ബെയ്‌ജിങ്: തായ്‌വാനിൽ ഭൂചലനം. തായ്‌വാന്‍റെ തെക്ക് കിഴക്കൻ തീരത്താണ് ഞായറാഴ്‌ച(18.09.2022) റിക്‌ടർ സ്‌കെയിലിൽ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. 7 കിലോമീറ്റർ (4 മൈൽ) ആഴത്തിൽ ചിഷാങ് പട്ടണത്തിലാണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രമെന്ന് തായ്‌വാനിലെ കേന്ദ്ര കാലാവസ്ഥ ബ്യൂറോ അറിയിച്ചു.
തുടർച്ചയായ രണ്ടാം ദിവസവും തായ്‌വാനിൽ ഭൂചലനം; 6.8 തീവ്രത രേഖപ്പെടുത്തി
തായ്‌വാനിൽ ഭൂചലനത്തിൽ മൂന്ന് നില കെട്ടിടം തകർന്നു. ഡോംഗ്‌ളി റെയിൽവേ സ്റ്റേഷനിൽ പ്ലാറ്റ്‌ഫോം ഭാഗികമായി തകരുകയും സ്റ്റേഷനിലുണ്ടായിരുന്ന ട്രെയിനിലെ മൂന്ന് ബോഗികൾ വേർപെടുകയും ചെയ്‌തു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
ഭൂചലനത്തിൽ യൂലി ടൗണിൽ മൂന്ന് നില കെട്ടിടം തകർന്ന് മൂന്ന് പേർ കെട്ടിടത്തിനുള്ളിൽ കുടുങ്ങി. ഇവിടെ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. കെട്ടിടത്തിന്‍റെ മുകളിലത്തെ രണ്ട് നിലകൾ തെരുവിന്‍റെ മറുവശത്തേക്ക് ചരിഞ്ഞുകിടക്കുന്നതായുള്ള ഫോട്ടോകൾ പുറത്തുവന്നു. യൂലിക്കും ചിഷാങ്ങിനും ഇടയിലുള്ള ഫുലി ടൗണിലെ ഡോംഗ്‌ളി റെയിൽവേ സ്റ്റേഷനിൽ പ്ലാറ്റ്‌ഫോം ഭാഗികമായി തകരുകയും സ്റ്റേഷനിലുണ്ടായിരുന്ന ട്രെയിനിലെ മൂന്ന് ബോഗികൾ വേർപെടുകയും ചെയ്‌തു.
തായ്‌വാന്‍റെ തലസ്ഥാനമായ തായ്‌പേയുടെ വടക്കേ അറ്റത്താണ് ഭൂചലനം അനുഭവപ്പെട്ടത്. തുടർച്ചയായ രണ്ടാം ദിവസമാണ് തായ്‌വാനിൽ ഭൂചലനം അനുഭവപ്പെടുന്നത്. ശനിയാഴ്‌ച വൈകുന്നേരം പ്രദേശത്ത് 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു. തായ്‌വാനിനടുത്തുള്ള നിരവധി തെക്കൻ ജാപ്പനീസ് ദ്വീപുകൾക്ക് ജപ്പാൻ കാലാവസ്ഥ ഏജൻസി സുനാമി മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും പിന്നീട് അത് പിൻവലിക്കുകയുണ്ടായി.