ലണ്ടൻ: ബ്ലെൻഹെയിം കൊട്ടാരത്തിലെ സ്വർണ ക്ലോസറ്റ് മോഷ്‌ടിച്ച നാല് പേർ പിടിയിലായി. മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി വിൻസ്റ്റൺ ചർച്ചിലിന്റെ ജന്മഗൃഹത്തിൽ നിന്നാണ് പതിനെട്ട് കാരറ്റിന്‍റെ സ്വർണ ക്ലോസറ്റ് മോഷണം പോയത്. 48 ലക്ഷം പൗണ്ട് വിലമതിക്കുന്ന നിർമ്മിതിയാണിത്.
'അമേരിക്ക' എന്ന് പേരിട്ടിട്ടുള്ള ഈ ക്ലോസറ്റ് നിർമ്മിച്ചിരിക്കുന്നത് ഇറ്റാലിയൻ കലാകാരനായ മൌറിസ്യോ കാറ്റലിൻ ആണ്. ഓക്‌സ്‌ഫോർഡ് നഗരത്തിനടുത്തുള്ള ബ്ലെൻഹെയിം കൊട്ടാരത്തിലെ ഇൻസ്റ്റലേഷനുകളിൽ ഒന്നാണിത്. 2019 സെപ്റ്റംബറിലാണ് ക്ലോസറ്റ് മോഷണം പോയത്.
35നും 39നും ഇടയിൽ പ്രായമുള്ള നാല് പേരെ അറസ്റ്റ് ചെയ്‌ത് കുറ്റം ചുമത്തിയതായി ക്രൌൺ പ്രൊസിക്യൂഷൻ സർവീസ് അറിയിച്ചു. മോഷണവും ഗൂഢാലോചനയും അടക്കമുള്ള കുറ്റങ്ങളാണ് ഇവർക്ക് മേൽ ചുമത്തിയിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് എഴുപേരെ നേരത്തെ അറസ്റ്റ് ചെയ്‌തിരുന്നെങ്കിലും ഇവർക്ക് മേൽ കുറ്റങ്ങളൊന്നും ചുമത്തിയിരുന്നില്ല. അതേസമയം മോഷണമുതൽ ഇനിയും കണ്ടെത്താനായിട്ടില്ല.
പൂർണമായും പ്രവർത്തനക്ഷമമായ ക്ലോസറ്റാണ് മോഷണം പോയിരിക്കുന്നത്. സന്ദർശകർക്ക് മുൻകൂട്ടി ബുക്ക് ചെയ്ത് മൂന്ന് മിനിറ്റ് സമയം ഇത് ഉപയോഗിക്കാമായിരുന്നു. അത് കൊണ്ട് തന്നെ കൊട്ടാരത്തിലെ ജലവിതരണ ശൃംഘലയുമായി ഇത് ബന്ധിപ്പിച്ചിരുന്നു. അതിനാൽ ഇത് നീക്കം ചെയ്തപ്പോൾ കാര്യമായ നാശനഷ്‌ടങ്ങൾ ഉണ്ടായിട്ടുണ്ട്. യുണെസ്കോ പൈതൃക കേന്ദ്രമായി പ്രഖ്യാപിച്ചിട്ടുളള പതിനെട്ടാം നൂറ്റാണ്ടിലെ ഈ കെട്ടിടത്തിൽ വെള്ളക്കെട്ടുണ്ടാകുകയും ചെയ്‌തു. വൻ മൂല്യമുള്ള കരകൗശല വസ്‌തുക്കളും ഉപകരണങ്ങളും നിറഞ്ഞ കെട്ടിടമാണിത്. പ്രതിവർഷം ആയിരക്കണക്കിന് പേരാണ് ഇവിടം സന്ദർശിക്കാനെത്തുന്നത്.
നേരത്തെ ഇത് ന്യൂയോർക്കിലെ ഗുഗെൻഹെയിം മ്യൂസിയത്തിലെ ഒരു ശുചിമുറിയിലാണ് സൂക്ഷിച്ചിരുന്നത്. നിരവധി പേരാണ് പതിനെട്ട് കാരറ്റ് സ്വർണത്തിൽ തീർത്ത ഈ ശുചിമുറി സന്ദർശിക്കാനെത്തിയിരുന്നതെന്ന് മ്യൂസിയം അധികൃതർ പറയുന്നു.
മോഷണ മുതൽ കണ്ടെത്തുക ഏറെ ദുഷ്‌കരമാണെന്ന് 2021 ൽ കേസ് അന്വേഷിച്ച തെസ് വാലി പൊലീസ് വ്യക്തമാക്കിയിരുന്നു. ഈ ക്ലോസറ്റ് അതേപടി ഉണ്ടാകുമോ എന്ന ആശങ്കയും പൊലീസ് പങ്കുവച്ചിരുന്നു. ഏതെങ്കിലും തരത്തിൽ മോഷ്‌ടാക്കൾ അതിനെ മാറ്റിയിരിക്കാമെന്നും പൊലീസ് കമ്മീഷണർ മാത്യു ബാർബർ ബിബിസിയോട് പറഞ്ഞിരുന്നു.
പിടിയിലായ നാല് പേരെയും ഈ മാസം 28 ന് ഓക്സ്ഫോർഡ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും.