പാകിസ്ഥാന്‍റെ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്‍റെ പേര് ചരിത്രത്തില്‍ രണ്ടാം വട്ടവും കുറിക്കപ്പെട്ടു. ഒന്ന് അഭിമാനമാണെങ്കില്‍ മറ്റൊന്ന് അപമാനത്തിന്‍റേത്. ചരിത്രത്തിലാദ്യമായി ലോകകപ്പ് ക്രിക്കറ്റ് കിരീടം പാകിസ്ഥാനിലെത്തിച്ച ടീമിന്‍റെ നായകൻ എന്നത് ആദ്യത്തേത്, പാക് ചരിത്രത്തിൽ അവിശ്വാസപ്രമേയത്തിലൂടെ പുറത്താവുന്ന ആദ്യ പ്രധാനമന്ത്രിയെന്നത് രണ്ടാമത്തേതും.
ഇമ്രാനിലൂടെ പാക് പ്രധാനമന്ത്രിമാരുടെ ചരിത്രം ആവര്‍ത്തിക്കുകയായിരുന്നു. ഭരണാധികാരികൾക്ക് കാലാവധി പൂർത്തിയാക്കാൻ രാശിയില്ലാത്ത രാജ്യമെന്ന പാകിസ്ഥാന്‍റെ ദുഷ്‌പേര് തിരുത്താനായില്ല ഇമ്രാൻ ഖാന്. പക്ഷേ ജനാധിപത്യ സംവിധാനത്തിലൂടെയാണ് പുറത്താക്കപ്പെടുന്നത് എന്നതിൽ ഇമ്രാന് ആശ്വസിക്കാം. മറ്റുള്ളവരെല്ലാം കൊല്ലപ്പെടുകയോ പട്ടാള അട്ടിമറിയിലൂടെ പുറത്താക്കപ്പെടുകയോ ആയിരുന്നു.
1992 ക്രിക്കറ്റ് ലോകകപ്പിൽ പാകിസ്ഥാനെ ജേതാക്കളാക്കിയ ഇമ്രാൻ ഖാൻ രാഷ്‌ട്രീയത്തിൽ അതെ മികവ് പുലർത്താനായില്ല. 342 അംഗങ്ങളുള്ള ദേശീയ അസംബ്ലിയിൽ ഇമ്രാൻ ഖാൻ ഭൂരിപക്ഷം നഷ്‌ടപ്പെട്ടു. തനിക്കെതിരായ അവിശ്വാസ പ്രമേയം ഡെപ്യൂട്ടി സ്‌പീക്കർ തടഞ്ഞതിനെത്തുടർന്ന് ഏപ്രിൽ മുന്നിന് പാർലമെന്‍റ് പിരിച്ചുവിട്ട് ഇമ്രാൻ പുതിയ തിരഞ്ഞെടുപ്പിന് ആഹ്വാനം ചെയ്‌തു.
പക്ഷെ ഏപ്രിൽ ഏഴിന്, ചീഫ് ജസ്റ്റിസ് ഉമർ അത്താ ബാൻഡിയലിന്‍റെ നേതൃത്വത്തിലുള്ള സുപ്രീം കോടതി അഞ്ചംഗ ബെഞ്ച് 5-0 എന്ന സുപ്രധാന വിധിയിൽ ഡെപ്യൂട്ടി സ്‌പീക്കറുടെ തീരുമാനം റദ്ദാക്കുകയും ഏപ്രിൽ 9 ന് ദേശീയ അസംബ്ലിയിൽ വിശ്വാസ വോട്ട് നടത്താനും സ്‌പീക്കറോട് ഉത്തരവിട്ടു.
2018 ൽ അധികാരമേറ്റതിന് ശേഷം പാർട്ടിയിലെ കൂറുമാറ്റങ്ങളും ഭരണസഖ്യത്തിലെ പിളർപ്പുകളും കാരണം രാഷ്ട്രീയ പരീക്ഷണം വിജയിക്കുന്നതിൽ ഖാൻ പരാജയപ്പെട്ടു. പാകിസ്ഥാന്‍റെ രാഷ്ട്രീയ ചരിത്രത്തിൽ ആദ്യമായി അവിശ്വാസപ്രമേയത്തിലൂടെ അധികാരത്തിൽ നിന്ന് പുറത്താവുന്ന പ്രധാനമന്ത്രിയാണ് അദ്ദേഹം.
നയാ പാകിസ്ഥാൻ; 'പുതിയ പാകിസ്ഥാൻ' സൃഷ്‌ടിക്കുമെന്ന വാഗ്‌ദാനങ്ങളോടെയാണ് ഖാൻ 2018-ൽ അധികാരത്തിൽ വന്നത്. എന്നാൽ സാധനങ്ങളുടെ വില നിയന്ത്രണത്തിൽ നിലനിർത്തുന്നതിനുള്ള അടിസ്ഥാന പ്രശ്‌നം പരിഹരിക്കുന്നതിൽ ദയനീയമായി പരാജയപ്പെട്ടു.
കഴിഞ്ഞ വർഷം ഐ.എസ്.ഐ ചാരസംഘടനാ മേധാവിയുടെ നിയമനത്തെ അംഗീകരിക്കാൻ വിസമ്മതിച്ചതോടെ ഖാന് സൈന്യത്തിന്‍റെ പിന്തുണ നഷ്‌ടപ്പെട്ടു. ഒടുവിൽ, അദ്ദേഹം നിയമനത്തെ അംഗീകരിച്ചെങ്കിലും, അത് 75 വർഷത്തെ ചരിത്രത്തിന്‍റെ പകുതിയിലേറെയും സൈനിക അട്ടിമറിക്ക് സാക്ഷിയായ രാജ്യത്തിന്‍റെ ഭരണാധികാരിക്ക് തന്‍റെ സൈന്യവുമായുള്ള ബന്ധം വഷളാക്കി.
മനോഹരമായ ക്രിക്കറ്റ് ജീവിതത്തെ നിറംകെടുത്തിയ രാഷ്‌ട്രീയം;26 വർഷത്തെ രാഷ്ട്രീയം തന്‍റെ 21 വർഷത്തെ മനോഹരമായ ക്രിക്കറ്റ് ജീവിതത്തെ നിറംകെടുത്തുന്നതായിരുന്നു. രാഷ്ട്രീയ ജീവിതത്തിൽ മിക്കവാറും എല്ലാ പ്രതിപക്ഷ നേതാക്കളോടും അവജ്ഞയോടെയാണ് പെരുമാറിയിരുന്നത്. അധികാരത്തിലിരിക്കുമ്പോൾ പലപ്പോഴും അവർക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ ഉപയോഗിച്ചു, അത്കൊണ്ട് തന്നെ അവരെല്ലാവരും ഒന്നിക്കാനും ഖാൻ സർക്കാരിനെ വിജയകരമായി അട്ടിമറിക്കാനും കാരണമായി. 2021 മാർച്ചിൽ സെനറ്റ് തിരഞ്ഞെടുപ്പിലെ നാണംകെട്ട തോൽവിക്ക് ശേഷം വിശ്വാസ വോട്ട് നേരിട്ട അദ്ദേഹം അത് സുഖകരമായി മറികടന്നിരുന്നു.
പാകിസ്ഥാൻ പാരമ്പര്യ രാഷ്ട്രീയ കേന്ദ്രം; 1996ലാണ് സ്വന്തം രാഷ്ട്രീയ പാർട്ടിയായ തെഹ്‌രീക് ഇ ഇൻസാഫ് പാർട്ടി രൂപീകരിച്ച് രാഷ്ട്രീയത്തിൽ സജീവമാകുന്നത്. എന്നാൽ അന്നത്തെ പ്രബല രാഷ്ട്രീയ പാർട്ടികളായ പാകിസ്ഥാൻ മുസ്ലീം ലീഗ്-നവാസ് (പിഎംഎൽ-എൻ), പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി (പിപിപി) എന്നിവയുടെ മേൽ ആധിപത്യം സ്ഥാപിക്കുന്നതിൽ ബുദ്ധിമുട്ടി. വർഷങ്ങളോളം പിഎംഎൽ-എൻ, പിപിപി ആധിപത്യം തകർക്കാൻ കഴിയാതിരുന്ന ഇമ്രാൻ 'പാകിസ്ഥാനിൽ രാഷ്ട്രീയം പാരമ്പര്യമാണ്' എന്ന പരാമർശവുമായി മുന്നോട്ട് വന്നിരുന്നു.
2002-ൽ ഖാൻ പാർലമെന്‍റ് അംഗമായ ഖാൻ 2013-ൽ വീണ്ടും ദേശീയ അസംബ്ലിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. തിരഞ്ഞെടുപ്പിന് ഒരു വർഷത്തിനുശേഷം, 2014 മെയ് മാസത്തിൽ, അന്നത്തെ പ്രധാനമന്ത്രി നവാസ് ഷെരീഫിന്‍റെ നേതൃത്വത്തിലുള്ള ഭരണകക്ഷിയായ പിഎംഎൽ-എന്നിന് അനുകൂലമായി തെരഞ്ഞെടുപ്പിൽ കൃത്രിമം നടന്നതായി ഖാൻ ആരോപിച്ചു. 2014 ഓഗസ്റ്റിൽ, ഷരീഫിന്‍റെ രാജിവെയ്‌ക്കണമെന്നും തിരഞ്ഞെടുപ്പ് തട്ടിപ്പിനെക്കുറിച്ച് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഇമ്രാൻ ഖാൻ ലാഹോറിൽ നിന്ന് ഇസ്‌ലാമാബാദിലേക്ക് റാലി നയിച്ചു.
22 വർഷത്തെ കാത്തിരിപ്പിന് അന്ത്യം; 2018-ലെ പൊതുതെരഞ്ഞെടുപ്പിൽ ഖാൻ തന്‍റെ പാർട്ടിയായ വിജയത്തിലേക്ക് നയിച്ചു. 22 വർഷത്തിനുശേഷം പ്രധാനമന്ത്രിയായി അധികാരമേറ്റപ്പോൾ ഇമ്രാന്‍റെ ദീർഘകാലത്തെ സ്വപ്‌നമാണ് യാഥാർത്ഥ്യമായത്. ഈ സമയത്ത് അഴിമതി തടയുമെന്നും രാജ്യത്ത് ദാരിദ്ര്യ വിരുദ്ധ പരിപാടികൾ നടപ്പിലാക്കുമെന്നും കൂടാതെ ആരോഗ്യ സംരക്ഷണവും വിദ്യാഭ്യാസവും മെച്ചപ്പെടുത്തുമെന്നും ഉറപ്പ് നൽകി. രാജ്യത്തെ ഒരു ഇസ്‌ലാമിക ക്ഷേമ രാഷ്ട്രമാക്കി മാറ്റുമെന്നും അദ്ദേഹം വാഗ്‌ദാനം ചെയ്‌തിരുന്നു.