വാഷിങ്‌ടണ്‍ (യുഎസ്): അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍റെ വസതിയില്‍ നടത്തിയ റെയ്‌ഡില്‍ ആറ് അനുബന്ധ രഹസ്യരേഖകള്‍ കൂടി കണ്ടെടുത്ത് ആഭ്യന്തര രഹസ്യാന്വേഷണ സുരക്ഷാവിഭാഗമായ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്‌റ്റിഗേഷന്‍ (എഫ്‌ബിഐ). ബൈഡന്‍റെ ഡെലവെയറിലെ വില്‍മിങ്‌ടണിലുള്ള വസതിയില്‍ വെള്ളിയാഴ്‌ച നടത്തിയ പരിശോധനയിലാണ് ബൈഡന്‍റെ കുറിപ്പുകളും, പ്രസിഡന്‍റിന്‍റെ അഭിഭാഷകന്‍റെ കുറിപ്പും ഉള്‍പ്പടെയുള്ള ആറ് രേഖകള്‍ എഫ്‌ബിഐ കണ്ടെടുത്തത്. വാഷിങ്‌ടണിലെ പെന്‍ ബൈഡന്‍ സെന്‍ററില്‍ വച്ച് ജനുവരി 12 ന് ഏതാനും രേഖകള്‍ അഭിഭാഷകര്‍ കണ്ടെടുത്തതോടെയാണ് ബൈഡന് നേരെയുള്ള സംശയത്തിന്‍റെ കുന്തമുനകള്‍ നീണ്ടുതുടങ്ങുന്നത്.
ആളില്ലാത്ത സമയത്തെ തെരച്ചില്‍ :പ്രസിഡന്‍റിന്‍റെ സ്വമേധയായുള്ള സമ്മതത്തോടെയായിരുന്നു എഫ്‌ബിഐയുടെ തെരച്ചില്‍. എന്നാല്‍ വാറണ്ടില്ലാത്തതിനാല്‍ അസാധാരണ രീതിയിലുള്ള തെരച്ചിലായിരുന്നു അരങ്ങേറിയത്. വസതിയിലും പ്രദേശത്തുമായുള്ള തെരച്ചില്‍ 13 മണിക്കൂര്‍ നീണ്ടിരുന്നു. ബൈഡന്‍ സെനറ്റിലും വൈസ് പ്രസിഡന്‍റിന്‍റെ കസേരയിലുമിരുന്ന കാലയളവിലെ രേഖകളാണ് സംഘം കണ്ടെടുത്തിട്ടുള്ളത്. അതേസമയം തെരച്ചില്‍ നടക്കുന്ന സമയത്ത് ബൈഡനും അദ്ദേഹത്തിന്‍റെ പത്നിയും യു.എസിന്‍റെ പ്രഥമവനിതയുമായ ജില്‍ ബൈഡനും വീട്ടിലുണ്ടായിരുന്നില്ല. ഡെലവെയറിലെ തന്നെ റെഹോബോത്ത് ബീച്ചിന് സമീപമുള്ള വസതിയില്‍ വാരാന്ത്യം ചെലവഴിക്കുകയായിരുന്നു ബൈഡനും കുടുംബവും.
എല്ലാം ശരിയായ ട്രാക്കിലോ :വീട്ടില്‍ നിന്ന് കണ്ടെടുത്തത് ബൈഡന്‍ വൈസ് പ്രസിഡന്‍റായിരുന്ന കാലയളവിലെ രേഖകള്‍ തന്നെയാണെന്ന് അദ്ദേഹത്തിന്‍റെ സ്വകാര്യ അഭിഭാഷകന്‍ ബോബ് ബോവറും വ്യക്തമാക്കി. എന്നാല്‍ കണ്ടെടുത്ത രേഖകള്‍ ശരിയായ രീതിയില്‍ തന്നെയാണോ ഇനം തിരിച്ചിരിക്കുന്നത് എന്നതില്‍ അദ്ദേഹം സംശയം പ്രകടിപ്പിച്ചു. എഫ്‌ബിഐ മുമ്പ് കണ്ടെടുത്ത് ഒഴിവാക്കിയ രേഖകള്‍ നിലവിലും ഇനം തിരിച്ച രേഖകളുടെ കൂട്ടത്തിലുണ്ടോ എന്ന് നീതിന്യായ വകുപ്പ് പരിശോധിച്ചുവരികയാണ്.
അന്വേഷണത്തിന് 'ഫുള്‍ സപ്പോര്‍ട്ട്': അഭിഭാഷകന്‍റെ വാദത്തിന് ചൂടുപിടിപ്പിച്ച് ജോ ബൈഡനും രംഗത്തെത്തി. രേഖകളില്‍ ചിലത് തെറ്റായ സ്ഥലത്ത് ഫയല്‍ ചെയ്‌തതായി തങ്ങള്‍ കണ്ടെത്തിയെന്നും അതുകൊണ്ടുതന്നെ അവ ആര്‍ക്കൈവ്‌സുകള്‍ക്കും നീതിന്യായ വകുപ്പിനും കൈമാറിയെന്നും ബൈഡന്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ അറിയിച്ചു. അന്വേഷണങ്ങളോട് പൂര്‍ണമായി സഹകരിക്കുന്നുണ്ടെന്നും അത് എത്രയും വേഗത്തില്‍ പൂര്‍ത്തിയാകാനാണ് കാത്തിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആദ്യമായല്ല ഈ തെരച്ചില്‍ :ബൈഡന്‍റെ വില്‍മിങ്‌ടണിലുള്ള വീട്ടിലെ ലൈബ്രറിയില്‍ നിന്ന് അദ്ദേഹം വൈസ് പ്രസിഡന്‍റായിരുന്ന സമയത്തെ ആറ് രഹസ്യരേഖകളും മുമ്പ് കണ്ടെടുത്തിരുന്നു. ഇതിന് പിന്നാലെ പ്രസിഡന്‍റിന്‍റെ അഭിഭാഷകർ റെഹോബോത്ത് ബീച്ചിന് സമീപമുള്ള വസതിയില്‍ തെരച്ചില്‍ നടത്തിയെങ്കിലും ഔദ്യോഗിക രേഖകളോ രഹസ്യ രേഖകളോ കണ്ടെടുക്കാന്‍ കഴിഞ്ഞില്ലായിരുന്നു. എന്നാല്‍ വെള്ളിയാഴ്‌ച അരങ്ങേറിയ റെയ്‌ഡിന് പിന്നാലെയായി മറ്റ് സ്ഥലങ്ങളില്‍ അന്വേഷണ ഏജന്‍സികളുടെ തെരച്ചിലുകള്‍ നടക്കുമോ എന്നതും ഏറെ പ്രാധാന്യമര്‍ഹിക്കുന്നു.
പ്രസിഡന്‍റ് കുപ്പായത്തില്‍ കറ വീഴുമോ ? : തെരച്ചിലുകളുടെ വേളകളിലെല്ലാം "അവിടെയൊന്നുമില്ല" എന്ന് ബൈഡന്‍ ആവര്‍ത്തിക്കുന്നുണ്ടെങ്കിലും ഈ കണ്ടെടുക്കലുകളെല്ലാം അധികം വൈകാതെ വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന് രാഷ്‌ട്രീയ ബാധ്യതയായി മാറുമോ എന്നതും വലിയ ചേദ്യമായി തന്നെ അവശേഷിക്കുന്നുണ്ട്. വിവാദങ്ങള്‍ കൊണ്ടും വെളിപ്പെടുത്തലുകള്‍കൊണ്ടും പ്രക്ഷുബ്‌ധമായിരുന്ന മുന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ കാലയളവിനെ അപേക്ഷിച്ച് പ്രതിച്ഛായയുടെ പിന്‍ബലത്തില്‍ വിജയിച്ചുകയറിയ ബൈഡനെതിരെയുള്ള ഈ തെരച്ചിലുകള്‍ തെരഞ്ഞെടുത്തയച്ച ജനം ഏത് രീതിയില്‍ പരിഗണിക്കും എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. റെയ്‌ഡും രേഖകള്‍ കണ്ടെടുത്തതും പ്രതിപക്ഷം ആയുധമാക്കുമെന്നതില്‍ സംശയത്തിനിടയില്ല.
മുട്ടന്‍പണി പിന്നാലെ വരുന്നുണ്ട് :അതേസമയം സ്വന്തം വസതികളിലും ഓഫിസുകളിലും ഫെഡറല്‍ ഏജന്‍സികള്‍ തിരക്കിട്ട് തെരച്ചിലുകളുമായി മുന്നോട്ടുപോകുമ്പോള്‍, മുന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് സ്ഥാനമൊഴിഞ്ഞതിന് ശേഷം രഹസ്യ രേഖകളും ഔദ്യോഗിക രേഖകളും കൈവശംവച്ചതിനെക്കുറിച്ചുള്ള അന്വേഷണം ജോ ബൈഡന്‍ കടുപ്പിച്ചിട്ടുണ്ട്. 2021 ന്‍റെ തുടക്കത്തില്‍ ട്രംപ് വൈറ്റ്‌ഹൗസ് വിടുമ്പോള്‍ കൈവശം കൊണ്ടുപോയ നൂറുകണക്കിന് രേഖകള്‍ തിരിച്ചുനല്‍കണമെന്ന സര്‍ക്കാരിന്‍റെ അഭ്യര്‍ഥന മുഖവിലക്കെടുക്കുന്നില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് നിലവില്‍ അന്വേഷണം കടുപ്പിച്ചിരിക്കുന്നത്.