ലണ്ടൻ :ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ രാജിവച്ചു. കൺസർവേറ്റീവ് പാർട്ടി നേതൃസ്ഥാനവും ഒഴിഞ്ഞു. പുതിയ നേതാവിനെ തെരഞ്ഞെടുക്കുന്നതുവരെ കാവല്‍ പ്രധാനമന്ത്രിയായി തുടരുമെന്ന് അദ്ദേഹം അറിയിച്ചു.
'ലോകത്തെ ഏറ്റവും മികച്ച ജോലി ഉപേക്ഷിക്കുന്നതിൽ ഞാൻ എത്രമാത്രം ദുഃഖിതനാണെന്ന് നിങ്ങൾ അറിയണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. പുതിയ നേതാവും പുതിയ പ്രധാനമന്ത്രിയും ഉണ്ടാകണമെന്ന കൺസർവേറ്റീവ് പാർട്ടിയുടെ ആഗ്രഹം ഇപ്പോൾ വ്യക്തമാണ്. പുതിയ നേതാവിനെ തെരഞ്ഞെടുക്കുന്നതിനുള്ള നടപടിക്രമങ്ങൾ ഉടൻ ആരംഭിക്കും. തെരഞ്ഞെടുപ്പ് തീയതി അടുത്തയാഴ്‌ച പ്രഖ്യാപിക്കും. പുതിയ നേതാവ് വരുന്നതുവരെ പ്രവർത്തിക്കാൻ കാവല്‍ മന്ത്രിസഭയെ നിയോഗിച്ചിട്ടുണ്ട്' - ബോറിസ് ജോൺസൺ പറഞ്ഞു.
പ്രധാനമന്ത്രിയുടെ ഓഫിസായ 10 ഡൗണിങ് സ്ട്രീറ്റിൽ വച്ചായിരുന്നു ബോറിസ് ജോൺസന്‍റെ രാജിപ്രഖ്യാപനം. '2019ലെ പൊതുതെരഞ്ഞെടുപ്പിൽ അവിശ്വസനീയമായ ജനവിധിയാണ് ലഭിച്ചത്. ആ ജനവിധി നിലനിർത്താൻ കഴിഞ്ഞ കുറച്ചുദിവസങ്ങളായി താൻ കഠിനമായി പോരാടി. കാരണം, 2019ൽ ഞങ്ങൾ നൽകിയ വാഗ്‌ദാനങ്ങള്‍ നിറവേറ്റണമെന്നത് കടമയായിരുന്നു.
ആഭ്യന്തരമായും അന്തർദേശീയമായും രാജ്യത്തെ സാമ്പത്തിക മേഖല വളരെയധികം ബുദ്ധിമുട്ട് അനുഭവിക്കുന്ന ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. ഈ സമയത്ത് ഇത്രയും വലിയ അധികാരമുള്ള സർക്കാരിനെ മാറ്റുന്നത് വിചിത്രമായിരിക്കുമെന്ന് തന്‍റെ സഹപ്രവർത്തകരെ ബോധ്യപ്പെടുത്താൻ ശ്രമിച്ചു
എന്നാൽ അതില്‍ വിജയിക്കാൻ സാധിക്കാത്തതിൽ ഞാൻ ഖേദിക്കുന്നു. തീർച്ചയായും എന്‍റെ നിരവധി ആശയങ്ങളും പദ്ധതികളും നിറവേറാത്തത് വേദനാജനകമാണ്. വെസ്റ്റ്മിൻസ്റ്ററിൽ കണ്ടതുപോലെ പാർട്ടിയിൽ കന്നുകാലി സഹജാവബോധം ശക്തമാണ്. രാഷ്‌ട്രീയത്തിലെ എന്‍റെ സുഹൃത്തുക്കൾക്ക് ആരും ഒഴിച്ചുകൂടാത്തവരായില്ല. നമ്മുടെ ഡാർവീനിയൻ സംവിധാനം ഈ രാജ്യത്തെ പ്രതിസന്ധി ഘട്ടങ്ങളിൽ മുന്നോട്ട് കൊണ്ടുപോകാൻ പ്രതിജ്ഞാബദ്ധനായ മറ്റൊരു നേതാവിനെ കണ്ടെത്തും' - ബോറിസ് ജോൺസൺ പറഞ്ഞു.
Also Read: പ്രതിസന്ധി രൂക്ഷം ; ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പുറത്തേക്ക്
ഒക്‌ടോബറിൽ നടക്കാനിരിക്കുന്ന കൺസർവേറ്റീവ് പാർട്ടി കോൺഫറൻസ് വേളയിലാണ് പുതിയ നേതാവിനെ തെരഞ്ഞെടുക്കുന്നത്. അതുവരെ ബോറിസ് ജോൺസൺ കാവൽ പ്രധാനമന്ത്രിയായി തുടരും. 2019ലാണ് 58കാരനായ ജോൺസൺ വീണ്ടും പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടത്.