കേരളം

kerala

ETV Bharat / international

തകര്‍ന്നടിഞ്ഞ കെട്ടിടത്തിനുള്ളില്‍ നിന്നൊരു കുഞ്ഞുശബ്ദം ; പ്രതീക്ഷയുടെ പേരായി ആരിഫ് കാൻ, സങ്കടക്കാഴ്‌ചയായി മെസ്യൂട്ട് ഹാൻസറി - CHILDREN RESCUED FROM TURKEY EARTHQUAKE

തുർക്കിയിലും സിറിയയിലുമായി നാശം വിതച്ച ഭൂകമ്പത്തിൽ ആയിരത്തിലേറെ കുട്ടികൾ മരിച്ചിട്ടുണ്ടാകുമെന്നാണ് കണക്കാക്കുന്നത്

തുർക്കി ഭൂകമ്പം  തുർക്കി സിറിയ ഭൂചലനം  TURKEY EARTHQUAKE  പ്രതീക്ഷയുടെ പേരായി ആരിഫ് കാൻ  CHILD RESCUE IN TURKEY EARTHQUAKE  തുർക്കി  അരിഫ് കാൻ  തുർക്കി രക്ഷാപ്രവർത്തനം
പ്രതീക്ഷയുടെ പേരായി ആരിഫ് കാൻ

By

Published : Feb 8, 2023, 10:42 PM IST

അങ്കാറ :തുർക്കിയിലെ ഭൂകമ്പത്തിൽ വലിയ നാശം വിതച്ച നഗരമായിരുന്നു കഹ്‌റമൻമാരസ്. ഭൂകമ്പമുണ്ടായി രണ്ട് ദിവസങ്ങൾക്കിപ്പുറവും ജീവന്‍റെ ഒരു ഒരു കണമെങ്കിലും കണ്ടെത്താനുള്ള അശ്രാന്ത പരിശ്രമത്തിലാണ് രക്ഷാപ്രവർത്തകർ. ഇതിനിടെയാണ് തകർന്നൊരു അപ്പാർട്ട്മെന്‍റ് കെട്ടിടത്തിന്‍റെ അവശിഷ്‌ടങ്ങൾക്കിടയിൽ ഒരു കുഞ്ഞുശബ്‌ദം അവരുടെ ശ്രദ്ധയില്‍പ്പെടുന്നത്.

തകർന്ന കെട്ടിടത്തിനടിയിൽ മൂന്ന് വയസുകാരൻ ആരിഫ് കാനെ കണ്ട രക്ഷാപ്രവർത്തകർ ഒരു നിമിഷം സർവതും മറന്നു. എങ്ങനെയും കുഞ്ഞിനെ പുറത്തെത്തിക്കണം. ആരിഫിന്‍റെ ശരീരം കോണ്‍ക്രീറ്റ് സ്ലാബുകൾക്കുള്ളിൽ കുടുങ്ങിയതിനാൽ വളരെ ശ്രദ്ധാപൂർവമാണ് രക്ഷാപ്രവർത്തകർ അവനെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങൾ നടത്തിയത്.

കനത്ത തണുപ്പിൽ നിന്ന് രക്ഷനേടുന്നതിനായി അവന്‍റെ ശരീരത്തെ അവർ ഒരു പുതപ്പ് കൊണ്ട് മൂടി. ഒടുവിൽ മണിക്കൂറുകൾ നീണ്ട പ്രയത്നത്തിനൊടുവിൽ ആരിഫിനെ പുറത്തെത്തിച്ചു. കഹ്‌റാമൻമാരസിലെ പ്രതീക്ഷയുടെ പേര് ആരിഫ് കാൻ എന്ന് ലോകം ഉറക്കെ വിളിച്ചുപറഞ്ഞ നിമിഷങ്ങൾ.

ഭൂകമ്പം ബാക്കിവച്ച കെട്ടിടാവശിഷ്‌ടങ്ങൾക്കിടയിൽ നിന്ന് നിരവധി കുരുന്നുകളെയാണ് കഴിഞ്ഞ രണ്ട് ദിവസത്തിനിടെ രക്ഷാപ്രവർത്തകർ സുരക്ഷിതമായി പുറത്തെത്തിച്ചത്. ഭൂകമ്പമുണ്ടായി 30 മണിക്കൂറിന് ശേഷവും കെട്ടിടാവശിഷ്‌ടങ്ങൾക്കിടയിൽ നിന്ന് ജീവനോടെ പലരെയും പുറത്തെടുക്കാനായത് രക്ഷാപ്രവർത്തകർക്ക് ആത്മവിശ്വാസമേകുന്നുണ്ട്.

അരിഫ് കാനെ പുറത്തെത്തിച്ച് ഏതാനും മണിക്കൂറുകൾക്ക് ശേഷം അടിയമാൻ നഗരത്തിലുള്ള ഒരു വീടിന്‍റെ അവശിഷ്‌ടങ്ങൾക്കിടയിൽ നിന്ന് 10 വയസുകാരി ബെതുൽ ഈഡിസിനെയും രക്ഷാപ്രവർത്തകർ പുറത്തെടുത്തിരുന്നു. കരഘോഷത്തോടെയാണ് അവിടെ കൂടിയവർ അവളെ തിരികെ ജീവിതത്തിലേക്ക് വരവേറ്റത്. ആംബുലൻസിൽ കയറ്റുമ്പോൾ മുത്തച്ഛൻ അവളെ ചുംബിക്കുന്നതും സമാധാനിപ്പിക്കുന്നതുമായ മനോഹര കാഴ്‌ച ലോകം നിറകണ്ണുകളോടെയാണ് കണ്ടത്.

തിങ്കളാഴ്‌ച ഉച്ചതിരിഞ്ഞ് വടക്കുപറിഞ്ഞാറൻ സിറിയയിലെ ജിൻഡേരിസ് എന്ന പട്ടണത്തിലെ കെട്ടിടാവശിഷ്‌ടങ്ങൾക്കിടയിൽ നിന്ന് ഒരു നവജാത ശിശുവിനെ രക്ഷാപ്രവർത്തകർ പുറത്തെത്തിച്ചിരുന്നു. കെട്ടിടാവശിഷ്‌ടങ്ങൾക്കിടയിൽപ്പെട്ട് മരണപ്പെട്ട അമ്മയുമായി പൊക്കിൾക്കൊടി പോലും വേർപെടുത്താത്ത നിലയിലായിരുന്നു കുഞ്ഞിനെ കണ്ടെത്തിയത്.

പ്രസവിച്ച് മണിക്കൂറുകൾ പോലും തികയാത്ത കുരുന്നിനെ അത്‌ഭുതകരമായാണ് രക്ഷാപ്രവർത്തകർ പുറത്തെത്തിച്ചത്. അവിചാരിതമായുണ്ടായ ദുരന്തത്തിൽ തന്‍റെ ജീവൻ ബലിനൽകി കുഞ്ഞിന് സംരക്ഷണമൊരുക്കിയാണ് ആ അമ്മ മരണത്തെ സ്വാഗതം ചെയ്‌തത്. കെട്ടിടം തകർന്നപ്പോൾ കുടുംബത്തിൽ നിന്ന് രക്ഷപ്പെട്ട ഏക അംഗം ആ കുഞ്ഞായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു.

കുഞ്ഞനുജന് കവചം തീർത്ത് : ഇതിനിടെ പൊട്ടിവീണ കോണ്‍ക്രീറ്റിനടിയില്‍പ്പെട്ടിട്ടും സഹോദരന്‍റെ തലയ്ക്ക് സംരക്ഷണമൊരുക്കാന്‍ ശ്രമിക്കുന്ന പെണ്‍കുട്ടിയുടെ ചിത്രവും കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഏഴ് വയസ് മാത്രം പ്രായമുള്ള പെണ്‍കുട്ടിയാണ് 17 മണിക്കൂറോളം തന്‍റെ കുഞ്ഞു സഹോദരനെ പരിക്കേൽക്കാതെ കൈ കൊണ്ട് സംരക്ഷിച്ച് നിര്‍ത്തിയത്.

മകളോടൊപ്പം: ഒരോ ജീവനെയും കൈപിടിച്ച് കയറ്റാനായെന്ന സന്തോഷങ്ങൾക്കിടയിലും കഹറാമൻമറാഷിൽ ഭൂകമ്പത്തിൽ തകർന്നടിഞ്ഞ ബഹുനില കെട്ടിടത്തിന്‍റെ അവശിഷ്‌ടങ്ങൾക്കിടയിൽപ്പെട്ട് മരിച്ച മകളുടെ കൈപിടിച്ച് നിസഹായനായിരിക്കുന്ന പിതാവിന്‍റെ ചിത്രം ദുരന്തത്തിന്‍റെ ഭീകരത തുറന്ന് കാട്ടുന്നതായിരുന്നു.

15 വയസുകാരിയായ മകൾ ഇർമാക്കിന്‍റെ കൈയിൽ പിടിച്ചിരിക്കുന്ന പിതാവ് മെസ്യൂട്ട് ഹാൻസറിന്‍റേതായിരുന്നു ആ ചിത്രം. കെട്ടിടാവശിഷ്‌ടങ്ങൾക്കിടയിൽ തന്‍റെ പ്രിയപുത്രിയുടെ കരങ്ങൾ കണ്ടത് മുതൽ, ആ നിശ്ചലമായ കൈകളിൽ മുറുകെ പിടിച്ച് വിദൂരതയിലേക്ക് നോക്കിയിരിക്കുന്ന മെസ്യൂട്ട് തുർക്കിയുടെ സങ്കടക്കാഴ്‌ചയായി മാറി.

തുർക്കിയിലും സിറിയയിലുമുണ്ടായ ഭൂകമ്പത്തിൽ ആയിരത്തിലേറെ കുട്ടികൾ മരിച്ചിട്ടുണ്ടാവുമെന്നാണ് കണക്കാക്കുന്നത്. ലോകത്തെയാകെ ഞെട്ടിച്ച ഭൂകമ്പത്തിൽ മരണസംഖ്യ ഇതിനോടകം 11,000 പിന്നിട്ടു എന്ന കണക്കുകളാണ് പുറത്തുവരുന്നത്. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് വിവരം.

ABOUT THE AUTHOR

...view details