോട്ട് പോകാനാകില്ലെന്നും ലോകാരോഗ്യ സംഘടന (WHO) മേധാവി ടെഡ്രോസ് അധാനോ ഘിബ്രയെസസ് സാമൂഹ്യമാധ്യമമായ എക്‌സില്‍ കുറിച്ചു.
Also read; പലസ്‌തീന്‍ സമ്പദ് ഘടനയെ യുദ്ധം തകര്‍ത്തെറിഞ്ഞെന്ന് ഐക്യരാഷ്ട്ര സഭ; റിപ്പോര്‍ട്ട് പുറത്ത്