ഏഴ് ആഴ്‌ചകൾക്ക് മുൻപ് ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ലിസ് ട്രസ് അവരോധിക്കപ്പെടുമ്പോൾ എതിർ സ്ഥാനാർഥിയായിരുന്ന ഋഷി സുനകിന്‍റെ രാഷ്‌ട്രീയ ജീവിതത്തിന്‍റെ അവസാനമാണ് അതെന്ന് കൺസർവേറ്റീവ് പാർട്ടിയിലുള്ളവർ അടക്കം പലരും വിധിയെഴുതി. എന്നാൽ ഏഴ് ആഴ്‌ചകൾക്കിപ്പുറം ബ്രിട്ടന്‍റെ പ്രധാനമന്ത്രി പദത്തിന്‍റെ മധുരം നുണയാൻ ഒരുങ്ങുകയാണ് ഇന്ത്യൻ വംശജനായ 42കാരനായ ഋഷി സുനക്.
കാലത്തിന്‍റെ കാവ്യനീതി എന്ന് പറയുംപോലെയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി പദം ഋഷി സുനകിന്‍റെ കൈകളിലേക്കെത്തുന്നത്. 200 വർഷക്കാലം നമ്മെ ഭരിച്ച ബ്രിട്ടനെ നയിക്കാന്‍, കൊവിഡും യുക്രൈൻ യുദ്ധവും തകർത്ത ആ രാജ്യത്തിന്‍റെ സാമ്പത്തിക നില തിരിച്ചുപിടിക്കാൻ, ഒടുക്കം ഒരു ഇന്ത്യൻ വംശജൻ പ്രധാനമന്ത്രിയായെത്തുന്നു.
സ്വപ്‌നസമാന നേട്ടത്തിലേക്ക് ഋഷി സുനക്: ബോറിസ് ജോൺസൺ മന്ത്രിസഭയിൽ ധനമന്ത്രിയായിരുന്ന ഋഷി സുനക് രാജി വച്ചതോടെയാണ് പ്രധാനമന്ത്രി പദത്തിൽ നിന്നും കൺസർവേറ്റീവ് പാർട്ടി തലവൻ എന്ന സ്ഥാനത്ത് നിന്നും ബോറിസിന് പുറത്തേക്കുള്ള വഴിയൊരുങ്ങിയത്. ബോറിസിന് പകരക്കാരനായി മത്സരിക്കാൻ ഋഷി സുനക് മുന്നോട്ടുവന്നെങ്കിലും അവസാന കടമ്പയിൽ വലതുപക്ഷ സാമ്പത്തിക നിലപാടുകൾ മുന്നോട്ടുവച്ച ലിസ് ട്രസിനോട് തോറ്റ് പാർലമെന്‍റിന്‍റെ പിൻബെഞ്ചുകളിലേക്ക് മടങ്ങേണ്ടിവന്നു.
എന്നാൽ ബ്രിട്ടീഷ് രാഷ്‌ട്രീയം എത്രമാത്രം പ്രവചനാതീതമായി മാറിയിരിക്കുന്നു എന്നത് വ്യക്തമാക്കുന്നതായിരുന്നു വെറും 45 ദിവസം മാത്രം അധികാരത്തിലിരുന്നുകൊണ്ട് ഏറ്റവും കുറഞ്ഞകാലം ബ്രിട്ടൻ ഭരിച്ച പ്രധാനമന്ത്രി എന്ന ഖ്യാതിയുമായുള്ള ലിസ് ട്രസിന്‍റെ പടിയിറക്കം. രാജ്യത്തിന്‍റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ലിസ് ട്രസ് സർക്കാർ കൊണ്ടുവന്ന പരിഷ്‌കാരങ്ങളിലെ താളപ്പിഴയാണ് രാജിയിലേക്ക് നയിച്ചത്.
തുടർന്ന് പ്രധാനമന്ത്രിയാകാൻ ബോറിസും ഹൗസ് ഓഫ് കോമൺസ് നേതാവ് പെന്നി മോർഡൗണ്ടും എത്തിയെങ്കിലും ഋഷി സുനകിന് മാത്രമായിരുന്നു 100 കൺസർവേറ്റീവ് പാർട്ടി എംപിമാരുടെ പിന്തുണയെന്ന അടിസ്ഥാന യോഗ്യത ഉറപ്പിക്കാനായത്. 155 എംപിമാർ പിന്തുണച്ചതോടെ അദ്ദേഹം സൂര്യൻ അസ്‌തമിക്കാത്ത സാമ്രാജ്യത്തിന്‍റെ പ്രധാനമന്ത്രിയാകുന്നു. ഒക്‌ടോബർ 28ന് അദ്ദേഹം അധികാരമേൽക്കും.
ഋഷി സുനകിന്‍റെ ഇന്ത്യൻ വേരുകൾ : പഞ്ചാബിൽ ജനിച്ച്, ആദ്യം കിഴക്കൻ ആഫ്രിക്കയിലേക്കും തുടർന്ന് ബ്രിട്ടനിലേക്കും കുടിയേറിയവരാണ് ഋഷിയുടെ പൂർവികർ. ഇന്ത്യൻ വംശജരായ കിഴക്കൻ ആഫ്രിക്കയിൽ ജനിച്ച യശ്‌വീർ സുനകിന്‍റെയും ഉഷയുടെയും മൂത്തമകനായി 1980 മെയ് 12ന് ഇംഗ്ലണ്ടിന്‍റെ തെക്കൻ തീരത്തുള്ള സതാംപ്‌ടണിലായിരുന്നു സുനകിന്‍റെ ജനനം. 1960കളിലാണ് സുനകിന്‍റെ മാതാപിതാക്കൾ കിഴക്കൻ ആഫ്രിക്കയിൽ നിന്ന് യുകെയിലേക്ക് കുടിയേറുന്നത്.
പിതാവ് ഒരു പ്രാദേശിക ഡോക്‌ടറും മാതാവ് തെക്കൻ ഇംഗ്ലണ്ടിൽ ഫാർമസിസ്റ്റുമായിരുന്നു. ബ്രിട്ടനിലെ ഏറ്റവും മികച്ചതും ചെലവേറിയതുമായ ബോർഡിങ് സ്‌കൂളുകളിലൊന്നായ വിൻചെസ്റ്റർ കോളജിലായിരുന്നു സുനകിന്‍റെ സ്‌കൂൾ വിദ്യാഭ്യാസം. ഹൈസ്‌കൂളിന് ശേഷം ഓക്‌സ്ഫോർഡ് സർവകലാശാലയിൽ നിന്ന് രാഷ്‌ട്രീയം, തത്വചിന്ത, സാമ്പത്തികശാസ്ത്രം എന്നിവയിൽ ബിരുദം നേടി. തുടർന്ന് സ്റ്റാൻഫോർഡ് സർവകലാശാലയിൽ നിന്ന് എംബിഎ സ്വന്തമാക്കി.
ഗോൾഡ്‌മാൻ സാച്ച്സ് ഉൾപ്പടെയുള്ള ബാങ്കുകൾക്കും ഹെഡ്‌ജ് ഫണ്ടുകൾക്കും വേണ്ടി സുനക് പ്രവർത്തിച്ചിട്ടുണ്ട്. യുഎസിൽ ജോലി ചെയ്യുമ്പോഴായിരുന്നു ഇന്ത്യൻ വ്യവസായിയും ഇൻഫോസിസ് സഹസ്ഥാപകനുമായ നാരായണ മൂർത്തിയുടെ മകളെ കണ്ടുമുട്ടുന്നതും വിവാഹിതരാകുന്നതും. ഇരുവർക്കും രണ്ട് പെൺമക്കളുണ്ട്.