ഓഷ്‌കോഷ് : യുഎസിലെ ഓഷ്‌കോഷിലുണ്ടായ രണ്ട് വ്യത്യസ്‌ത എയർക്രാഫ്‌റ്റ് അപകടങ്ങളിൽ നാല് പേർ മരിച്ചതായി യുഎസ് അധികൃതർ അറിയിച്ചു. ഒരു സംഭവത്തിൽ യുഎസിലെ വിസ്കോൺസിനിലെ വിമാനത്താവളത്തിൽ ഇന്നലെയുണ്ടായ അപകടത്തിൽ രണ്ട് പേർ മരിക്കുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. ഓഷ്‌കോഷിലെ വിറ്റ്മാൻ റീജിയണൽ എയർപോർട്ടിൽ പ്രാദേശിക സമയം ഉച്ചയ്ക്ക് ശേഷം ഒരു റോട്ടർവേ 162 എഫ് ഹെലികോപ്റ്ററും ELA എക്ലിപ്‌സ് 10 ഗൈറോകോപ്റ്ററും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.
ഓഷ്‌കോഷിലെ എക്‌സ്‌പിരിമെന്‍റല്‍ എയര്‍ക്രാഫ്‌റ്റ് അസോസിയേഷന്‍റെ വാർഷിക ഫ്ലൈ ഇൻ കൺവെൻഷനിൽ പങ്കെടുക്കുന്ന വ്യക്തികളുടേതായിരുന്നു അപകടത്തിൽപ്പെട്ട എയർക്രാഫ്റ്റ് വിമാനം. എയർക്രാഫ്റ്റ് അപകടത്തിൽ രണ്ട് പേർ കൊല്ലപ്പെടുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തതായി വിൻബാഗോ കൗണ്ടി ഷെരീഫ് ഓഫിസിനെ ഉദ്ധരിച്ച് അസോസിയേഷൻ അറിയിച്ചു. പരിക്കേറ്റവരെ പ്രാദേശിക ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. അവരുടെ ആരോഗ്യനില തൃപ്‌തികരമാണെന്നും അസോസിയേഷൻ അറിയിച്ചു.
അപകടത്തെക്കുറിച്ച് നാഷണൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡ് (എൻടിഎസ്ബി) അന്വേഷണം നടത്തിവരികയാണ്. ഔദ്യോഗിക സ്ഥിരീകരണങ്ങൾക്ക് ശേഷം മാത്രം കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്ന് എയർക്രാഫ്റ്റ് അസോസിയേഷൻ പ്രതിനിധികൾ അറിയിച്ചു.
രണ്ടാമത്തെ സംഭവത്തിൽ, ഓഷ്‌കോഷിനടുത്തുള്ള വിൻബാഗോ തടാകത്തിൽ എയർക്രാഫ്റ്റ് തകർന്നുവീണ് രണ്ട് പേർ മരിച്ചു. സിംഗിൾ എഞ്ചിൻ നോർത്ത് അമേരിക്കൻ T-6 എയർക്രാഫ്റ്റാണ് തകർന്നുവീണത്. ഈ കേസും NTSB അന്വേഷിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.