ടെൽ അവീവ് : ഇസ്രയേൽ - പാലസ്‌തീൻ പോരാട്ടം (Israel - Palestine War) അഞ്ചാം ദിവസത്തിലേക്ക്. ഹമാസിന്‍റെ നിയന്ത്രണത്തിലുള്ള ഗാസ മുനമ്പിൽ (Gaza Strip) ഇസ്രായേൽ സൈന്യം ആക്രമണം ശക്തമാക്കി. ഇന്നലെ (10.10.2023) നടന്ന ഇസ്രായേൽ പ്രത്യാക്രമണത്തിനിടെ ഹമാസിന്‍റെ ധനമന്ത്രി ജവാദ് അബു ഷമാലയും (Jawad Abu Shamala) ആഭ്യന്തര തലവനായ സക്കരിയ അബു മൊഅമ്മറും (Zakaria Abu Ma'amer) ഡ്രോണാക്രമണത്തിൽ കൊല്ലപ്പെട്ടതായി ഇസ്രായേൽ വ്യോമസേന പ്രസ്‌താവിച്ചു.
ജവാദ് അബു ഷമാല ഗാസ മുനമ്പിലും പുറത്തും ഭീകരതയ്‌ക്ക് ധനസഹായം ചെയ്‌തിരുന്നതായും ഇസ്രായേലിനെതിരായ തീവ്രവാദ സംഘടനയിൽ അംഗമായിരുന്നതായും റിപ്പോർട്ടുകളുണ്ട്. അതേസമയം, സക്കരിയ അബു മൊഅമ്മറും ഗാസയിലെ തീവ്രവാദ ഗ്രൂപ്പുകളുടെ തലവനായിരുന്നതായാണ് വിവരം. ഗാസയിൽ ഇത്തരം സംഘടനകളുടെ നയ രൂപീകരണത്തിനും ഏകോപനത്തിനും മുന്നിൽ നിന്ന് പ്രവർത്തിച്ചിരുന്ന നേതാവും ഗാസ തലവൻ യഹ്യ സിൻവാറിന്‍റെ വിശ്വസ്‌തനായും സക്കരിയ പ്രവർത്തിച്ചതായി ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.
1800 കടന്ന് മരണം : കഴിഞ്ഞ ദിവസം ഗാസ മുനമ്പിലെ ഹമാസിന്‍റെ ഭീകര കേന്ദ്രങ്ങൾക്കെതിരെ ഇസ്രയേൽ വ്യോമസേന വ്യാപക ആക്രമണം നടത്തിയിരുന്നു. നിലവിൽ ഇരു രാജ്യങ്ങളും തമ്മിൽ തുടരുന്ന സായുധ ആക്രമണത്തിൽ ഇസ്രയേലിലെ 1000 ത്തോളം പേരും ഗാസയിലെ 830 ഓളം പേരും കൊല്ലപ്പെട്ടതായാണ് വിവരം (Death Toll Israel - Hamas War). ഇതിൽ രാഷ്‌ട്രീയ തലവന്മാരും മാധ്യമപ്രവർത്തകരും സൈനികരും ഉൾപ്പെടുന്നു.
ഒക്‌ടോബർ ഏഴിന് ഇസ്രായേലിനെതിരെ ഹമാസ് നടത്തിയ അപ്രതീക്ഷിത ആക്രമണത്തിൽ 900 ഇസ്രായേലികൾ കൊല്ലപ്പെടുകയും 2,616 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. ഇതിന് പിന്നാലെയാണ് ഇസ്രായേൽ ഗാസയ്‌ക്കെതിരെ യുദ്ധം പ്രഖ്യാപിച്ചത്. ആക്രമണം രൂക്ഷമായതോടെ ഗാസ മുനമ്പ് ഇസ്രായേൽ സൈന്യത്തിന്‍റെ യുദ്ധ വിമാനങ്ങൾ ആക്രമിക്കുകയും കെട്ടിടങ്ങൾ എല്ലാം തകർത്ത് നിലംപരിശാക്കുകയും ചെയ്‌തു.
സൈനികശക്തി ഉയർത്തി ഇസ്രായേൽ : ഹമാസിനെതിരെയുള്ള തിരിച്ചടിയുടെ ഭാഗമായി കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ 3,00,000 സൈനികരെയാണ് ഇസ്രായേൽ അണിനിരത്തിയത്. അതേസമയം, സൈനികരും സാധാരണക്കാരും ഉൾപ്പടെ 150 ഓളം ഇസ്രയേൽ പൗരന്മാരെ ഹമാസ് ബന്ദികളാക്കിയിട്ടുള്ളതായും ഇസ്രയേൽ അവകാശപ്പെട്ടു. 72 മണിക്കൂറിന് ശേഷം ഗാസ മുനമ്പിലെ അതിർത്തിയുടെ നിയന്ത്രണം തിരിച്ചുപിടിച്ചതായും ഇസ്രയേൽ പ്രതിരോധ സേന (Israel Defense Forces) അവകാശപ്പെടുന്നുണ്ട്.
2007 മുതൽ ഹമാസ് ഭരണത്തിലുള്ള ഗാസയിൽ ഇപ്പോൾ സുരക്ഷിതമായ സ്ഥലമില്ലെന്നും ഇതിനകം തന്നെ മൂന്ന് പലസ്‌തീൻ മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടതായും ഗാസയിൽ നിന്നുള്ള പത്രപ്രവർത്തകൻ അറിയിച്ചു. എന്നാൽ ഹമാസിനെതിരായ ആക്രമണം തുടങ്ങിയിട്ടെ ഉള്ളൂ എന്നാണ് ദേശീയ മാധ്യമത്തിലൂടെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു (Benjamin Netanyahu) അറിയിച്ചത്.
Read More :Israel PM Benjamin Netanyahu 'ഹമാസിനെതിരെയുള്ള ആക്രമണം തുടങ്ങിയിട്ടേയുള്ളൂ, പ്രത്യാഘാതങ്ങള്‍ തലമുറകളോളം നിലനില്‍ക്കും': ബെഞ്ചമിന്‍ നെതന്യാഹു