ജക്കാര്‍ത്ത: ഇന്തോനേഷ്യയുടെ തലസ്ഥാന നഗരം സ്ഥിതിചെയ്യുന്ന ദ്വീപായ ജാവയില്‍ ഭൂകമ്പം. 46 പേരുടെ മരണം ഇതുവരെ സ്ഥിരീകരിച്ചു. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. തലസ്ഥാനത്തെ നിരവധി ആളുകള്‍ കെട്ടിടങ്ങളില്‍ നിന്ന് ഓടി തെരുവുകളിലേക്ക് രക്ഷപ്പെടുകയാണ്.
റിക്‌ടര്‍ സ്‌കെയിലില്‍ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് ഉണ്ടായിരിക്കുന്നത്. പശ്ചിമ ജാവ പ്രവിശ്യയിലെ സിയാന്‍ജൂര്‍ പ്രദേശത്ത് പത്ത് കിലോമീറ്റര്‍ ആഴത്തിലാണ് ഭൂകമ്പത്തിന്‍റെ പ്രഭവ കേന്ദ്രം. 700ഓളം പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കെട്ടിടങ്ങള്‍ തകര്‍ന്ന് വീഴുമ്പോഴുള്ള അപകടത്തില്‍ പെട്ടാണ് നിരവധി പേര്‍ക്ക് പരിക്ക് പറ്റിയത്.
സിയാന്‍ജൂരില്‍ നിരവധി മേഖലകളില്‍ മണ്ണിടിച്ചലും റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. ഇസ്ലാമിക് ബോര്‍ഡിങ് സ്‌കൂള്‍, ഒരു ആശുപത്രി ഉള്‍പ്പെടെയുള്ള നിരവധി പൊതുജന സേവന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടങ്ങള്‍ തകര്‍ന്നു. അപകടത്തിന്‍റെ പൂര്‍ണവിവരങ്ങള്‍ അധികൃതര്‍ ഇപ്പോഴും ശേഖരിച്ചുകൊണ്ടിരിക്കുകയാണ്. ഗ്രേറ്റര്‍ ജക്കാര്‍ത്ത പ്രദേശത്താണ് ഭൂകമ്പം ശക്തമായി അനുഭവപ്പെട്ടത്.
ദ്വീപസമൂഹ രാജ്യമായ ഇന്തോനേഷ്യയില്‍ ഭൂകമ്പങ്ങള്‍ ഇടക്കിടെ ഉണ്ടാകാറുണ്ട്. എന്നാല്‍ ജക്കാര്‍ത്തയില്‍ ഭൂകമ്പം വിരളമായി മാത്രമെ ഉണ്ടായിട്ടുള്ളൂ. പെസഫിക് സമുദ്രത്തിലെ റിങ് ഒഫ് ഫയര്‍ എന്ന് വിളിക്കുന്ന അഗ്‌നി പര്‍വതങ്ങള്‍ക്കിടയിലെ സ്ഥാനമാണ് ഇന്തോനേഷ്യയെ ഭൂകമ്പങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ സാധ്യതയുള്ള രാജ്യമാക്കി മാറ്റുന്നത്.
ഈ വര്‍ഷം ഫെബ്രുവരിയില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ ഇന്തോനേഷ്യയിലെ വടക്കന്‍ സുമാത്ര പ്രവിശ്യയില്‍ 25 പേര്‍ മരണപ്പെടുകയും 460 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തിരുന്നു. 2021 ജനുവരിയില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ ഇന്തോനേഷ്യയിലെ തന്നെ സുലവേസി പ്രവിശ്യയില്‍ 100 പേര്‍ മരണപ്പെടുകയും 6,500 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തിരുന്നു. 2004ലെ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഉണ്ടായ ഭൂകമ്പത്തെ തുടര്‍ന്നുണ്ടായ സുനാമിയില്‍ 2,30,000 പേരാണ് മരണപ്പെട്ടത്. ഇതില്‍ ഭൂരിഭാഗവും ഇന്തോനേഷ്യക്കാരായിരുന്നു.