ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ ആവേശത്തിലാണ് ആരാധകർ. ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന 2023 ലോകകപ്പിൽ ഇതുവരെ ഒട്ടേറെ റെക്കോഡുകൾക്കാണ് ക്രിക്കറ്റ് പ്രേമികൾ സാക്ഷിയായത്. ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന ടീം സ്കോറും വേഗമേറിയ സെഞ്ച്വറിയും അടക്കം നിരവധി റെക്കോഡുകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ പിറന്നത് (Cricket World Cup 2023 India Pak Match).
ശരിക്കും കളി കാണാൻ പോകുന്നതേയുള്ളൂ: ഒക്ടോബർ 14 ന് അഹമ്മദാബാദിലെ മൊട്ടേര, നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കാനിരിക്കുന്ന ഇന്ത്യ-പാകിസ്ഥാൻ മത്സരത്തിനാണ് ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്നത്. ലോകകപ്പിന്റെ ഏഴാം ദിവസമായ ഇന്ന് ശക്തരായ ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മിലാണ് മത്സരം. ആവേശകരമായ ലോകകപ്പ് മത്സരം പുരോഗമിക്കുന്നതിനിടെയുള്ള ചില രസകരമായ കാര്യങ്ങൾ പരിശോധിക്കാം (India Vs Pakistan ODI World Cup 2023).
ഡൽഹിയിലെ 35 ഡിഗ്രി താപനിലയിലും ഇന്ത്യ-അഫ്ഗാനിസ്ഥാൻ മത്സരം കാണാനായി നിരവധി ആരാധകരാണ് അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിലെത്തിയത്. ലജ്പത് നഗർ, സാകേതിലെ ഖിർക്കി വില്ലേജ് എന്നിവിടങ്ങളിൽ നിരവധി അഫ്ഗാൻ ആരാധകരുടെ സാന്നിധ്യം കാണാമായിരുന്നു. ഇന്ത്യയുടെ പരിചയസമ്പന്നരായ ബോളിങ് നിരയെ വളരെ മികച്ച രീതിയിലാണ് അഫ്ഗാൻ ബാറ്റർമാർ നേരിട്ടത്. ഇന്ത്യയ്ക്കെതിരായ മത്സരം റിപ്പോർട്ട് ചെയ്യുന്നതിനായി വേദിയിലെത്തിയ മാധ്യമപ്രവർത്തകരെയും അഫ്ഗാൻ ആരാധകർ മികച്ച രീതിയിൽ പ്രോത്സാഹിപ്പിക്കുന്നത് കാണാമായിരുന്നു.
പാക് മാധ്യമപ്രവർത്തകർ ഇന്ത്യയിലേക്ക് :വിസ കാലതാമസം കാരണം അതിർത്തിയിൽ കുടുങ്ങിപ്പോയ എല്ലാ പാകിസ്ഥാൻ മാധ്യമപ്രവർത്തകർക്കും ഒടുവിൽ അത് ലഭിച്ചു. അന്താരാഷ്ട്ര വാർത്ത ഏജൻസികളില്‍ നിന്നുള്ള മാധ്യമപ്രവർത്തകർ ഉൾപ്പടെ 60-ഓളം പേരുടെ സംഘം ഇതോടെ അഹമ്മദബാദിൽ നടക്കുന്ന ഇന്ത്യ-പാക് മത്സരത്തിനായി എത്തും. മാധ്യമസസംഘത്തിന്റെ അഭാവത്തിൽ, വാർത്ത സമ്മേളനങ്ങൾ കവർ ചെയ്യാനും അവരുടെ പ്രത്യേക ചോദ്യങ്ങൾ വാട്സാപ്പ് ഗ്രൂപ്പ് വഴിയും സൂം ലിങ്കുകൾ വഴിയും അയയ്ക്കാനുമുള്ള ക്രമീകരണങ്ങൾ ഐസിസി ചെയ്തിരുന്നു. എന്നാൽ വാർത്താസമ്മേളനങ്ങൾ അടക്കമുള്ള പരിപാടികൾ ഓൺലൈനായി റിപ്പോർട്ട് ചെയ്യുന്നതിന് മാധ്യമ പ്രവർത്തകർ വിസമ്മതിച്ചിരുന്നു. എന്നാൽ ഇവരുടെ ഇന്ത്യയിലേക്കുള്ള വരവ് സാധ്യമായതോടെ മത്സരത്തിന്റെ അന്തരീക്ഷം കൂടുതൽ ആവേശഭരിതമാകും.