ഔഗാഡൗഗൗ:പശ്ചിമ ആഫ്രിക്കന്‍ രാജ്യമായ ബുർക്കിന ഫാസോയിലുണ്ടായ ഭീകരാക്രമണത്തില്‍ 22 പേർ കൊല്ലപ്പെട്ടു. കോസി പ്രവിശ്യയിലെ ബൗരാസോ പ്രദേശത്ത് ഞായറാഴ്‌ച വൈകിട്ടാണ് സംഭവം. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു.
സംഭവത്തെ അപലപിച്ച് ബൗക്കിൾ ഡു മൗഹൂൺ മേഖല ഗവർണർ ബാബോ പിയറി പിയറി ബാസിംഗ രംഗത്തെത്തി. ഭീരുത്വവും പ്രാകൃതവുമായ അക്രമമാണ് നടന്നതെന്ന് അദ്ദേഹം പ്രസ്‌താവനയില്‍ പറഞ്ഞു. സംഭവത്തിന് പിന്നിലെ ഭീകര സംഘടനെ സംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
ഭീകരാക്രമണം നിത്യസംഭവം:മുന്‍ വർഷങ്ങളിൽ അൽ - ഖ്വയ്‌ദ, ഇസ്ലാമിക് സ്റ്റേറ്റ് എന്നീ ഭീകര സംഘടനകളുമായി ബന്ധമുള്ള സംഘടനകള്‍ നടത്തിയ നിരവധി സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്‌തത്. ഈ ആക്രമണങ്ങള്‍ ആയിരക്കണക്കിന് ആളുകളുടെ ജീവനെടുത്തിരുന്നു. ഏകദേശം രണ്ടുദശലക്ഷം ആളുകളെ മാറ്റിപ്പാർപ്പിക്കുന്നതിനും ഈ സംഭവം ഇടയാക്കി.
2022 ജനുവരിയിൽ ബുർക്കിന ഫാസോയുടെ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്‍റിനെ സൈന്യം പുറത്താക്കിയിരുന്നു. രാജ്യം സുരക്ഷിതമാക്കുമെന്ന് വാഗ്‌ദാനം ചെയ്‌തായിരുന്നു ഈ നടപടി. എന്നാല്‍, സൈനിക നടപടിയ്‌ക്ക് ശേഷം അക്രമം വർധിക്കുന്നതായാണ് രാജ്യം കണ്ടത്.
ആംഡ് കോണ്‍ഫ്ലിറ്റ് ലൊക്കേഷന്‍ ആന്‍ഡ് ഇവന്‍റ് ഡാറ്റ പ്രൊജക്‌റ്റ് പുറത്തുവിട്ട കണക്കുപ്രകാരം ഫെബ്രുവരി മുതൽ മെയ് വരെയുള്ള കാലയളവിൽ 530-ലധികം അക്രമ സംഭവങ്ങൾ ഉണ്ടായി. 2021-ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 2022 ലേത് ഇരട്ടിയാവുകയായിരുന്നു. ജൂൺ ആദ്യ രണ്ടാഴ്‌ചയ്ക്കിടെ 12 ആക്രമണങ്ങളിൽ 135 പേരാണ് കൊല്ലപ്പെട്ടത്.