ബീജിങ്: സാര്‍സ്(Severe acute respiratory syndrome) വ്യാപനത്തെ കുറിച്ച് വെളിപ്പെടുത്തലുകള്‍ നടത്തുകയും ചൈനീസ് സര്‍ക്കാര്‍ വീട്ട് തടങ്കലില്‍ വയ്‌ക്കുകയും ചെയ്‌തിരുന്ന ചൈനീസ് സൈനിക ഡോക്‌ടര്‍ ജിയാങ് യാന്‍യോങ്(91) അന്തരിച്ചു. കൊറോണ വൈറസ് പടര്‍ത്തുന്ന ശ്വാസ കോശത്തെ ബാധിക്കുന്ന രോഗമാണ് സാര്‍സ്. 2003 ഫെബ്രുവരിയില്‍ ചൈനയിലാണ് സാര്‍സ് പൊട്ടിപുറപ്പെട്ടത്.
ഹോങ്കോങ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൗത്ത് ചൈന മോര്‍ണിങ് പോസ്‌റ്റ് എന്ന ദിനപത്രമാണ് ജിയാങ് യാന്‍യോങ് മരണപ്പെട്ട വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്‌തത്. മനുഷ്യാവകാശ പ്രവര്‍ത്തകനും ജിയാങ് യാന്‍യോങ്ങിന്‍റെ സുഹൃത്തുമായ ഹൂ ജിയയെ ഉദ്ദരിച്ചാണ് പത്രം വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്‌തത്.
ചൈനയ്‌ക്കുള്ളില്‍ ജിയാങ്ങിന്‍റെ പേര് പോലും സെന്‍സര്‍ ചെയ്‌തിരിക്കുകയാണ്. അതുകൊണ്ട് തന്നെ ചൈനീസ് മെയിന്‍ലാന്‍ഡില്‍ അദ്ദേഹത്തിന്‍റെ മരണ വാര്‍ത്ത പ്രസിദ്ധീകരിച്ചിട്ടില്ല. അദ്ദേഹത്തിന്‍റെ ജീവിതത്തിന്‍റെ അവസാന കാലഘട്ടത്തില്‍ പോലും അദ്ദേഹത്തിന്‍റെ ചൈനയില്‍ എത്രമാത്രം രാഷ്‌ട്രീയ പ്രത്യാഘാതങ്ങള്‍ ജനിപ്പിക്കുന്നതാണ് എന്ന് വ്യക്തമാക്കുന്നതാണ് ഈ നടപടികള്‍.
ജനാധിപത്യ അവകാശങ്ങള്‍ക്കായി വിദ്യാര്‍ഥികള്‍ നടത്തിയ ടിയാന്‍മെന്‍ പ്രക്ഷോഭ കാലത്ത് ബീജിങ്ങിലെ പീപ്പിള്‍ ലിബറേഷന്‍ ആര്‍മിയുടെ ഒരു പ്രധാനപ്പെട്ട ആശുപത്രിയിലെ ചീഫ് സര്‍ജന്‍ ആയിരുന്നു ജിയാങ് യാന്‍യോങ്. ടിയാന്‍മെന്‍ പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ ചൈനീസ് പട്ടാളം രംഗത്തിറങ്ങിയപ്പോള്‍ നൂറ് കണക്കിന് പ്രക്ഷോഭകരാണ് കൊല്ലപ്പെട്ടത്.
സാര്‍സ് വ്യാപനത്തിന്‍റെ തീവ്രത വ്യക്തമാക്കിയ കത്ത്: 2003 ഏപ്രിലില്‍ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സാര്‍സിനെ കുറിച്ചുള്ള വാര്‍ത്തകള്‍ മൂടിവയ്‌ക്കുന്നു എന്ന ആക്ഷേപം നേരിടുന്ന ഘട്ടത്തില്‍ ജിയാങ്ങിന്‍റെ എണ്ണൂറ് വാക്കുള്ള കത്ത് കോളിളക്കം സൃഷ്‌ടിച്ചിരുന്നു. ചൈനയിലെ ആരോഗ്യ മന്ത്രാലയം ഔദ്യോഗികമായി പുറത്ത് വിട്ട കണക്കുകളേക്കാള്‍ കൂടുതല്‍ സാര്‍സ് കേസുകള്‍ ചൈനയില്‍ ഉണ്ടെന്ന് കത്തില്‍ ജിയാങ് വെളിപ്പെടുത്തി.
ജിയാങ് ഈ കത്ത് അയച്ചിരുന്നത് ചൈനീസ് സര്‍ക്കാറിന്‍റെ ഉടമസ്ഥതയിലുള്ള മാധ്യമമായ സിസിടിവിക്കും ഹോങ്കോങ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചൈനീസ് സര്‍ക്കാറിന് അനുകൂലമായ ഫോണിക്‌സ് ചാനലിനുമായിരുന്നു. ഈ രണ്ട് മാധ്യമ സ്ഥാപനങ്ങളും ഈ കത്ത് അവഗണിച്ചു. തുടര്‍ന്ന് ഈ കത്ത് പാശ്ചാത്യ മാധ്യമസ്ഥാപനങ്ങള്‍ക്ക് ചോര്‍ന്ന് കിട്ടുകയായിരുന്നു.
തുടര്‍ന്നാണ് ഈ കത്തിലെ പൂര്‍ണ വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. സാര്‍സ് എത്രത്തോളം ചൈനയില്‍ വ്യാപിച്ചിട്ടുണ്ടെന്നും അത് എങ്ങനെയാണ് ചൈനീസ് സര്‍ക്കാര്‍ മറച്ച് വയ്‌ക്കാന്‍ ശ്രമിക്കുന്നത് എന്നതിനെ പറ്റിയുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വരികയായിരുന്നു.
ഈ കത്തും, ഫിന്‍ലന്‍റ് പൗരനായ യുഎന്‍ ഉദ്യോഗസ്ഥന്‍ സാര്‍സ് ബാധിച്ച് ചൈനയില്‍ മരണപ്പെട്ടതും, ചൈനയിലെ പ്രമുഖ ആരോഗ്യ വിദഗ്‌ധനായ ഷോങ് നാന്‍ഷാന്‍റെ പ്രസ്‌താവനകളുമാണ് സാര്‍സുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ മൂടിവയ്‌ക്കുന്ന സമീപനത്തില്‍ നിന്ന് ചൈനീസ് സര്‍ക്കാറിനെ പിന്തിരിപ്പിച്ചത്. കൂടാതെ ആരോഗ്യ മന്ത്രിയുടെയും ബീജിങ് മേയറുടെയും രാജിയിലേക്ക് അത് വഴിവയ്‌ക്കുകയും ചെയ്‌തു. തുടര്‍ന്ന് രോഗം വ്യാപിക്കുന്നത് തടയാനുള്ള ശക്തമായ നിയന്ത്രണങ്ങള്‍ പൊടുന്നനെ ചൈനീസ് സര്‍ക്കാര്‍ കൊണ്ടുവരികയായിരുന്നു. ആ സമയത്ത് ചൈനയ്‌ക്ക് പുറത്തും സാര്‍സ് ചെറിയ തോതില്‍ തുടങ്ങിയിരുന്നു.
സാര്‍സിന്‍റെ പ്രത്യാഘാതങ്ങള്‍:29 രാജ്യങ്ങളിലായി 8,000 ആളുകള്‍ക്കാണ് സാര്‍സ് പിടിപ്പെട്ടത്. 774 പേര്‍ സാര്‍സ് മൂലം മരണപ്പെടുകയും ചെയ്‌തു. ഡോക്‌ടര്‍ എന്ന നിലയിലുള്ള പ്രതിബദ്ധതയാണ് ജിയാങ് നിര്‍വഹിച്ചതെന്നും പ്രത്യാഘാതങ്ങള്‍ നോക്കാതെ എഴുതിയ ആ കത്തിലൂടെ ഒരു പാട് പേരുടെ ജീവന്‍ ജിയാങ് രക്ഷപ്പെടുത്തിയെന്നും ഹൂ അന്താരാഷ്‌ട്ര വാര്‍ത്ത ഏജന്‍സിയായ ആസോസിയേറ്റഡ് പ്രസിനോട് പറഞ്ഞു.
ജിയാങ്ങിന് ഏര്‍പ്പെടുത്തിയ വിലക്കുകള്‍: ജിയാങ് മധ്യമങ്ങളോട് സംസാരിക്കുന്നതിനെ പിന്നീട് ചൈനീസ് സര്‍ക്കാര്‍ തടയുകയായിരുന്നു. മേജര്‍ ജനറല്‍ എന്ന റാങ്കില്‍ നിന്നാണ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയില്‍ നിന്ന് ജിയാങ് വിരമിക്കുന്നത്. ചൈനീസ് പ്രതിരോധ മന്ത്രാലയത്തില്‍ നിന്ന് അനുമതി ലഭിച്ചില്ല എന്ന് ചൂണ്ടികാട്ടി അസോസിയേറ്റഡ് പ്രസിന്‍റെ അഭിമുഖം ഒരു തവണ ജിയാങ് നിരസിച്ചിരുന്നു.
2004 മുതല്‍ പല തവണ ജിയാങ്ങിനെയും ഭാര്യയേയും ചൈനീസ് അധികൃതര്‍ വീട്ടുതടങ്കലില്‍ വച്ചിരുന്നു. 1989ലെ ടിയാന്‍മെന്‍ പ്രക്ഷോഭത്തിലെ ഔദ്യോഗിക നിലപാടില്‍ പുനര്‍ വിചിന്തനം നടത്തണമെന്ന് ചൈനീസ് കമ്യൂണിസ്റ്റ് നേതാക്കളോട് ആവശ്യപ്പെട്ടതിനെ തുടര്‍ന്നായിരുന്നു ഈ നടപടി.
1950 കളിലും, 1960 കളിലും 70കളിലും, മാവോസേതൂങ്ങിന്‍റെ ഭരണകാലത്ത് വലതുപക്ഷ വ്യതിയാനം ആരോപിച്ച് ജിയാങ്ങിനെതിരെ ഭരണകൂട നടപടികള്‍ ഉണ്ടായിരുന്നു. 2004ല്‍ ജിയാങ്ങിന് മഗ്‌സേസെ അവാര്‍ഡ് ലഭിച്ചിരുന്നു. സാര്‍സിന്‍റെ സത്യവാസ്ഥ പുറംലോകത്തെ അറിയിച്ചതിന് അവാര്‍ഡ് പ്രഖ്യാപനത്തില്‍ ജിയാങ്ങിനെ പ്രശംസിച്ചിരുന്നു.