വാഷിങ്‌ടണ്‍ :ഇലക്‌ട്രോതറാപ്പി നല്‍കി മുറിവ് വേഗത്തില്‍ ഉണക്കാന്‍ സാധിക്കുന്ന ബാന്‍ഡേജ് വികസിപ്പിച്ച് ഗവേഷകര്‍. യുഎസിലെ നോര്‍ത്ത് വെസ്‌റ്റേണ്‍ സര്‍വകലാശാലയിലെ ഗവേഷകരാണ് ഇത്തരത്തിലുള്ള ബാന്‍ഡേജ് വികസിപ്പിച്ചത്. ഈ ബാന്‍ഡേജ് ഉപയോഗിച്ചാല്‍ മുറിവ് മുപ്പത് ശതമാനം വേഗത്തില്‍ ഉണങ്ങുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
ചെറുതും, വഴക്കമുള്ളതും, വലിച്ച് നീട്ടാന്‍ സാധിക്കുന്നതുമായ ബാന്‍ഡേജാണ് ഇത്. എലികളില്‍ നടത്തിയ പഠനത്തില്‍ പ്രമേഹം കാരണം ഉണ്ടാകുന്ന വ്രണങ്ങള്‍ ഈ ബാന്‍ഡേജ് ഉപയോഗിച്ചാല്‍ പെട്ടെന്ന് ഭേദമാകുന്നതായി കണ്ടെത്തി. ഇതിന്‍റെ പഠന റിപ്പോര്‍ട്ട് സയന്‍സ് അഡ്‌വാന്‍സസ്(Science Advances) എന്ന ശാസ്‌ത്ര ജേണലില്‍ പ്രസിദ്ധീകരിച്ചു.
പ്രമേഹ രോഗികള്‍ക്ക് ഏറെ ഉപകാരപ്പെടും : മുറിവ് ഉണങ്ങുന്ന പ്രക്രിയ നിരീക്ഷിക്കാനുള്ള ശേഷി ഈ ബാന്‍ഡേജിനുണ്ട്. ഇനി ആവശ്യമില്ലെന്ന സാഹചര്യമായാല്‍, ബാന്‍ഡേജ് അപകട രഹിതമായി, അതിലെ ഇലക്‌ട്രോഡുകള്‍ ഉള്‍പ്പടെ, സ്വയം അലിഞ്ഞ് ഇല്ലാതാകുന്നു. പ്രമേഹ രോഗികള്‍ക്ക് ഈ ബാന്‍ഡേജ് വളരെ ഉപകാരപ്പെടുമെന്ന് ഇത് വികസിപ്പിച്ച ഗവേഷകര്‍ പറയുന്നു.
അവരുടെ പാദങ്ങള്‍ക്കിടയിലും മറ്റും ഉണ്ടാകുന്ന വ്രണങ്ങള്‍ പല തരത്തിലുള്ള ആരോഗ്യ സങ്കീര്‍ണതകള്‍ക്കും വഴിവയ്ക്കാറുണ്ട്. കാലുകള്‍ മുറിച്ച് മാറ്റേണ്ട അവസ്‌ഥയ്‌ക്ക് പോലും ഇത് കാരണമായേക്കാം.
ആദ്യത്തെ ബയോറിസോര്‍ബബ്ള്‍ ബാന്‍ഡേജ്:ഇലക്‌ട്രോതെറാപ്പി നല്‍കാന്‍ സാധിക്കുന്ന ആദ്യത്തെ ബയോറിസോര്‍ബബ്ള്‍(bioresorbabl) ബാന്‍ഡേജാണ് ഇത്. ശരീരത്തില്‍ സുരക്ഷിതമായി വിഘടിക്കാന്‍ കഴിയുന്ന വസ്‌തുക്കളെയാണ് ബയോറിസോര്‍ബബ്ള്‍ വസ്‌തുക്കള്‍ എന്ന് പറയുന്നത്. കൂടാതെ ഇത് സ്‌മാര്‍ട്ട് റീജനറേറ്റീവ് സിസ്‌റ്റത്തിന്‍റെ ആദ്യ ഉദാഹരണവുമാണെന്ന് ഗവേഷകര്‍ പറയുന്നു.
പ്രമേഹ രോഗികളിലെ അണുബാധ ചികിത്സിക്കാന്‍ വലിയ പ്രയാസമാണ്. അവരില്‍ അണുബാധ വളരെ അപകടകാരികളുമാണെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ നോര്‍ത്ത്‌വെസ്‌റ്റേണ്‍ സര്‍വകലാശാലയിലെ ഗില്ലെർമോ എ. അമീർ പറഞ്ഞു.
ചെലവ് കുറഞ്ഞ രീതിയില്‍ പ്രമേഹ രോഗികളുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണേണ്ട ആവശ്യമുണ്ട്. തങ്ങളുടെ ബാന്‍ഡേജ് ചെലവ് കുറഞ്ഞതും, മുറിവ് കൂടുതല്‍ സങ്കീര്‍ണമാകുന്നത് തടയുകയും ചെയ്യുന്നതുമാണെന്നും അമീര്‍ പറഞ്ഞു. ഈ ബാന്‍ഡേജ് ഇലക്‌ട്രോണിക് ഉപകരണം ആണെങ്കില്‍ പോലും മുറിവുമായി മുഖാമുഖം നില്‍ക്കുന്ന ഇതിന്‍റെ സക്രിയ ഘടകങ്ങള്‍ പൂര്‍ണമായും വിഘടിക്കുന്നവയാണ്.
അതുകൊണ്ട് തന്നെ മുറിവ് ഉണങ്ങല്‍ പ്രക്രിയ പൂര്‍ണമാകുമ്പോള്‍ ഇതിന്‍റെ മെറ്റീരിയല്‍ സ്വാഭാവികമായി അപ്രത്യക്ഷമാകുന്നു. ഇതിനാല്‍ ഫിസിക്കല്‍ എക്‌സ്‌ട്രേഷന്‍ വഴി കോശജാലത്തിനുണ്ടാകുന്ന പോറലുകള്‍ ഒഴിവാക്കപ്പെടുന്നു എന്ന് പഠനത്തില്‍ പങ്കാളിയായ നോര്‍ത്ത് വെസ്‌റ്റേണ്‍ സര്‍വകലാശാലയിലെ ജോണ്‍ എ റോജേഴ്‌സ് പറഞ്ഞു.
ബാന്‍ഡേജിലെ വിവിധ ഭാഗങ്ങള്‍ : ഈ ബാന്‍ഡേജിന്‍റെ ഒരു ഭാഗത്ത് രണ്ട് ഇലക്‌ട്രോഡുകളാണ് അടങ്ങിയിരിക്കുന്നത്. പൂവിന്‍റെ ആകൃതിയുള്ള ചെറിയ ഇലക്‌ട്രോഡ് മുറിവിന്‍റെ തൊട്ടുമുകളിലായിട്ടായിരിക്കും നിലയുറപ്പിക്കുക. ഒരു വളയത്തിന്‍റെ ആകൃതിയുള്ള രണ്ടാമത്തെ ഇലക്‌ട്രോഡ് മുറിവിനെ മൊത്തം ചുറ്റിപ്പറ്റി ആരോഗ്യമുള്ള കോശജാലത്തില്‍ നിലയുറപ്പിക്കുന്നു.
ബാന്‍ഡേജിന്‍റെ അടുത്ത ഭാഗത്തുള്ളത് ഒരു കോയിലാണ്. ഇതാണ് ബാന്‍ഡേജിന്‍റെ പ്രവര്‍ത്തനത്തിനുള്ള ഊര്‍ജം പ്രദാനം ചെയ്യുന്നത്. പിന്നെ ഡാറ്റ റിയല്‍ ടൈമില്‍ ട്രാന്‍സ്‌പോര്‍ട്ട് ചെയ്യാനായി നിയര്‍ഫീല്‍ഡ് കമ്മ്യൂണിക്കേഷന്‍ സിസ്‌റ്റവും ഈ ബാന്‍ഡേജില്‍ ഉണ്ടെന്ന് ഗവേഷകര്‍ പറഞ്ഞു.
മുറിവ് എത്രമാത്രം ഉണങ്ങി എന്ന് വിലയിരുത്താനായി സെന്‍സറുകളും ഇതില്‍ ഉണ്ട്. മുറിവില്‍ ഉടനീളമുള്ള ഇലക്‌ട്രിക്കല്‍ കറണ്ടിന്‍റെ റസിസ്റ്റന്‍സ് നോക്കി ഡോക്ടര്‍മാര്‍ക്ക് മുറിവ് ഉണങ്ങുന്നതിന്‍റെ പുരോഗതി വിലയിരുത്താന്‍ സാധിക്കും. കറണ്ടിന്‍റെ അളവ് ക്രമേണ കുറഞ്ഞ് വരുന്ന സാഹചര്യമാണ് ഉള്ളതെങ്കില്‍ മുറിവ് ഉണങ്ങല്‍ പ്രക്രിയ ഉണ്ടെന്ന് കണക്കാക്കാം എന്നും ഗവേഷകര്‍ പറയുന്നു.