ആംസ്റ്റർഡാം : രണ്ടായിരത്തിലേറെ പേരുടെ മരണത്തിന് കാരണമായ തുര്‍ക്കിയിലെ ഭൂകമ്പം മൂന്ന് ദിവസങ്ങള്‍ക്ക് മുമ്പ് പ്രവചിച്ച് ഡച്ച് ഗവേഷകനായ ഫ്രാങ്ക് ഹൂഗര്‍ബീറ്റ്‌സ്. റിക്‌ടര്‍ സ്‌കെയിലില്‍ 7.5 തീവ്രതയുള്ള ഭൂകമ്പം ദക്ഷിണ-മധ്യ തുര്‍ക്കി, സിറിയ, ലെബനന്‍, ജോര്‍ദാന്‍ മേഖലയില്‍ ഉണ്ടാകുമെന്ന് സോളാര്‍ സിസ്‌റ്റം സര്‍വേയിലൂടെ ( SSGEOS) തിരിച്ചറിഞ്ഞ് ഗവേഷകനായ ഹൂഗര്‍ബീറ്റ്‌സ് തന്‍റെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ ഫെബ്രുവരി 3ന് കുറിച്ചിരുന്നു. ദശലക്ഷക്കണക്കിനാളുകളാണ് ഈ ട്വീറ്റ് ഇതുവരെ കണ്ടത്. പ്രവചനത്തിന്‍റെ കൃത്യതയില്‍ പലരും ആശ്ചര്യം രേഖപ്പെടുത്തി.
ആദ്യമുണ്ടായ ഭൂകമ്പത്തിന് ശേഷം വീണ്ടുമൊന്നുകൂടി തുര്‍ക്കിയില്‍ ഉണ്ടാവാന്‍ സാധ്യതയുണ്ടെന്ന് തന്‍റെ ഗവേഷണ സ്ഥാപനമായ SSGEOS പ്രവചിക്കുന്ന ട്വീറ്റ് ഹൂഗര്‍ബീറ്റ്‌സ് ആദ്യത്തെ ഭൂചലനത്തിന് ശേഷം റീട്വീറ്റ് ചെയ്‌തു. ഈ റീട്വീറ്റിന് ശേഷം മൂന്ന് മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ പ്രവചിച്ചത് പോലെ തന്നെ തുടര്‍ ഭൂകമ്പം തുര്‍ക്കിയില്‍ ഉണ്ടായി. ഈ പ്രവചനവും ശരിയായത് പലരേയും സ്‌തംഭിപ്പിച്ചു.
എന്നാല്‍ ഭൂകമ്പത്തില്‍ തന്‍റെ ദുഃഖം ഹൂഗര്‍ബീറ്റ്സ് രേഖപ്പെടുത്തി. ഭൂകമ്പത്തില്‍ ബാധിക്കപ്പെട്ടവരോട് താന്‍ ഹൃദയപൂര്‍വമായ അനുഭാവം രേഖപ്പെടുത്തുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. താന്‍ നേരത്തെ പറഞ്ഞത് പോലെ ഇന്നല്ലെങ്കില്‍ നാളെ ഈ പ്രദേശത്ത് ഭൂകമ്പം ഉണ്ടാകുമായിരുന്നു. ഫെബ്രുവരി 4-5 തീയതികളില്‍ ഉണ്ടായത് പോലുള്ള നിര്‍ണായകമായ പ്ലാനറ്ററി ജിയോമെട്രി ഇത്തരം ഭൂകമ്പങ്ങള്‍ക്ക് മുമ്പായി ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഹൂഗര്‍ബീറ്റ്‌സിന്‍റെ പ്രവചനങ്ങള്‍ക്ക് ശാസ്‌ത്രീയതയില്ലെന്ന് വിമര്‍ശനം:അതേസമയം ഹൂഗര്‍ബീറ്റ്‌സിന്‍റെ പ്രവചനങ്ങളുടെ ശാസ്‌ത്രീയതയെ പലരും ട്വിറ്ററില്‍ ചോദ്യം ചെയ്‌തിട്ടുണ്ട്. ചന്ദ്രന്‍റേയും പ്ലാനറ്ററി ജിയോമെട്രിയുടേയും മാതൃകങ്ങള്‍ അടിസ്ഥാനപ്പെടുത്തിയാണ് ഹൂഗര്‍ ബീറ്റ്‌സ് ഭൂകമ്പ പ്രവചനങ്ങള്‍ നടത്തുന്നത് . ഹൂഗര്‍ബീറ്റ്‌സ് നടത്തിയ പല പ്രവചനങ്ങളും തെറ്റായിരുന്നുവെന്ന് ഒരാള്‍ ട്വിറ്ററില്‍ കുറിച്ചു.
എന്നാല്‍ തുര്‍ക്കി സിറിയന്‍ അതിര്‍ത്തിയില്‍ ഉണ്ടായ ഭൂകമ്പത്തെ കുറിച്ചുള്ള പ്രവചനം ശരിയായി വന്നു. ഇദ്ദേഹം നടത്തിയ ഭൂകമ്പ പ്രവചനങ്ങള്‍ മൊത്തത്തില്‍ എടുക്കുകയാണെങ്കില്‍ കൃത്യത വളരെ കുറവാണ്. ഭൂകമ്പ ശാസ്‌ത്രജ്ഞര്‍ ഇദ്ദേഹത്തിന്‍റെ പ്രവചനങ്ങള്‍ തെറ്റിദ്ധരിപ്പിക്കുന്നതും അശാസ്‌ത്രീയമാണെന്നും പറഞ്ഞിട്ടുണ്ടെന്നും ഇദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ഭൂകമ്പങ്ങള്‍ പ്രവചിക്കാനായി ശരിയായ മാതൃകകളില്ല എന്നാണ് ഭൂകമ്പ ശാസ്‌ത്രജ്ഞര്‍ പറയുന്നത്.