മെൻലോ പാർക്ക്: ഉപയോക്‌താക്കളെ ആകർഷിക്കുന്നതിനായി പുതിയ അപ്‌ഡേഷനുമായി ഫേസ്‌ബുക്ക്. എതിരാളിയായ ടിക് ടോക്കുമായുള്ള മത്സരം ശക്തമാക്കുന്നതിന്‍റെ ഭാഗമായി കൂടുതൽ ആളുകളെ തങ്ങളുടെ സോഷ്യൽ നെറ്റ്‌വർക്കിലേക്ക് എത്തിക്കുന്നതിന്‍റെ ഭാഗമായാണ് ഫേസ്‌ബുക്കിന്‍റെ പുതിയ നീക്കം.
ഉപയോക്താക്കൾക്ക് അവരുടെ സുഹൃത്തുക്കളുടെ എല്ലാ പോസ്റ്റുകളും കാണാനുള്ള പുതിയ വഴിയാണ് ഫേസ്‌ബുക്ക് നൽകുന്നത്. പുതിയ അപ്‌ഡേഷൻ വഴി ഫേസ്‌ബുക്ക് ആപ്പിൽ ഫീഡ്‌സ് എന്ന പേരിലുള്ള പുതിയ ടാബ് ലഭിക്കും. ഇവിടെ പേജുകൾ, ഗ്രൂപ്പുകൾ, സുഹൃത്തുക്കൾ എന്നിങ്ങനെ വേർതിരിച്ചുള്ള ഫീഡുകൾ കാണാൻ കഴിയും.
ഇവയെല്ലാം സംയോജിപ്പിച്ചുള്ള ആൾ (All) എന്ന സെക്‌ഷനും ഇതിലുണ്ടാകും. കൂടാതെ ഉപയോക്‌താക്കൾക്ക് താൽപര്യമുള്ള സുഹൃത്തുക്കളെയും പേജുകളെയും ഗ്രൂപ്പുകളെയും മാത്രം ഉൾപ്പെടുത്തി ഫേവറെെറ്റ് എന്ന ലിസ്റ്റ് ഉണ്ടാക്കാനും സാധിക്കും.
ആപ്പ് തുറക്കുമ്പോൾ വരുന്ന പേജ് ഇനി ഹോം എന്നാണ് അറിയപ്പെടുക. ഫേസ്‌ബുക്കിന്‍റെ അൽഗോരിതം അനുസരിച്ചാണ് പോസ്റ്റുകളും ഫീഡുകളും ഹോം പേജിൽ പ്രത്യക്ഷപ്പെടുക. കൂടാതെ ഹോം പേജിൽ റീൽസ് നിർമിക്കാനും സൗകര്യമുണ്ടാവും.
പുതിയ അപ്‌ഡേറ്റിലൂടെ റീല്‍സ് വീഡിയോകളും, മറ്റ് വീഡിയോ ഉള്ളടക്കങ്ങളും ഹോം പേജില്‍ തന്നെ കൂടുതലായി പ്രത്യക്ഷപ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്ത ദിവസങ്ങളിൽ തന്നെ ഈ അപ്‌ഡേറ്റ് ആഗോള തലത്തിൽ ലഭ്യമാകും.