കൊളംബോ: ചൈനീസ് ചാരക്കപ്പലായ യുവാന്‍ വാങ് 5 ശ്രീലങ്കയിലെ ഹംബന്‍തോട്ട തുറമുഖത്ത് എത്തി. ചൊവ്വാഴ്‌ച(16.08.2022) രാവിലെ ശ്രീലങ്കന്‍ തുറമുഖത്ത് എത്തിയ ചൈനീസ് കപ്പല്‍ നങ്കൂരമിട്ടതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തു. ഓഗസ്റ്റ് 22 വരെ യുവാന്‍ വാങ് 5 ഹംബന്‍തോട്ട തുറമുഖത്ത് തുടരുമെന്ന് ശ്രീലങ്കന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ശ്രീലങ്കന്‍ അധികാര മേഖലയില്‍ കപ്പലുള്ളപ്പോള്‍ ഗവേഷണം നടത്തില്ലെന്ന വ്യവസ്ഥയിലാണ് കപ്പലിന് നങ്കൂരമിടാന്‍ അനുമതി നല്‍കിയതെന്ന് തുറമുഖവുമായി ബന്ധപ്പെട്ട ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ഓഗസ്റ്റ് 13നാണ് ഹംബന്‍തോട്ട തുറമുഖത്ത് നങ്കൂരമിടാന്‍ ചൈനീസ് കപ്പലിന് ശ്രീലങ്കന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്. ഇന്ത്യയും അമേരിക്കയും ഇതിനെ ശക്തമായി എതിര്‍ത്തിരുന്നുവെങ്കിലും വ്യക്തമായ കാരണങ്ങൾ നൽകാൻ ഇരു രാജ്യങ്ങള്‍ക്കും സാധിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി ശ്രീലങ്ക അനുമതി നല്‍കുകയായിരുന്നു.
എതിര്‍പ്പുമായി ഇന്ത്യയും അമേരിക്കയും:ജൂലൈ 14നാണ് യുവാന്‍ വാങ് 5 ചൈനയില്‍ നിന്ന് പുറപ്പെട്ടത്. യാത്രാമധ്യേ ഒരു തുറമുഖത്തും നങ്കൂരമിട്ടിട്ടില്ലാത്ത കപ്പല്‍ ഇന്ധനം നിറയ്‌ക്കുന്നതിനായാണ് ശ്രീലങ്കന്‍ തുറമുഖത്ത് നങ്കൂരമിടുന്നതെന്നാണ് ചൈനയുടെ ഔദ്യോഗിക വിശദീകരണം. നേരത്തെ ഓഗസ്റ്റ് 11ന് കപ്പല്‍ നങ്കൂരമിടാന്‍ ഉദ്ദേശിച്ചിരുന്നതാണെങ്കിലും രാജ്യസുരക്ഷ ചൂണ്ടിക്കാട്ടി ഇന്ത്യ എതിര്‍പ്പ് പ്രകടമാക്കിയതോടെ കപ്പലിന്‍റെ വരവ് നീട്ടാന്‍ ശ്രീലങ്ക ആവശ്യപ്പെടുകയായിരുന്നു.
യുവാന്‍ വാങ് 5 ശ്രീലങ്കന്‍ തുറമുഖത്ത് നങ്കൂരമിട്ടാല്‍ ഇന്ത്യയുടെ നയതന്ത്ര വിവരങ്ങള്‍ ചോര്‍ത്തുമെന്ന ആശങ്കയുടെ അടിസ്ഥാനത്തിലാണ് ഇന്ത്യ കപ്പലിന്‍റെ വരവിനെ എതിര്‍ത്തത്. ശ്രീലങ്കന്‍ പ്രസിഡന്‍റ് റെനില്‍ വിക്രമസിംഗെയുമായി കൂടിക്കാഴ്‌ച നടത്തിയ യുഎസ് അംബാസഡര്‍ ജൂലി ചുങും ചൈനീസ് കപ്പലിനെ കുറിച്ച് ആശങ്ക പങ്കുവച്ചിരുന്നു.
ഉപഗ്രഹങ്ങള്‍, റോക്കറ്റുകള്‍, ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ വിക്ഷേപണം എന്നിവ നിരീക്ഷിക്കാനായി ഉപയോഗിക്കുന്ന ചൈനയുടെ ഏറ്റവും പുതു തലമുറ (ലേറ്റസ്റ്റ് ജനറേഷന്‍) ബഹിരാകാശ ട്രാക്കിങ് കപ്പലെന്നാണ് വിദേശ സുരക്ഷ വിദഗ്‌ധര്‍ യുവാൻ വാങ് 5 -നെ വിശേഷിപ്പിക്കുന്നത്. ചൈനയുടെ സൈനിക വിഭാഗമായ പീപ്പിൾസ് ലിബറേഷൻ ആർമിയുടെ സ്‌ട്രാറ്റജിക് സപ്പോർട്ട് ഫോഴ്‌സാണ് യുവാൻ വാങ് കപ്പലുകൾ പ്രവർത്തിപ്പിക്കുന്നതെന്നാണ് അമേരിക്കന്‍ പ്രതിരോധ വകുപ്പ് അവകാശപ്പെടുന്നത്.