ടെല്‍ അവീവ് (ഇസ്രയേല്‍) :ബന്ദികളാക്കിയ 50 ഇസ്രയേല്‍ പൗരന്മാരെ വിട്ടയയ്‌ക്കുമെന്ന് ഹമാസ്. നാല് ദിവസത്തെ വെടി നിര്‍ത്തലിനും ഇരു വിഭാഗവും തമ്മില്‍ ധാരണയായി (Hamas release 50 Hostages and ceasefire deal by Israel). കരാര്‍ ഇസ്രയേല്‍ കാബിനറ്റ് അംഗീകരിച്ചതായി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്‍റെ ഓഫിസ് അറിയിച്ചു. അതേസമയം കരാറിനെ എത്ര മന്ത്രിമാര്‍ പിന്തുണച്ചു എന്നതില്‍ വ്യക്തതയില്ല.
ബന്ദികളാക്കപ്പെട്ട മുഴുവന്‍ ആളുകളെയും തിരിച്ച് സ്വന്തം നാട്ടിലെത്തിക്കാന്‍ ഇസ്രയേല്‍ ഭരണകൂടം പ്രതിജ്ഞാബദ്ധമാണെന്ന് നെതന്യാഹു വ്യക്തമാക്കി. ഹമാസ് തട്ടിക്കൊണ്ടുപോയ സ്‌ത്രീകളും കുട്ടികളും അടങ്ങുന്ന സംഘത്തെയാണ് ആദ്യഘട്ടത്തില്‍ മോചിപ്പിക്കുന്നത്. വെടി നിര്‍ത്തല്‍ നിലനില്‍ക്കുന്ന ദിവസങ്ങളിലാകും ബന്ദികളെ മോചിപ്പിക്കുക എന്നും സൂചനയുണ്ട് (Israel Hamas conflict latest).
അതേസമയം താത്‌കാലിക വെടി നിര്‍ത്തലിന് ശേഷം യുദ്ധം തുടരുമെന്നും നെതന്യാഹു വ്യക്തമാക്കി (ceasefire deal between Israel and Hamas). 'ബന്ദികളാക്കിയ മുഴുവന്‍ പേരെയും മോചിപ്പിക്കുന്നതിനും ഹമാസിനെ ഉന്‍മൂലനം ചെയ്യുന്നതിനും ഇസ്രയേലിന് ഗാസ വെല്ലുവിളി ആകില്ലെന്ന് ഉറപ്പിക്കുന്നതിനും വേണ്ടി യുദ്ധം തുടരും' -നെതന്യാഹു പറഞ്ഞു.
ഇസ്രയേലിന്‍റെ തടവില്‍ കഴിയുന്ന 150 പലസ്‌തീനികളെ മോചിപ്പിക്കുമെന്നും കരാറിന്‍റെ ഭാഗമായി ഗാസയിലേക്ക് അധിക ഇന്ധനം, മാനുഷിക സഹായം എന്നിവ എത്തിക്കുമെന്നും നേരത്തെ റിപ്പോട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ഇത്തരം കാര്യങ്ങളൊന്നും നെതന്യാഹുവിന്‍റെ ഓഫിസ് ഇറക്കിയ പ്രസ്‌താവനയില്‍ പറയുന്നില്ലെന്നാണ് ഇസ്രയേലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. യുഎസും ഖത്തറും ഇടനിലക്കാരായി ഉണ്ടാക്കിയ ഉടമ്പടി എപ്പോള്‍ പ്രാബല്യത്തില്‍ വരും എന്നകാര്യത്തിലും വ്യക്തതയില്ല.