ലണ്ടൻ: യുകെ പ്രധാനമന്ത്രി ഋഷി സുനകിന്‍റെ മന്ത്രിസഭയിൽ മൂന്ന് സ്‌ത്രീകൾ. ഗില്ലിയൻ കീഗൻ, പെന്നി മോർഡൗണ്ട്, സുവെല്ല ബ്രേവർമാൻ എന്നിവരാണ് ഋഷിയുടെ മന്ത്രിസഭയിൽ ചൊവ്വാഴ്‌ച അധികാരമേറ്റത്. സുവെല്ല ബ്രേവർമാനെ ആഭ്യന്തര സെക്രട്ടറിയായും പെന്നി മോർഡൗണ്ടിനെ വീണ്ടും ഹൗസ് ഓഫ് കോമൺസ് നേതാവായും ഗില്ലിയൻ കീഗനെ വിദ്യാഭ്യാസ സെക്രട്ടറിയായും നിയമിച്ചതായി കൺസർവേറ്റീവ് പാർട്ടി ട്വീറ്റ് ചെയ്‌തു.
സുവെല്ല ബ്രേവർമാൻ - ആദ്യം രാജി വീണ്ടും നിയമനം:ലിസ് ട്രസിന്‍റെ മന്ത്രിസഭയിലും ആഭ്യന്തര സെക്രട്ടറിയായിരുന്നു സുവെല്ല ബ്രേവർമാൻ. ഒക്‌ടോബർ 19 നാണ് സുവെല്ല, ലിസ് മന്ത്രിസഭയിൽ നിന്നും രാജിവച്ചത്. തന്‍റെ സ്വകാര്യ ഇമെയിൽ വിലാസത്തിൽ നിന്ന് ഔദ്യോഗിക രേഖ അയച്ചുവെന്നും ഉത്തരവാദിത്തത്തിൽ വീഴ്‌ചവരുത്തിയെന്നും ഏറ്റുപറഞ്ഞുകൊണ്ടുള്ളതായിരുന്നു സുവെല്ല ബ്രേവർമാന്‍റെ രാജി. നിലവിൽ യുകെ അതിർത്തികളുടെ മേൽനോട്ടം, പൊലീസിംഗ്, തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങൾ എന്നീ വകുപ്പുകളുടെ ചുമതല ഏറ്റുകൊണ്ടാണ് ഋഷിയുടെ മന്ത്രിസഭയിൽ ഇവർ തിരിച്ചെത്തിയിരിക്കുന്നത്.
പെന്നി മോർഡൗണ്ട് - തെരഞ്ഞെടുപ്പിൽ ഋഷിയുടെ എതിരാളി: ഋഷി സുനകിനൊപ്പം പ്രസിഡന്‍റ് സ്ഥാനത്തേയ്‌ക്ക് മത്സരിച്ച പെന്നി മോർഡൗണ്ടിനെ ഹൗസ് ഓഫ് കോമൺസ് നേതാവായാണ് വീണ്ടും നിയമിച്ചിരിക്കുന്നത്. പ്രിവി കൗൺസിലിന്‍റെ പ്രിസൈഡിംഗ് ഓഫിസർ എന്ന നിലയിൽ മോർഡൗണ്ട് വീണ്ടും കൗൺസിലിന്‍റെ പ്രസിഡന്‍റ് സ്ഥാനവും ഏറ്റെടുക്കും. പ്രസിഡന്‍റിന്‍റെ പദവിയിലേക്കുള്ള മത്സരത്തിൽ മൂന്നാം സ്ഥാനത്തുണ്ടായിരുന്ന മോർഡൗണ്ട്, ബോറിസ് ജോൺസൺ മത്സരത്തിൽ നിന്ന് പിന്മാറിയതോടെ രണ്ടാം സ്ഥാനത്തേയ്‌ക്ക് ഉയർന്നിരുന്നു.
ഗില്ലിയൻ കീഗൻ - വികസനം ഇനി ഈ കൈകളിൽ: സെപ്‌റ്റംബറിൽ ലിസ് ട്രസിന്‍റെ മന്ത്രിസഭയിൽ വിദേശ, കോമൺവെൽത്ത്, വികസന വകുപ്പുകളിൽ നിയമിതയായിരുന്ന ഗില്ലിയൻ കീഗൻ, ഋഷി സുനക് മന്ത്രിസഭയിൽ വിദ്യഭ്യാസ സെക്രട്ടറിയായാണ് നിയമിക്കപ്പെട്ടിട്ടുള്ളത്. 2021 സെപ്‌റ്റംബർ മുതൽ 2022 സെപ്‌റ്റംബർ വരെ ആരോഗ്യ-സാമൂഹിക പരിപാലന വകുപ്പിൽ കെയർ സഹമന്ത്രിയായിരുന്നു. കൺസർവേറ്റീവ് പാർട്ടിയുടെ നേതാവായി ഋഷി സുനക് തിരഞ്ഞെടുക്കപ്പെട്ടപ്പോൾ ഇന്‍റർനാഷണൽ ട്രേഡ് സെക്രട്ടറിയായും വനിതാ-സമത്വ മന്ത്രിയായും കെമി ബാഡെനോച്ചിനെയും സാംസ്‌കാരിക സെക്രട്ടറിയായി മിഷേൽ ഡൊണലനെയും വീണ്ടും നിയമിച്ചു.
മന്ത്രിസഭയിലെ പുതുമുഖങ്ങൾ: ബിസിനസ് സെക്രട്ടറിയായി നിയമിതനായ ഗ്രാന്‍റ് ഷാപ്‌സ്, വർക്ക് ആൻഡ് പെൻഷൻ സെക്രട്ടറിയായി നിയമിതനായ മെൽ സ്‌ട്രൈഡ്, പരിസ്ഥിതി സെക്രട്ടറിയായി നിയമിതനായ തെരേസ് കോഫി, ഹെൽത്ത് സെക്രട്ടറിയായി സ്റ്റീവ് ബാർക്ലേ, ലെവലിംഗ് അപ്പ്, ഹൗസിംഗ് ആന്‍ഡ് കമ്മ്യൂണിറ്റി സെക്രട്ടറിയായി നിയമിതനായ മൈക്കൽ ഗോവ് എന്നിവരാണ് ഋഷിയുടെ മന്ത്രിസഭയിലെ പുതിയ അംഗങ്ങൾ.
പുതിയ മന്ത്രിസഭയിലെ പഴയ മുഖങ്ങൾ: ബോറിസിന്‍റെ മന്ത്രിസഭയിൽ ഉണ്ടായിരുന്ന ഡൊമിനിക് റാബ് ഉപപ്രധാനമന്ത്രിയായും നീതിന്യായ സെക്രട്ടറിയായും തിരിച്ചെത്തി. ജെയിംസ് ക്ലെവർലിയും ബെൻ വാലസും വിദേശകാര്യ സെക്രട്ടറിയായും പ്രതിരോധ സെക്രട്ടറിയായും നിയമിക്കപ്പെട്ടു. പുതിയ ചീഫ് വിപ്പ് സൈമൺ ഹാർട്ടിനെ നിയമിക്കുകയും നാദിം സഹവിയ്‌ക്ക് മന്തിസ്ഥാനം നൽകുകയും ചെയ്‌തു.
മിഷേൽ ഡൊണലൻ സാംസ്‌കാരികം, മാധ്യമം, കായിക വകുപ്പുകളിൽ തുടരും. ക്രിസ് ഹീറ്റൺ-ഹാരിസ് വടക്കൻ അയർലണ്ടിന്‍റെ സ്റ്റേറ്റ് സെക്രട്ടറിയായി വീണ്ടും നിയമിതനായി. ലിസ് ട്രസിന്‍റെ മന്ത്രിസഭയിൽ നിന്ന് നിരവധിപേർ രാജിവച്ചതിന് പിന്നാലെയാണ് ഋഷി സുനക് മന്ത്രിസഭ പുനസംഘടിപ്പിച്ചത്.