ബാലി:17-ാമത് ജി20 ഉച്ചകോടിക്ക് ഇന്തോനേഷ്യയിലെ ബാലിയില്‍ തുടക്കം. ഇന്നും നാളെയുമായി നടക്കുന്ന ഉച്ചകോടിയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍, ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍ പിങ്, ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് തുടങ്ങിയ ലോകനേതാക്കള്‍ സംബന്ധിക്കും. ഇന്ത്യ, റഷ്യ, ദക്ഷിണാഫ്രിക്ക, തുർക്കി, ഓസ്ട്രേലിയ, സൗദി, യു.എസ്, അർജന്‍റീന, ബ്രസീൽ, മെക്‌സിക്കോ, ഫ്രാൻസ്, ജർമനി, ഇറ്റലി, യുകെ, ചൈന, ഇന്തോനേഷ്യ, ജപ്പാൻ, ദക്ഷിണ കൊറിയ രാജ്യങ്ങളും യൂറോപ്യൻ യൂണിയനുമാണ് ജി20 കൂട്ടായ്‌മയിലുള്ളത്.
യുക്രൈന്‍-റഷ്യ യുദ്ധം അവസാനിപ്പിക്കണമെന്ന് ജി20 ഉച്ചകോടിയെ അഭിസംബോധന ചെയ്‌ത് സംസാരിച്ച പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ലോകത്ത് സാഹോദര്യവും സമാധാനവും സുരക്ഷയും ഉറപ്പുവരുത്തേണ്ടതുണ്ട്. ബുദ്ധന്‍റെയും ഗാന്ധിയുടെയും മണ്ണില്‍ അടുത്ത വര്‍ഷം ജി20 ഉച്ചകോടി നടക്കുന്നത് ലോകത്തിന് സമാധാനത്തിന്‍റെ സന്ദേശം പകരുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഉച്ചകോടിയില്‍ ഭക്ഷ്യ-ഊര്‍ജ സുരക്ഷ, ഡിജിറ്റല്‍ പരിവര്‍ത്തനം, ആരോഗ്യം തുടങ്ങിയ സെഷനുകളിലാണ് പ്രധാനമന്ത്രി പങ്കെടുക്കുക. കൂടാതെ ആഗോള സമ്പദ്‌വ്യവസ്ഥ, ഊർജം, പരിസ്ഥിതി, കൃഷി, ആരോഗ്യം, ഡിജിറ്റൽ പരിവർത്തനം തുടങ്ങി സമകാലിക പ്രസക്തിയുള്ള പ്രധാന വിഷയങ്ങളെക്കുറിച്ചും പ്രധാനമന്ത്രി ലോകനേതാക്കളുമായി ചര്‍ച്ച നടത്തും. കൊവിഡിന് ശേഷം പ്രതിസന്ധിയിലായ ആഗോള സമ്പദ് വ്യവസ്ഥ, രാജ്യങ്ങളുടെ കടബാധ്യതകള്‍, ഭക്ഷ്യ സുരക്ഷ വെല്ലുവിളികള്‍, ഊര്‍ജ പ്രതിസന്ധി, പണപ്പെരുപ്പം തുടങ്ങിയ വിഷയങ്ങളും ഉച്ചകോടിയില്‍ ചര്‍ച്ച ചെയ്യുമെന്ന് വിദേശകാര്യ സെക്രട്ടറി വിനയ് ക്വത്ര പറഞ്ഞിരുന്നു.
ഉച്ചകോടിയുടെ തുടക്കത്തിൽ യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ, ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോൺ എന്നിവരുമായി പ്രധാനമന്ത്രി മോദി ഹ്രസ്വ സംഭാഷണം നടത്തിയിരുന്നു. ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്കുമായി മോദി കൂടിക്കാഴ്‌ച നടത്താനും സാധ്യതയുണ്ട്. ഉച്ചകോടിയില്‍ ഇന്ത്യക്ക് ഗുണകരമാകുന്ന ചര്‍ച്ചകള്‍ ഉണ്ടാകുമെന്ന് ബാലിയിലേക്ക് പോകുന്നതിന് മുന്‍പ് നല്‍കിയ സന്ദേശത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി അറിയിച്ചിരുന്നു.
അടുത്ത വര്‍ഷത്തെ ജി20 ഉച്ചകോടി ഇന്ത്യയിലാണ് നടക്കുക. ഡിസംബര്‍ ഒന്നിന് ജി 20 യുടെ അധ്യക്ഷസ്ഥാനം ഇന്ത്യ ഏറ്റെടുക്കും. ഈ മാസം ആരംഭത്തില്‍ ഇന്ത്യയുടെ ജി 20 പ്രസിഡന്‍സിയുടെ ലോഗോയും തീമും പ്രധാനമന്ത്രി പുറത്തിറക്കിയിരുന്നു.