ന്യൂഡല്‍ഹി :ബിപര്‍ജോയ് ചുഴലിക്കാറ്റ് (Biparjoy Cyclone) ശക്തിപ്രാപിച്ച് അതിതീവ്ര ചുഴലിക്കാറ്റായി മാറിയതായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. അതിവേഗത്തിലാണ് നിലവില്‍ ചുഴലിക്കാറ്റ് ശക്തിപ്രാപിക്കുന്നതെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇപ്പോഴുള്ള സാഹചര്യത്തില്‍ വടക്കോട്ട് നീങ്ങുന്ന ചുഴലിക്കാറ്റ് ജൂണ്‍ 15ന് പാകിസ്ഥാന്‍, സൗരാഷ്‌ട്ര, കച്ച് തീരങ്ങളിലേക്കും എത്തുമെന്നാണ് ഐഎംഡി (IMD) വിലയിരുത്തുന്നത്.
ഈ സാഹചര്യത്തില്‍ അടുത്ത അഞ്ച് ദിവസങ്ങളില്‍ ഗുജറാത്തില്‍ ശക്തമായ ഇടിമിന്നലുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. സൗരാഷ്‌ട്ര കച്ച് മേഖലകളില്‍ കാറ്റിന്‍റെ വേഗതയും ശക്തിയും ഉയരും. കൂടാതെ വരുന്ന വ്യാഴാഴ്‌ച (ജൂണ്‍ 15) വരെ ഈ മേഖലയില്‍ കടല്‍ പ്രക്ഷുബ്‌ധമായിരിക്കുമെന്നും കാലാവസ്ഥ വകുപ്പിന്‍റെ അറിയിപ്പുണ്ട്.
ചുഴലിക്കാറ്റ് അതിവേഗം ശക്തിപ്രാപിക്കുന്ന സാഹചര്യത്തില്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നാണ് നിര്‍ദേശം. ഗുജറാത്ത്, കേരളം, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളിലാണ് മത്സ്യബന്ധനത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കടലില്‍ പോയവരോട് തിരികെ വരാനും ഇതിനോടകം തന്നെ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജൂണ്‍ 14 വരെയാണ് കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
നിലവില്‍ 140-160 വരെ വേഗത്തിലാണ് ബിജര്‍പോയ് ചുഴലിക്കാറ്റ് വീശുന്നതെന്നാണ് റിപ്പോര്‍ട്ട്. ചില സമയങ്ങളില്‍ ഇതിന്‍റെ വേഗത മണിക്കൂറില്‍ 180 കിലോമീറ്ററിലേക്കും എത്തുന്നുണ്ട്. ഇതിന്‍റെ പശ്ചാത്തലത്തില്‍ കനത്ത ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.
ഈ സാഹചര്യത്തില്‍, സംസ്ഥാന സര്‍ക്കാരുകള്‍ സ്ഥിതിഗതികള്‍ സൂക്ഷ്‌മമായി തന്നെ നിരീക്ഷിക്കണമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉചിതമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും നിര്‍ദേശമുണ്ട്. ജില്ല ഭരണകൂടത്തിന്‍റെ നേതൃത്വത്തിലാകും ഇതിന് വേണ്ട നടപടികള്‍ സ്വീകരിക്കുക.