ഷാങ്ഹായ് : ചൈനയിലെ ഉറുംഖിയില്‍ അപ്പാർട്ട്‌മെന്‍റിലുണ്ടായ തീപിടിത്തത്തില്‍ 10 പേർ മരിച്ചതിന് പിന്നാലെ കൊവിഡ് ലോക്ക്‌ഡൗണ്‍ പിന്‍വലിക്കണമെന്ന് ആവശ്യമുയര്‍ത്തി രാജ്യത്ത് അപൂര്‍വ പ്രതിഷേധം. ഷി ജിന്‍ പിങ് പ്രസിഡന്‍റ് സ്ഥാനമൊഴിയണമെന്ന് ആവശ്യപ്പെട്ടാണ് ജനങ്ങള്‍ തെരുവിലിറങ്ങിയത്. ശനിയാഴ്‌ച രാത്രി ചൈനയിലെ ഷാങ്ഹായിലാണ് ആളുകള്‍ കൂട്ടമായെത്തി ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി ഭരണകൂടത്തിനെതിരെ പ്രക്ഷോഭം നടത്തിയത്.
കൊവിഡ് വ്യാപനം തടയാൻ ചൈനീസ് സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്കെതിരെ ആളുകള്‍ മുദ്രാവാക്യം വിളിയ്ക്കുന്ന നിരവധി വീഡിയോകളാണ് സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നത്. ഉറുംഖിയിലെ അപ്പാർട്ട്‌മെന്‍റിന് തീപിടിച്ചതിനെ തുടര്‍ന്ന് 10 പേരാണ് മരിച്ചത്. ഒന്‍പത് പേർക്ക് പരിക്കേല്‍ക്കുകയുമുണ്ടായി. ലോക്ക്‌ഡൗണ്‍ ഏര്‍പ്പെടുത്തിയതാണ് അപകടത്തിന്‍റെ ആഘാതം വര്‍ധിപ്പിക്കാന്‍ കാരണമായതെന്നാണ് പ്രതിഷേധക്കാരുടെ വാദം.
'ഞങ്ങള്‍ക്ക് വേണ്ടത് സ്വാതന്ത്ര്യം മാത്രം':ഡിഡബ്ല്യു ന്യൂസ് ഈസ്റ്റ് ഏഷ്യ കറസ്‌പോണ്ടന്‍റ് വില്യം യാങ് ട്വിറ്ററിൽ പോസ്റ്റ് ചെയ്‌ത വീഡിയോയില്‍ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിക്കെതിരായ മുദ്രാവാക്യം വ്യക്തമാണ്. 'കമ്യൂണിസ്റ്റ് പാർട്ടിയെ താഴെയിറക്കൂ, ഇറങ്ങിപ്പോകൂ ഷി ജിൻപിങ്ങേ', 'പിസിആർ ടെസ്റ്റ് ഞങ്ങള്‍ക്ക് വേണ്ട, ഞങ്ങള്‍ക്ക് വേണ്ടത് സ്വാതന്ത്ര്യം മാത്രം' തുടങ്ങിയ മുദ്രാവാക്യങ്ങളാണ് ആളുകള്‍ ഉച്ചത്തില്‍ മുഴക്കുന്നത്. അതേസമയം പ്രതിഷേധം, വരും ദിവസങ്ങളില്‍ ശക്തമാവാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്.
നവംബര്‍ 24നാണ് ഉറുംഖി അപ്പാര്‍ട്ട്‌മെന്‍റ് ബ്ലോക്കില്‍ തീപിടിത്തമുണ്ടായത്. ആളുകളെ രക്ഷിക്കുന്നതിന്, കൊവിഡ് നിയന്ത്രണം തടസം വരുത്തിയെന്നാണ് ആരോപണം. തീപിടിത്തമുണ്ടായ ഇടത്ത് താമസിക്കുന്നവരെ വീടിന് പുറത്തിറങ്ങുന്നത് അധികൃതര്‍ തടഞ്ഞതായി പ്രദേശവാസികള്‍ പറയുന്നു. ഉറുംഖി പ്രാദേശിക ഭരണകൂടം സംഭവത്തില്‍ ക്ഷമാപണം നടത്തുകയും ഉത്തവാദികള്‍ക്കെതിരായി നടപടിയെടുക്കുമെന്ന് നവംബര്‍ 25ന് അറിയിക്കുകയും ചെയ്‌തിരുന്നു. എന്നാല്‍, ഇത് ചെവിക്കൊള്ളാതെയാണ് പ്രതിഷേധം ശക്തിപ്പെട്ടത്.