കേരളം

kerala

ETV Bharat / international

സൈനിക അഭ്യാസം തുടർന്ന് ചൈന, മുട്ടുമടക്കില്ലെന്ന് തായ്‌വാന്‍: പെലോസി പോയെങ്കിലും അയവില്ലാതെ സംഘർഷാന്തരീക്ഷം - തായ്‌വാന്‍ കടലിടുക്ക്

തായ്‌വാന്‍ തീരത്തിന് എത്ര അടുത്ത് വച്ചാണ് സൈനിക അഭ്യാസം നടത്തുന്നത് എന്ന് കാണിക്കാന്‍ വേണ്ടി പരിശീലനത്തില്‍ പങ്കെടുത്ത ഒരു സൈനിക പൈലറ്റെടുത്ത വീഡിയോ പിഎല്‍എ പുറത്തുവിട്ടു. തായ്‌വാന്‍ തീരവും മലകളും ഈ ദൃശ്യങ്ങളില്‍ അടുത്തായി കാണാം. ശനിയാഴ്‌ച മുതല്‍ ഓഗസ്റ്റ് 15 വരെ കൊറിയന്‍ ഉപഭൂഖണ്ഡത്തിനും ചൈനയ്‌ക്കും ഇടയില്‍ സ്ഥിതിചെയ്യുന്ന മഞ്ഞക്കടലിലും ലൈവ് ഫയര്‍ സൈനിക ഡ്രില്‍ നടത്തുമെന്ന് ചൈന അറിയിച്ചു.

China Military Drills in Taiwan strait  ചൈനീസ് സൈനിക അഭ്യാസം  തായ്‌വാന്‍ കടലിടുക്കിലെ മീഡിയന്‍ ലൈന്‍  ചൈനീസ് സൈന്യം  us china relations  യുഎസ് ചൈന ബന്ധം
ചൈനീസ് സൈനിക അഭ്യാസം: തങ്ങളെ എങ്ങനെ ആക്രമിക്കുമെന്നാണ് പരിശീലിക്കുന്നതെന്ന് തായ്‌വാന്‍

By

Published : Aug 6, 2022, 7:35 PM IST

തായ്‌പേയ്: തായ്‌വാന്‍ കടലിടുക്കിലെ ചൈനയുടെ സൈനിക അഭ്യാസത്തിനെതിരെ കടുത്ത വിമര്‍ശനവുമായി തായ്‌ലൻഡ്. തങ്ങളുടെ ഭൂപ്രദേശം ആക്രമിക്കുന്നത് എങ്ങനെയെന്ന് പരിശീലിക്കുകയാണ് ഈ സൈനിക അഭ്യാസത്തിലൂടെ ചൈന ചെയ്യുന്നതെന്ന് തായ്‌വാന്‍ പ്രതികരിച്ചു. ചൈനീസ് സൈന്യം ഇതുവരെ നടത്തിയതില്‍ വച്ച് തായ്‌വാന്‍റെ ഏറ്റവും അടുത്ത് നടത്തുന്ന സൈനിക അഭ്യാസമാണ് ഇത്.

"കമ്മ്യൂണിസ്റ്റ് യുദ്ധവിമാനങ്ങളും കപ്പലുകളും തായ്‌വാന്‍ കടലിടുക്കിന്‍റെ പലഭാഗങ്ങളിലും കണ്ടെത്തി. ഇതില്‍ ചിലത് മിഡിയന്‍ ലൈന്‍ കടന്നു," തായ്‌വാന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. തായ്‌വാന്‍ കടലിടുക്കില്‍ ചൈനയേയും തായ്‌വാനേയും തമ്മില്‍ വേര്‍തിരിക്കുന്ന അനൗദ്യോഗിക അതിര്‍ത്തിയാണ് മീഡിയന്‍ ലൈന്‍.

യുഎസ് ജനപ്രതിനിധിസഭ സ്‌പീക്കര്‍ നാന്‍സി പെലോസി ഓഗസ്റ്റ് 2ന് തായ്‌വാന്‍ സന്ദര്‍ശിച്ചതിന്‍റെ പ്രതികരണമാണ് ചൈനയുടെ തായ്‌വാന്‍ കടലിടുക്കിലെ സൈനിക അഭ്യാസം. അമേരിക്ക അംഗീകരിച്ച ഒരു ചൈന നയത്തിന്‍റെ ലംഘനമാണ് യുഎസില്‍ ഭരണഘടന പദവിയില്‍ ഇരിക്കുന്ന നാന്‍സി പെലോസി തായ്‌വാന്‍ സന്ദര്‍ശിച്ചതിലൂടെ ഉണ്ടായിരിക്കുന്നതെന്നാണ് ചൈന പ്രതികരിച്ചത്.

സന്ദര്‍ശനം യുഎസ് ചൈന ബന്ധത്തില്‍ വലിയ വിള്ളലാണ് ഉണ്ടാക്കിയിരിക്കുന്നത്. കാലവസ്ഥ വ്യതിയാനം തടയുന്ന പ്രവര്‍ത്തനങ്ങളില്‍ യുഎസുമായുണ്ടായിരുന്ന സഹകരണം ചൈന പിന്‍വലിച്ചു. കൂടാതെ യുഎസുമായുള്ള പല സൈനിക സഹകരണങ്ങളും ചൈന റദ്ദാക്കി.

ഇടപെട്ട് ഐക്യരാഷ്ട്ര സഭ:തായ്‌വാന്‍ കടലിടുക്കില്‍ ഉണ്ടായിട്ടുള്ള സംഘര്‍ഷത്തിന്‍റേതായ അന്തരീക്ഷം ഉടന്‍ കുറയ്‌ക്കാന്‍ ബന്ധപ്പെട്ട കക്ഷികള്‍ തയ്യാറാകണമെന്ന് ഐക്യരാഷ്‌ട്രസഭ ആവശ്യപ്പെട്ടു. തായ്‌വാനെ വളഞ്ഞ് ആറ് ഭാഗങ്ങളായി നടക്കുന്ന സൈനിക അഭ്യാസം ഇന്നും (06.08.2022) തുടരുകയാണ്. തായ്‌വാനെ എങ്ങനെ വളഞ്ഞ് ഉപരോധം സൃഷ്‌ടിക്കാമെന്നും ആ രാജ്യത്ത് എങ്ങനെ അധിനിവേശം നടത്താമെന്നുമാണ് ഈ സൈനിക അഭ്യാസത്തില്‍ ചൈന പരിശീലിക്കുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്.

പ്രകോപനം തുടർന്ന് ചൈന:തങ്ങള്‍ തായ്‌വാന്‍ തീരത്തിന് എത്ര അടുത്ത് വച്ചാണ് സൈനിക അഭ്യാസം നടത്തുന്നത് എന്ന് കാണിക്കാന്‍ വേണ്ടി പരിശീലനത്തില്‍ പങ്കെടുത്ത ഒരു സൈനിക പൈലറ്റെടുത്ത വീഡിയോ പിഎല്‍എ പുറത്തുവിട്ടു. തായ്‌വാന്‍ തീരവും മലകളും ഈ ദൃശ്യങ്ങളില്‍ അടുത്തായി കാണാം. ശനിയാഴ്‌ച മുതല്‍ ഓഗസ്റ്റ് 15 വരെ കൊറിയന്‍ ഉപഭൂഖണ്ഡത്തിനും ചൈനയ്‌ക്കും ഇടയില്‍ സ്ഥിതിചെയ്യുന്ന മഞ്ഞക്കടലിലും ലൈവ് ഫയര്‍ സൈനിക ഡ്രില്‍ നടത്തുമെന്ന് ചൈന അറിയിച്ചു.

സൈനിക അഭ്യാസത്തില്‍ തായ്‌വാന്‍റെ മുകളിലൂടെ ചൈനീസ് മിസൈലുകള്‍ പറന്നെന്നും ചൈനയുടെ ഔദ്യോഗിക വാര്‍ത്താ ചാനല്‍ റിപ്പോര്‍ട്ട് ചെയ്‌തു. ആദ്യമായാണ് ചൈന തായ്‌വാന് മുകളിലൂടെ മിസൈല്‍ പറത്തുന്നത്. അതേസമയം സൈനിക അഭ്യാസത്തില്‍ ഭയചകിതരായി ചൈനയ്‌ക്ക് മുന്നില്‍ കീഴടങ്ങില്ലെന്ന് തായ്‌വാന്‍ പ്രതിരോധ മന്ത്രാലയം പ്രതികരിച്ചു. ചൈനയുടെ സൈനിക അഭ്യാസത്തില്‍ യുഎസ് പ്രതിഷേധം അറിയിച്ചിട്ടുണ്ട്. യുഎസിലെ ചൈനീസ് അംബാസിഡറെ വിളിച്ച് വരുത്തിയാണ് യുഎസ് പ്രതിഷേധം അറയിച്ചത്.

ആഗോള പ്രതിസന്ധിയിലേക്ക്: കാലവസ്ഥ വ്യതിയാനം നേരിടുന്ന വിഷയത്തില്‍ യുഎസുമായുള്ള ചര്‍ച്ചയും യോജിച്ച നടപടികളും ചൈന പിന്‍വലിച്ചത് ആഗോള വ്യാപകമായി വലിയ പ്രത്യാഘാതമാണ് ഉണ്ടാക്കാന്‍ പോകുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്. ലോകത്തിലെ ഏറ്റവും വലിയ ഒന്നാമത്തേയും രണ്ടാമത്തേയും സമ്പദ്‌വ്യവസ്ഥകളായ യുഎസും ചൈനയും യോജിച്ച നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ലോകത്ത് കാലവസ്ഥ വ്യതിയാനം രൂക്ഷമാകുന്നത് തടയാന്‍ സാധിക്കില്ലെന്ന് വിദഗ്‌ധര്‍ വിലയിരുത്തുന്നു.

ലോകത്തില്‍ ഏറ്റവും കൂടുതല്‍ ഹരിതഗ്രഹ വാതകം പുറത്തുവിടുന്ന ഒന്നാമത്തെ രാജ്യം ചൈനയും രണ്ടാമത്തെ രാജ്യം യുഎസുമാണ്. ലോക നന്‍മയ്‌ക്ക് വേണ്ടി കാലവസ്ഥ വ്യതിയാനത്തെ അഭിമുഖീകരിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ ഇരു രാജ്യങ്ങളും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്‍റോണിയോ ഗുട്ടറസ് പ്രതികരിച്ചു. തായ്‌വാന്‍ വിഷയത്തില്‍ കഴിഞ്ഞ 30 വര്‍ഷത്തിനിടയിലെ ഏറ്റവും സംഘര്‍ഷാത്മകമായ സാഹചര്യമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. അമേരിക്ക ചൈന ബന്ധത്തിലുണ്ടായ വിള്ളല്‍ നീണ്ട കാലം നിലനില്‍ക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ABOUT THE AUTHOR

...view details