കാബൂള്‍ : പടിഞ്ഞാറന്‍ അഫ്‌ഗാനിസ്ഥാനിലെ ഹെറാത്ത് പ്രവിശ്യയില്‍ ശനിയാഴ്‌ചയുണ്ടായ (ഒക്‌ടോബര്‍ 7) ഭൂചലനത്തില്‍ നൂറിലധികം പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട് (Earthquake In Afghanistan). നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അഫ്‌ഗാനില്‍ നാശം വിതച്ചത്. ഹെറാത്ത് നഗരത്തില്‍ നിന്നും 40 കിലോമീറ്റര്‍ അകലെയാണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം.
ഭൂചലനത്തില്‍ 320 പേര്‍ക്ക് ജീവന്‍ നഷ്‌ടമായി എന്നായിരുന്നു യുഎന്‍ ആദ്യം പുറത്തുവിട്ട കണക്ക്. എന്നാല്‍, പ്രാദേശിക ഭാരണകൂടമാണ് അത്രയധികം ആളുകള്‍ കൊല്ലപ്പെട്ടിട്ടില്ലെന്ന വിവരം അറിയിച്ചത്. നിലവില്‍, ഇക്കാര്യം കൂടുതല്‍ പരിശോധിക്കുകയാണെന്ന് യുഎന്‍ അറിയിച്ചു.
അഫ്‌ഗാനില്‍ നാശം വിതച്ച ഭൂകമ്പത്തില്‍ 465 വീടുകള്‍ തകര്‍ന്നെന്നാണ് യുഎന്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്. തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയില്‍ കൂടുതല്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായാണ് സംശയം. രക്ഷാപ്രവര്‍ത്തനം പുരോഗമിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ദുരന്തത്തിന്‍റെ വ്യാപ്‌തി ഇനിയും ഉയര്‍ന്നേക്കാമെന്ന മുന്നറിയിപ്പും യുഎന്‍ നല്‍കുന്നുണ്ട്.
ഇന്നലെ ഉച്ചയോടെയാണ് മേഖലയില്‍ ഭൂചലനമുണ്ടായതെന്ന് ഹെറാത്ത് നഗരത്തിലെ താമസക്കാരില്‍ ഒരാള്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇതിന് പിന്നാലെ തുടര്‍ ചലനങ്ങള്‍ നഗരത്തിലുണ്ടായെന്നും അദ്ദേഹം അറിയിച്ചു. 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് പുറമെ 5.9, 5.5 തീവ്രതയില്‍ തുടര്‍ചലനങ്ങളുമാണ് മേഖലയില്‍ അനുഭവപ്പെട്ടതെന്നാണ് അമേരിക്കന്‍ ജിയോളജിക്കല്‍ സര്‍വേ പുറത്തുവിട്ട വിവരം.