ബീജിംഗ്:ചൈനയിലെ ആരോഗ്യമേഖലയ്‌ക്ക് വെല്ലുവിളി ഉയർത്തി കൊവിഡ് 19. രോഗ വ്യാപനത്തിന്‍റെ വർധനവ് പ്രധാന ചൈനീസ് നഗരങ്ങളിലെ ആശുപത്രികളെയെല്ലാം സാരമായി ബാധിച്ചതായി എൻഎച്ച്കെ വേൾഡ് റിപ്പോർട്ട് ചെയ്‌തു. ഡിസംബർ ഏഴിന് 'സീറോ കൊവിഡ് നയ'ത്തിൽ അയവ് വരുത്തിയത് മുതൽ ചൈനയിൽ ദശലക്ഷകണക്കിന് ആളുകളെയാണ് കൊവിഡ് ബാധിച്ചത്.
ഷാൻഡോംഗ് പ്രവിശ്യയിലെ ക്വിംഗ്‌ദാവോയിൽ പ്രതിദിനം 490,000 മുതൽ 530,000 വരെ ആളുകൾക്ക് കൊവിഡ് ബാധിച്ചുവെന്നാണ് പുറത്തുവരുന്ന കണക്കുകൾ. ചൈനയുടെ നിർമാണ കേന്ദ്രമായ ഗ്വാങ്‌ഡോംഗ് പ്രവിശ്യയിലെ ഡോങ്‌ഗുവാനിൽ 250,000 മുതൽ 300,000 വരെ കേസുകൾ പ്രതിദിനം റിപ്പോർട്ട് ചെയ്‌തു. വൻ തോതിലുള്ള കൊവിഡ് വ്യാപനം ആരോഗ്യമേഖലയ്‌ക്ക് വെല്ലുവിളി ഉയർത്തുകയാണ്.
പ്രതിദിനം തന്‍റെ എമർജൻസി യൂണിറ്റിൽ ചികിത്സക്കായി എത്തുന്നത് 500ഓളം രോഗികളാണെന്ന് ബീജിംഗ് ആശുപത്രിയിലെ ഡോക്‌ടർ പറയുന്നു. ഇത് സാധാരണയുടെ 2.5 മടങ്ങാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചികിത്സ തേടി എത്തുന്നവരിൽ 20ശതമാനം പേർക്കും ഗുരുതരമായ രോഗലക്ഷണങ്ങളാണുള്ളത്.