കേംബ്രിഡ്‌ജ്:കൊവിഡ് കാലം കൗമാരക്കാരുടെയും യുവജനങ്ങളുടെയും മാനസികാരോഗ്യത്തിന് വലിയ രീതിയില്‍ പ്രശ്‌നങ്ങള്‍ സൃഷ്‌ടിച്ചുവെന്ന് പഠനം. കൊവിഡിനെ തുടര്‍ന്നുള്ള ലോക്‌ഡൗണില്‍ കൗമാരക്കാരും യുവജനങ്ങളും ഏറെ മാനസിക ബുദ്ധിമുട്ടുകള്‍ നേരിട്ടുവെന്നാണ് കേംബ്രിഡ്‌ജ് നിന്നുള്ള ഗവേഷകരുടെ വിലയിരുത്തല്‍.
ഈ സമയത്ത് കമ്പ്യൂട്ടര്‍ ഉപയോഗിച്ചിരുന്ന കൗമാരക്കാരും യുവജനങ്ങളും ഒരു പരിധി വരെ ഇതിനെ അതിജീവിച്ചുവെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. സയന്‍റിഫിക്ക് റിപ്പോർട്‌സ് എന്ന ജേര്‍ണലിലാണ് പഠനഫലം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 2020 ന്‍റെ അവസാനങ്ങളിലാണ് യുവജനങ്ങള്‍ ഏറെ ബുദ്ധിമുട്ടുകള്‍ നേരിട്ടത്.
ലോക്‌ഡൗണ്‍ അടച്ചിടലുകളും മറ്റുള്ളവരുമായി സാമൂഹികമായി ഇടപെടാവുന്നതില്‍ വന്ന തടസവുമെല്ലാം യുവജനങ്ങളെ അലട്ടി. ഈ സമയത്ത് കമ്പ്യൂട്ടർ ഉപയോഗിക്കാത്തതോ ലഭ്യമല്ലാത്തതോ ആയ യുവജനങ്ങളുടെ മാനസികാരോഗ്യം സമപ്രായക്കാരായ കമ്പ്യൂട്ടര്‍ ഉപയോഗിച്ചിരുന്നവരുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെയധികം മോശമായിരുന്നുവെന്ന് ഗവേഷക സംഘം കണ്ടെത്തി.
കൗമാരം എന്ന 'സൂക്ഷിക്കേണ്ട കാലഘട്ടം': കൊവിഡ് മഹാമാരി ഉത്കണ്‌ഠ, വിഷാദം, മാനസിക ക്ലേശം തുടങ്ങി യുവജനങ്ങളുടെ മാനസികാരോഗ്യത്തില്‍ വലിയ രീതിയില്‍ മാറ്റം വരുത്തി. മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ പിടിപെടാനുള്ള അപകട സാധ്യത നിറഞ്ഞ കാലഘട്ടമാണ് കൗമാരമെന്നും ഇതുവഴി യൗവനത്തിലേയ്ക്ക് കടക്കുമ്പോള്‍ ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ സംഭവിക്കാമെന്നും ഗവേഷകര്‍ വിലയിരുത്തുന്നു. കൗമാര പ്രായക്കാര്‍ക്കിടയില്‍ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ പിടിപെടാനുള്ള സാധ്യത 2017 ല്‍ 11 ശതമാനമാണെങ്കില്‍ 2020 ജൂലൈ എത്തിയപ്പോഴേക്കും 16 ശതമാനമായി വര്‍ധിച്ചതായും പഠനത്തില്‍ പറയുന്നു.
പഠനവും മുടങ്ങി: കൊവിഡ് മഹാമാരിയെ തുടര്‍ന്ന് സ്‌കൂളുകള്‍ അടച്ചിട്ട് ലോകം ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിലേക്ക് മാറി. ഇവിടെയും കമ്പ്യൂട്ടര്‍ ലഭ്യമല്ലാത്ത കൗമാരക്കാർ തടസം നേരിട്ടു. ഇതുസംബന്ധിച്ച ഒരു പഠനത്തില്‍ ഇടത്തരം സാമ്പത്തികശേഷിയുള്ള കുടുംബത്തിലെ 30 ശതമാനം വിദ്യാര്‍ഥികളാണ് ലോക്‌ഡൗണ്‍ കാലത്ത് ഓണ്‍ലൈനായി തത്സമയ ക്ലാസുകളിലോ റെക്കോഡ് ചെയ്‌ത ക്ലാസുകളിലോ പങ്കെടുത്തതതെന്നും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബത്തിലെ 16 ശതമാനം മാത്രം വിദ്യാര്‍ഥികള്‍ക്കാണ് ഇത് സാധ്യമായതെന്നും വിശദമാക്കുന്നുണ്ട്.
ഡാര്‍ക്ക് ഡെയ്‌സ്:കൊവിഡിനെ തുടര്‍ന്ന് അടച്ചിടലിലേയ്ക്ക് നീങ്ങിയപ്പോള്‍ സാമൂഹികമായുള്ള സൗഹൃദം പങ്കിടല്‍ തടസപ്പെട്ടു. ഒരു പരിധി വരെ ഇത് ഏറെ ബുദ്ധിമുട്ടിച്ചത് യുവജനങ്ങളെയും കൗമാരക്കാരെയും തന്നെയാണ്. സുഹൃത്തുക്കളെ നേരില്‍ കാണുന്നതില്‍ തടസം നേരിട്ടപ്പോള്‍ താത്‌കാലിക ആശ്വസമായത് ഓണ്‍ലൈനായുള്ള കൂടിച്ചേരലുകളും വീഡിയോ ഗെയിമുകളും സമൂഹ മാധ്യമങ്ങളുമായിരുന്നു. ഈ സമയത്ത് ഡിജിറ്റല്‍ രൂപേണ സൗഹൃദം പങ്കിടാന്‍ സാധിച്ച യുവജനങ്ങള്‍ക്ക് അതിന് സാധിക്കാതെ വന്ന സമപ്രായക്കാരെ അപേക്ഷിച്ച് മാനസിക ആഘാതങ്ങള്‍ കുറയ്‌ക്കാനായതായും പഠനം പറയുന്നു.
അനുഭവസ്ഥന്‍ പറയുന്നതിങ്ങനെ:കൊവിഡ് ഭീതിയുണര്‍ത്തിയ സമയത്ത് കമ്പ്യൂട്ടറിന്‍റെ ഉപയോഗം കൊണ്ട് അനേകം ചെറുപ്പക്കാര്‍ക്ക് സ്‌കൂളില്‍ പങ്കെടുക്കാനും വിദ്യാഭ്യാസം തുടരാനും സാധിച്ചു. ഈ സമയത്ത് കമ്പ്യൂട്ടറില്ലാതിരുന്ന വിദ്യാര്‍ഥികള്‍ക്ക് പഠനത്തില്‍ എവിടെയൊക്കെയോ പോരായ്‌മകളുണ്ടായിരുന്നുവെന്നും ഇവര്‍ക്കിടയില്‍ ഒറ്റപ്പെടല്‍ ബോധം വര്‍ധിച്ചിരുന്നതായും കേംബ്രിഡ്‌ജ് സർവകലാശാലയിലെ ഫിറ്റ്‌സ്‌വില്യം കോളജിലെ ബിരുദ വിദ്യാര്‍ഥിയായിരുന്ന ടോം മെതറെൽ പറഞ്ഞു.