കേരളം

kerala

ETV Bharat / international

പ്രതിസന്ധി രൂക്ഷം ; ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പുറത്തേക്ക്

പ്രധാനമന്ത്രി പദവും കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതൃസ്ഥാനവും ഒഴിയാന്‍ ബോറിസ് ജോണ്‍സണ്‍ ; ബ്രിട്ടണില്‍ തെരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നു

Boris Johnson agrees to resign  Boris Johnson resigns  UK PM resigns  UK PM conservative party election  ബ്രിട്ടീഷ് പ്രധാനമന്ത്രി പദം ബോറിസ് ജോൺസൺ രാജി വയ്ക്കുന്നു  ബോറിസ് ജോൺസൺ രാജി കൺസർവേറ്റീവ് പാർട്ടി തെരഞ്ഞെടുപ്പ്
ബ്രിട്ടീഷ് പ്രധാനമന്ത്രി പദം രാജി വയ്ക്കാനൊരുങ്ങി ബോറിസ് ജോൺസൺ

By

Published : Jul 7, 2022, 4:33 PM IST

ലണ്ടൻ : ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനം രാജിവയ്ക്കാനൊരുങ്ങി ബോറിസ് ജോൺസൺ. കൺസർവേറ്റീവ് പാർട്ടി നേതൃസ്ഥാനവും ഒഴിയുമെന്നും ബോറിസ് ജോൺസൺ അറിയിച്ചു. ബ്രിട്ടണിലെ രാഷ്‌ട്രീയ പ്രതിസന്ധി അവസാനിച്ച് പുതിയ പ്രധാനമന്ത്രിക്കായുള്ള തെരഞ്ഞെടുപ്പിനാണ് ഇതോടെ കളമൊരുങ്ങുക.

ഒക്‌ടോബറിൽ നടക്കാനിരിക്കുന്ന കൺസർവേറ്റീവ് പാർട്ടി കോൺഫറൻസ് വേളയിൽ പുതിയ നേതാവിനെ തെരഞ്ഞെടുക്കുന്നതുവരെ ബോറിസ് ജോൺസൺ പ്രധാനമന്ത്രി പദത്തിൽ തുടരും. ഇതുസംബന്ധിച്ച് ബോറിസ് ജോൺസൺ ഇന്ന് മാധ്യമങ്ങളെ കാണുമെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു.

ദിവസങ്ങൾ നീണ്ട നാടകീയതകൾക്കും രാഷ്‌ട്രീയ പ്രതിസന്ധികൾക്കും പിന്നാലെ മന്ത്രിമാരുടെ കൂട്ടരാജിയെ തുടർന്നാണ് പ്രധാനമന്ത്രി പദം ഒഴിയാൻ ബോറിസ് ജോൺസൺ തീരുമാനിച്ചത്. വിവാദങ്ങൾ ഒഴിയാതെ പിന്തുടരുന്നതിനിടെ മന്ത്രിമാരുടെ രാജി കനത്ത തിരിച്ചടിയാണ് ബോറിസ് ജോൺസണിന് ഏൽപ്പിച്ചത്. പുതുതായി സ്ഥാനമേറ്റെടുത്ത ആരോഗ്യ മന്ത്രി നദീം സഹാവിയും, പ്രധാനമന്ത്രി പദം ഒഴിയണമെന്ന് ബോറിസിനോട് ആവശ്യപ്പെട്ടിരുന്നു.

ലൈംഗിക പീഡന പരാതികളിൽ ആരോപണ വിധേയനായ ക്രിസ് പിഞ്ചറെ ബോറിസ് ജോൺസൺ ചീഫ് വിപ്പായി നിയമിച്ചിരുന്നു. ഇത് വിവാദമായതിന് പിന്നാലെ പിഞ്ചറെ സ്ഥാനത്ത് നിന്നും നീക്കി. ഇക്കാര്യത്തിൽ ബോറിസ് ജോൺസൺ മാപ്പ് പറഞ്ഞതിന് പിന്നാലെയാണ് മന്ത്രിസഭയിൽ കൊഴിഞ്ഞുപോക്ക് ആരംഭിച്ചത്. 50ഓളം മന്ത്രിമാർ രാജി വച്ചതിനെ തുടർന്നാണ് നദീം സഹാവി രാജിവയ്ക്കാൻ ബോറിസിനോട് ആവശ്യപ്പെട്ടത്.

ഇതിനുമുൻപ് ഉണ്ടായ പാർട്ടി ഗേറ്റ് വിവാദവും സ്വന്തം പാളയത്തിൽ നിന്നുതന്നെ ബോറിസിനെതിരെ ശബ്‌ദമുയരുന്നതിന് കാരണമായി. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് പാർട്ടി നടത്തിയതുമായി ബന്ധപ്പെട്ട പാർട്ടിഗേറ്റ് വിവാദം അവിശ്വാസ വോട്ടെടുപ്പിന് വരെ കാരണമായി. എന്നാൽ അവിശ്വാസ വോട്ടെടുപ്പിൽ നിന്ന് ജോൺസൺ കഷ്‌ടിച്ച് രക്ഷപ്പെടുകയാണുണ്ടായത്.

2019ലാണ് 58കാരനായ ജോൺസൺ വീണ്ടും പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടത്. ബോറിസിന്‍റെ രാജി കൺസർവേറ്റീവ് പാർട്ടിക്കുള്ളിൽ കടുത്ത നേതൃത്വ പോരാട്ടത്തിന് വഴിയൊരുക്കും. 1922ലെ കമ്മിറ്റിയാണ് പുതിയ നേതൃത്വത്തെ തെരഞ്ഞെടുക്കുന്നതിനുള്ള ടൈംടേബിൾ ക്രമീകരിക്കുന്നത്.

തെരഞ്ഞെടുപ്പിൽ പങ്കെടുക്കാൻ ഒരു പാർട്ടി എംപിയെ എട്ട് പേർ ചേർന്ന് നോമിനേറ്റ് ചെയ്യണം. രണ്ടിൽ കൂടുതൽ എംപിമാർ നേതൃസ്ഥാനത്തേക്ക് ആവശ്യമായ നോമിനേഷനുകൾ ഉറപ്പിച്ചാൽ അവരിൽ നിന്നും പാർട്ടി നേതാവിനെ തെരഞ്ഞെടുക്കാൻ രഹസ്യ ബാലറ്റുകൾ ക്രമീകരിക്കും.

യുകെ അറ്റോർണി ജനറൽ സുല്ല ബ്രാവർമാൻ മന്ത്രിസഭയിൽ നിന്ന് രാജി വയ്ക്കില്ലെന്ന് തീരുമാനിച്ചിരുന്നു. എന്നാൽ ബോറിസ് ജോൺസണിന് നൽകിവന്നിരുന്ന പിന്തുണ പിൻവലിക്കുകയും അടുത്ത കൺസർവേറ്റീവ് പാർട്ടി നേതാവും ഭാവി പ്രധാനമന്ത്രിയുമായി ചുമതലയേൽക്കുന്നതിനുള്ള താത്പര്യം അറിയിക്കുകയും ചെയ്‌തു. ഇതുവരെ താൻ ബോറിസ് ജോൺസണിനെ പിന്തുണച്ചിരുന്നുവെന്നും ബ്രെക്‌സിറ്റ് കരാറിലെ അവശേഷിക്കുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള ഇടപെടൽ നടത്താൻ താൻ ആഗ്രഹിക്കുന്നുവെന്നും ബ്രെക്‌സിറ്റ് അനുകൂലി കൂടിയായ സുല്ല അറിയിച്ചു.

നേതൃസ്ഥാനത്തേക്ക് മത്സരിക്കുന്നുവെന്ന് ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ച ഏക പാർട്ടി എംപിയാണ് 42കാരിയായ ബ്രാവർമാൻ. സഹാവി, വിദേശകാര്യ സെക്രട്ടറി ലിസ് ട്രസ്, സുനക്, മുൻ ആരോഗ്യ സെക്രട്ടറി സാജിദ് ജാവിദ് എന്നിവരും തെരഞ്ഞെടുപ്പിൽ പങ്കെടുത്തേക്കും എന്നാണ് വരുന്ന റിപ്പോർട്ടുകൾ. യുകെ പ്രതിരോധ സെക്രട്ടറി ബെൻ വാലസും ഇന്ത്യൻ വംശജയായ പ്രീതി പട്ടേലും നേതൃസ്ഥാനത്തേക്ക് മത്സരിച്ചേക്കുമെന്ന് സൂചനയുണ്ട്.

ABOUT THE AUTHOR

...view details